കോവിഡാനന്തര കാലം വേദനപ്പിക്കുന്ന നിരവധി വേർപാടുകളുടെ സമയം കൂടിയായിരുന്നു. തലശ്ശേരിയിലുള്ള അടുത്ത ബന്ധുക്കളിൽ ചിലരും വിട പറഞ്ഞു. മാസങ്ങൾക്കപ്പുറം ഒരു ഇളയമ്മയുടെ ഖബറടക്കം കഴിഞ്ഞ് തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു വരികയായിരുന്നു. ഓടത്തിൽ പള്ളി കോമ്പൗണ്ടിൽ കയറിയത് മുതൽ ഫോൺ സൈലന്റിലായിരുന്നു. ഒരു മണിക്കൂറോളമെടുത്ത് ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ നാലഞ്ച് മിസ്ഡ് കോളുകൾ. എല്ലാം ഒരേ നമ്പറിൽ നിന്ന്. പ്രവാസം മതിയാക്കി നാട്ടിലെത്തി ഫറോക്കിൽ സ്ഥിരതാമസമാക്കിയ പ്രൊഫ. അബ്ദുൽ അലിയുടേതായിരുന്നു ഈ കോളുകൾ. ഉടൻ തന്നെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചെല്ലാം സംസാരിച്ചു. ഏറെ വൈകാതെ നമുക്കൊന്നിരിക്കാമെന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. ജിദ്ദ അൽ നൂർ സ്കൂളിലെ പ്രിൻസിപ്പൽ കാബിനിലിരുന്ന് മണിക്കൂറുകളോളം സംസാരിച്ച് മലയാളം ന്യൂസിൽ എഴുതിയതോർത്തു. സമൂഹ നന്മ മാത്രം ലാക്കാക്കി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അലി മാഷുടെ എത്ര സ്റ്റോറികൾ ചെയ്താലും അധികമാവില്ല. അടുത്ത ദിവസം പത്രത്തിന്റെ പിഡിഎഫ് ലഭിച്ചപ്പോൾ വെള്ളിയാഴ്ചയിലെ കുടുംബം ഫീച്ചറിലതാ കിടക്കുന്നു അര പേജിൽ സമഗ്രമായ കവറേജ്. ദോഹയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ അമാനുല്ല വടക്കാങ്ങരയാണ് അതെഴുതിയത്. പ്രൊഫസർ പങ്കെടുത്ത ചടങ്ങുകളുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. അടുത്ത ദിവസം അദ്ദേഹവുമായി വീണ്ടും ബന്ധപ്പെട്ടു. കുറച്ചു കഴിയട്ടെ, വായനക്കാർ ഇതൊന്ന് മറന്നിട്ടാവാം നമ്മുടെ കൂടിക്കാഴ്ചയെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതിനുള്ള അവസരം കാത്തിരിക്കുകയുമായിരുന്നു. അപ്പോഴാണ് ഏതാനും ദിവസങ്ങൾ മുമ്പ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അവിടേക്ക് കുതിച്ചു. ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ കഴിയുന്ന പ്രൊഫസറെ വാർഡിലേക്ക് മാറ്റുന്നത് കാത്തിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ അലി മാഷ് വിട പറഞ്ഞ വിവരമറിയുന്നത്. ഖത്തറിൽ നിന്ന് എഡിറ്റോറിയൽ പേജിൽ എഴുതുന്ന ചിന്തകനെ പത്രം തുടങ്ങുന്ന കാലത്തേ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് അദ്ദേഹത്തിന്റെ തട്ടകം ജിദ്ദയായി മാറുന്നത്. ഇന്ത്യക്ക് വെളിയിൽ ഏറ്റവും കൂടുതൽ മലയാളി പ്രവാസികളുള്ള നഗരമെന്ന ഖ്യാതി ജിദ്ദയ്ക്കുണ്ടായിരുന്ന സുവർണ കാലഘട്ടത്തിലാണ് അലി മാഷ് ജിദ്ദയിലെത്തുന്നത്. