മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കൊല്ലാൻ കാരണം ബീഡി മണമെന്ന് പോലീസ്

മലപ്പുറം - മഞ്ചേരിയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊല്ലാനിടയാക്കിയത് പുകവലിച്ചതിനെച്ചൊല്ലിയുള്ള തർക്കം മൂത്തെന്ന് പോലീസ്. കഴിഞ്ഞദിവസം മഞ്ചേരിക്കടുത്ത മേലാക്കത്താണ് 65-കാരനായ നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെ ഭാര്യ നഫീസ കറിക്കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. 
 ഭർത്താവ് ബീഡി വലിച്ചതിന്റെ മണം ഭാര്യയ്ക്ക് പിടിച്ചില്ലത്രെ. ഇതേ തുടർന്നുള്ള തർക്കം മൂത്ത് ഭാര്യ കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് കുഞ്ഞിമുഹമ്മദിനെ കുത്തുകയായിരുന്നുവെന്ന് കേസ് അന്വേഷിച്ച മഞ്ചേരി സി.ഐ റിയാസ് ചാക്കീരി മലയാളം ന്യൂസിനോട് പറഞ്ഞു.
 പുറത്തേക്കുള്ള കുത്ത് ആഴത്തിൽ നേരെ ലെൻസിനാണ് കൊണ്ടത്. ഇതാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. ഇവർ തമ്മിൽ വീട്ടിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടെന്നും ബോധപൂർവ്വം തന്നെയാണ് കുത്തിയതെന്നുമാണ് പോലീസ് നിഗമനം. 
  സംഭവത്തിൽ ഭാര്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം താൻ ചെയ്തതാണെന്ന് 56-കാരിയായ നഫീസ മൊഴി നൽകിയതായും പോലീസ് പറഞ്ഞു. അതേസമയം, നഫീസയ്ക്ക് മാനസികരോഗപ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്ന് ശ്രദ്ധയിൽ പെട്ടില്ലെന്നും കൊലപാതകം ബോധപൂർവ്വമാണെന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ മറുപടി.

കൂടുതൽ വാർത്തകൾക്കായി ഇവിടെ ക്ലിക് ചെയ്ത് മലയാളം ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക

  വീട്ടിൽ ഇരുവരും തമ്മിൽ മിക്കദിവസങ്ങളിലും വഴക്കുണ്ടാവാറുണ്ടെന്ന് അയൽവാസികളും പറയുന്നു. കഴിഞ്ഞദിവസവും ഇപ്രകാരമുണ്ടായ വഴക്കാണ് ഭാര്യയുടെ കുത്തിലൂടെ ഭർത്താവിന്റെ ജീവനപഹരിക്കാൻ ഇടയാക്കിയത്. ബഹളം കേട്ടെത്തിയ അയൽവാസികളാണ് കുത്തേറ്റനിലയിൽ ജീവനുവേണ്ടി പിടയുന്ന കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഓടിക്കൂടിയ അയൽവാസികൾ ഉടനെ രക്തം പുരണ്ട കുഞ്ഞിമുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികൾക്ക് നാലു മക്കളുണ്ട്. കുത്തിൽ കുഞ്ഞഹമ്മദിന്റെ ലെൻസിനു ആഴത്തിലുള്ള പരുക്കാണുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് കുത്താനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാക്കും.

Latest News