കോട്ടയം- ജനപ്രിയ ഡിറ്റക്ടീവ് നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് (80) അന്തിച്ചു. മുന്നൂറിലേറെ കുറ്റാന്വേഷണ, അപസര്‍പ്പക നോവലുകള്‍ രചിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനായിരുന്ന പുഷ്പനാഥ് ജോലിയില്‍ നിന്ന് സ്വയം വിരമിച്ചാണ് കഥയെഴുത്തുകാരനായി മാറിയത്. ഒരു കാലത്ത് കേരളത്തിലെ വായനക്കാരുടെ ഹരമായിരുന്ന പുഷ്പനാഥിന്റെ കഥകള്‍ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഒരു കാലത്ത് മലയാളത്തിലെ ജനപ്രിയ ആഴ്ചപ്പതിപ്പുകളുടെ ഒഴിച്ചു കൂടാനാവാത്ത വിഭവമായിരുന്നു പുഷ്പനാഥിന്റെ നോവല്‍. കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ മുന്‍നിര ആഴ്ചപ്പതിപ്പുകളിലും പുഷ്പനാഥിന്റെ നോവലുകള്‍ പരമ്പരകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധ്യാപക ജോലി ഉപേക്ഷിച്ച ശേഷം മുഴുസമയ നോവലെഴുത്തിലായിരുന്നു ശ്രദ്ധ. മുഖ്യധാരാ എഴുത്തുകാരില്‍ നിന്ന് വേറിട്ട് തന്റെതായ ശൈലിയിലായിരുന്നു പുഷ്പനാഥിന്റെ രചനകള്‍.
ബ്രഹ്മരക്ഷസ്സ്, ഗന്ധര്‍വ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, ലെവല്‍ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്‌ലറുടെ തലയോട്, നെപ്പോളിയന്റെ പ്രതിമ, കര്‍ദ്ദിനാളിന്റെ മരണം, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, രാജ്‌കോട്ടിലെ നിഥി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായിരുന്ന മകന്‍ സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുമ്പാണ് പുഷ്പനാഥിന്റെ മരണം.






