കൊച്ചി- പോലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഇരട്ട നരബലി കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഭഗവല്‍ സിംഗിനെയും ലൈലയെയും ഇലന്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായിട്ടില്ല. ഫോണ്‍ എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം സൈബര്‍ തെളിവുകളും ശേഖരിക്കുന്നുണ്ട്.
പ്രതി ഷാഫിക്ക് ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ തേടുകയാണ് സൈബര്‍ അന്വേഷണ സംഘം.






