30 ലക്ഷം പിഴ അടക്കാതെ മണിച്ചനെ മോചിപ്പിക്കാനാവില്ല- സുപ്രീം കോടതിയില്‍ കേരളം

ന്യൂദല്‍ഹി- കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ കോടതി നിര്‍ദേശിച്ച പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പത് മാസവുംകൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമെന്ന് കേരളം. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.  30 ലക്ഷത്തിലധികം രൂപയുടെ പിഴ മണിച്ചന്‍ അടച്ചാല്‍ ആ തുക മദ്യദുരന്ത കേസിലെ ഇരകള്‍ക്ക് കൈമാറുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ ഉഷ നല്‍കിയ ഹരജിയിലാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതും ആറ്റിങ്ങല്‍ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30,45,000 രൂപ പിഴ അടക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പത് മാസവുംകൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമെന്ന് വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു
ജീവപര്യന്തം ശിക്ഷയില്‍ ഇളവുനല്‍കി മണിച്ചനെ മോചിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും, ഈ പിഴ അടക്കാത്തതിനാലാണ് മോചനം വൈകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം കേസിലെ മറ്റുരണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയില്‍ മോചിപ്പിച്ചതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മോചനം. വിചാരണ കോടതിയുടെ ഉത്തരവുകള്‍ പ്രകാരം ഇരുവരും 8,30,000 രൂപ പിഴ അടയ്‌ക്കേണ്ടതായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഇരുവരും എട്ട് വര്‍ഷവും നാല് മാസവുംകൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും വിചാരണ കോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അനൂകൂല്യത്തില്‍ ഇരുവര്‍ക്കും പിഴ അടയ്ക്കാതെ മോചനം സാധ്യമാകുക ആയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതി നാളെ  പരിഗണിക്കും.

 

Latest News