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികളുള്ളത് മുംബൈ മഹാനഗരത്തിൽ. ഇതൊരു ഘട്ടത്തിൽ ഇരുപത് ലക്ഷം വരെയായിരുന്നു. ജിദ്ദ ആസ്ഥാനമായ സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ അഞ്ചു ലക്ഷത്തിനടുത്ത് മലയാളികൾ അധിവസിച്ചിരുന്നുവെന്നാണ് കണക്ക്. മിക്കവരും ജിദ്ദ നഗരത്തിൽ തന്നെ. അതു കൊണ്ടു തന്നെ മലയാളി സാംസ്കാരിക രംഗം വളരെ സജീവവുമായിരുന്നു. മലയാളി സംഗമ കേന്ദ്രമായിരുന്ന ഷറഫിയയിലെ അര ഡസൻ ഹാളുകളിലെങ്കിലും എന്തെങ്കിലും പരിപാടികൾ കാണും. ഒരു സീസണിലെ ട്രെൻഡ് സെമിനാറുകളും സിമ്പോസിയങ്ങളുമായിരുന്നു. വേഷംകെട്ടൊന്നുമില്ലെങ്കിലും മായം ചേർക്കാത്ത ചരിത്രം പ്രതിപാദിക്കുന്ന പ്രൊഫസറെ ജിദ്ദ സമൂഹം അങ്ങേറ്റെടുക്കുകയായിരുന്നു. ഇപ്പോൾ കഥാവശേഷമായ ഷറഫിയയിലെ ഇംപാല ഹോട്ടൽ പരിസരത്ത് വെച്ച് നിരവധി രാത്രികളിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണെങ്കിൽ സംഘാടകർ അലി മാഷെ വിടുന്ന പ്രശ്നമേയില്ല. സെമിനാറെന്ന് പേരിട്ട് വിളിക്കുന്ന ചർച്ചകളുടെ മോഡറേറ്ററുടെ റോളിലും അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
ജിദ്ദയിലെ മലയാളി സംരംഭകർ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിജയം കൈവരിച്ച മേഖലയായിരുന്നു ചെറുകിട ആശുപത്രികളായ പോളിക്ലിനിക്കുകളുടെ നടത്തിപ്പ്. ഇരുന്നൂറ് ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ള മഹാ നഗരത്തിന്റെ പല ഭാഗത്തായി പോളിക്ലിനിക്കുകൾ ഉയർന്നു വന്നു.
സംരംഭകർ ഒതുങ്ങിക്കഴിഞ്ഞില്ല. ഫാമിലി വിസയിൽ ധാരാളം മലയാളി കുടുംബങ്ങൾ ജിദ്ദയിലേക്ക് പ്രവഹിച്ചുകൊണ്ടേയിരുന്നു. എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാൻ എംബസി മുൻകൈയെടുത്ത് നടത്തുന്ന ഇന്ത്യൻ സ്കൂളുകൾക്ക് കഴിയുമായിരുന്നില്ല. വാണിജ്യ സാധ്യത മുന്നിൽ കണ്ട് സംരംഭകർ ധാരാളം സ്വകാര്യ സ്കൂളുകൾക്ക് തുടക്കം കുറിച്ചു. ജിദ്ദയിൽ അക്കൂട്ടത്തിൽ പിറവിയെടുത്ത ആദ്യ ഏതാനും വിദ്യാലയങ്ങളിലൊന്നാണ് റുവൈസ് ഡിസ്ട്രിക്റ്റിൽ പ്രവർത്തിച്ചിരുന്ന അൽനൂർ ഇന്റർനാഷണൽ സ്കൂൾ. എണ്ണം കൂടുമ്പോൾ രക്ഷിതാക്കൾ ഗുണനിലവാരത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നറിയാവുന്നതിനാൽ വിദ്യാലയങ്ങളെ നയിക്കാൻ ഏറ്റവും പ്രഗത്ഭരെ കൊണ്ടുവരുന്ന കാര്യത്തിലും സംഘാടകർ മത്സരിച്ചു. അങ്ങനെയാണ് അൽ നൂർ സ്കൂൾ മാനേജ്മെന്റ് പ്രൊഫ. അബ്ദുൽ അലിയെ കൊണ്ടുവരുന്നത്. മലപ്പുറം ജില്ലയിലെ എണ്ണം പറഞ്ഞ കലാലയമായ തിരൂരങ്ങാടി പോക്കർ സഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിലെ ഹിസ്റ്ററി പ്രൊഫസറും ദോഹയിലും മനാമയിലും നമ്പർ വൺ സ്കളുകളെ നയിക്കുകയും ചെയ്ത മാഷെ ക്ഷണിച്ചു കൊണ്ടുവന്നതങ്ങനെ. ബഹ്റൈനിലെ ബിൻ അൽ ഹയ്ത്തം ഇസ്ലാമിക് സ്കൂൾ, ഖത്തർ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലാണ് അദ്ദേഹം നേരത്തെ പ്രവർത്തിച്ചത്.
