Sorry, you need to enable JavaScript to visit this website.

വനിതാ രോഗികളുടെ നഗ്നത  ചിത്രീകരിച്ച ഡോക്ടര്‍ അറസ്റ്റില്‍ 

വനിതാ രോഗികളുടെ നഗ്‌ന വീഡിയോ എടുക്കുന്നത് പതിവാക്കിയ ഡോക്ടര്‍ പിടിയില്‍. തമിഴ്‌നാട്ടിലെ മൈലാപൂരിലാണ് ഡോക്ടര്‍മാരുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ചികില്‍സക്കെത്തിയ സ്ത്രീയെ വസ്ത്രമഴിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഡോക്ടര്‍ ശിവഗുരുനാഥന്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് ഇയാളുടെ പെരുമാറ്റം. പക്ഷേ രോഗിയുടെ ഭര്‍ത്താവ് ഡോക്ടറെ കയ്യോടെ പിടികൂടുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് എത്തി. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്ത്രീയും ഭര്‍ത്താവും ഡോക്ടര്‍ ശിവഗുരുനാഥന്റെ അടുത്തെത്തിയത്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ഭര്‍ത്താവിനോട് പുറത്തിരിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഡോക്ടര്‍ അറിയാതെ അകത്തെ കാര്യങ്ങള്‍ നിരീക്ഷിച്ചു.  ഭര്‍ത്താവ് പുറത്തേക്ക് കടന്ന ഉടനെ ഡോക്ടര്‍ വേഗമെത്തി വാതില്‍ അടച്ചു. ഇതാണ് ഭര്‍ത്താവിന് സംശയം തോന്നാന്‍ കാരണം. ജനാലിലൂടെ ഭര്‍ത്താവ് ഭാര്യയെ ചികില്‍സിക്കുന്നത് നോക്കി.  ഭാര്യയോടെ വസ്ത്രമഴിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. വസ്ത്രം അഴിക്കുന്ന വേളയില്‍ ഡോക്ടര്‍ രംഗം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് ഭര്‍ത്താവ് ജനലിലൂടെ കണ്ടത്.  ഡോക്ടര്‍ മൊബൈലില്‍ പകര്‍ത്തുന്നത് ഭാര്യ അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി. ഡോക്ടറെ കയ്യോടെ പിടികൂടി.  ബഹളമായതോടെ ആളുകള്‍ വിവരം പോലീസില്‍ അറിയിച്ചു. അപ്പോഴേക്കും  ഡോക്ടര്‍ മെമ്മറി കാര്‍ഡ് നശിപ്പിച്ചിരുന്നു. പോലീസ്  ക്ലിനിക്കില്‍ വിശദമായ പരിശോധന നടത്തി. അപ്പോഴാണ് മറ്റൊരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഈ ഫോണില്‍ 30 ലധികം സ്ത്രീകളുടെ നഗ്‌ന വീഡിയോകളുണ്ടായിരുന്നു. രോഗികളായി എത്തുന്ന സ്ത്രീകളുടെ വസ്ത്രം അഴിപ്പിക്കലും ദൃശ്യം പകര്‍ത്തലും ഇയാള്‍ പതിവാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൈലാപൂരിലെ നോര്‍ത്ത് സുബ്രഹ്മണ്യന്‍ റോഡിലാണ് ഡോക്ടര്‍ ശിവഗുരുനാഥന്റെ ക്ലിനിക്ക്.  ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നേരത്തെയും ഇത്തരം വീഡിയോകള്‍ പകര്‍ത്തിയിരുന്നുവെന്ന് ഡോക്ടര്‍ സമ്മതിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. 64കാരനായ ഡോക്ടര്‍ ഇപ്പോള്‍  ജയിലിലാണ്. 
 

Latest News