തിരുവനന്തപുരം- മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയ കോടതി വിധിയെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.
മനഃപൂര്‍വമുള്ള നരഹത്യക്കുറ്റം ഒഴിവാക്കി അശ്രദ്ധമായ നരഹത്യാ കുറ്റം മാത്രമാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ തീരുമാനം അങ്ങേയറ്റം അപലപനീയവും നീതി നിഷേധവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലെന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. അപകടം നടന്ന് 18 മണിക്കൂറിന് ശേഷമാണ് രക്തപരിശോധന നടത്തിയത്. ആശുപത്രിയിലെത്തിയ ശ്രീറാം രക്തപരിശോധനയ്ക്ക് തയ്യാറായില്ലെന്നതുള്‍പ്പെടെയുള്ള സാക്ഷികളുടെ മൊഴികള്‍ പരിഗണിക്കാതെയാണ് കോടതി തീരുമാനമെടുത്തത്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും അപകടം നടന്ന ദിവസം മുതല്‍ പോലീസും ഐ.എ.എസ് ലോബിയും ശ്രമിച്ചതിന്റെ തെളിവുകള്‍ കോടതി പരിഗണിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി മനഃപൂര്‍വമായ നരഹത്യാ കുറ്റം ചുമത്താന്‍ തയ്യാറാകണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.