എം.ബി.എ മാനേജ്മെന്റ് സ്കില്ലുള്ള യുവ നേതൃത്വമായിരുന്നു ജിദ്ദ അൽനൂർ സ്കൂളിന്. ആദ്യം ചേരുന്ന നൂറ് കുട്ടികൾക്ക് ഫീസ് സൗജന്യമെന്നൊക്കെ തുടക്കത്തിൽ പരസ്യപ്പെടുത്തി. ബിരുദാനന്തര ബിരുദമുള്ള അധ്യാപനത്തിൽ നല്ല അഭിരുചിയുള്ള ഒരു സംഘം അധ്യാപകരും പ്രഗത്ഭരായ നോൺ ടീച്ചിംഗ് സ്റ്റാഫും. മലയാളികളുടെ താമസ കേന്ദ്രങ്ങളായ ബലദ്, റുവൈസ്, ഫൈസലിയ, ബാഗ്ദാദിയ എല്ലാം വിൡപ്പാടകലെ. ചുരുങ്ങിയ കാലം കൊണ്ട് സ്വകാര്യ വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്കൂളിലെത്താൻ കഴിഞ്ഞു. അപ്പോഴൊരു പ്രശ്നം. മാനേജ്മെന്റ് ഓരോ ക്ലാസിലേക്കും ഫീസുകൾ നിർണയിച്ചിട്ടുണ്ട്. എന്നാലല്ലേ നിക്ഷേപകർക്ക് കൃത്യമായി ഡിവിഡന്റ് നൽകാനാവൂ. അതേസമയം, രക്ഷിതാക്കൾ കഷ്ടപ്പാടിന്റെ കാര്യം പറഞ്ഞാൽ ഫീസ് ഇളവ് അനുവദിച്ചു കൊടുക്കുന്ന കാര്യത്തിൽ അലി മാഷ് ഒട്ടും പിശുക്ക് കാണിച്ചതുമില്ല. ഇതേക്കുറിച്ച് സ്വകാര്യ സംഭാഷണത്തിൽ സ്കൂൾ നടത്തിപ്പുകാരിലൊരാൾ പറഞ്ഞത് പ്രൊഫസറെന്താ ജിദ്ദയിലെ കാറൽ മാർക്സ് ആണോ എന്നായിരുന്നു. അതായിരുന്നു പ്രൊഫ. അബ്ദുൽ അലി എന്ന ചരിത്ര പണ്ഡിതന്റെ നീതി ബോധം.
ജിദ്ദയിൽ അൽനൂർ സ്കൂൾ പ്രിൻസിപ്പൽ ആയി അലി മാഷ് പ്രവർത്തിച്ച ഘട്ടത്തിൽ ഭാര്യ പ്രൊഫസർ ബീപാത്തു അവിടെ അധ്യാപികയായിരുന്നു. ബീപാത്തു ടീച്ചർ പി.എസ്.എം.ഒ കോളേജ് മലയാളം ഡിപ്പാർട്മെന്റ് ഹെഡ് ആയിരിക്കുമ്പോഴാണ് ഇരുവരും വിവാഹിതരായത്.
ജിദ്ദയിലെത്തിയ കാലത്തൊക്കെ നല്ല ആഹ്ലാദത്തോടെയാണ് മാഷും ടീച്ചറും കാണപ്പെട്ടിരുന്നത്. മൂത്ത മകൾ ആയിഷ സ്മിതയുടെ അസുഖവും തുടർന്നുണ്ടായ മരണവും അവരെ തളർത്തിയിരുന്നു. പെൺകുട്ടികളെ വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉത്തമ മാതൃകയാണ് അദ്ദേഹം സൃഷ്ടിച്ചത്. ജിദ്ദ അൽ നൂർ സ്കൂൾ ഗേൾസ് സെക്ഷനിൽ അക്കാലത്ത് സംഘടിപ്പിച്ച ആന്റിക്സ്- ആർക്കൈവ്സ് പ്രദർശനത്തിലൊക്കെ ഈ കാഴ്ചപ്പാട് പ്രകടമായിരുന്നു. പിന്നോക്ക വിഭാഗമെന്ന പേര് മാറ്റിയെടുക്കാൻ അടുക്കളയിൽ നിന്ന് പ്രവർത്തിച്ചു തുടങ്ങണമെന്നതായിരുന്നു അബ്ദുൽ അലിയുടെ വീക്ഷണം.






