ഗവര്‍ണര്‍ക്കെതിരായ പോസ്റ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം-ഗവര്‍ണര്‍ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് താന്‍ പിന്‍വലിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. യഥാര്‍ഥത്തില്‍ ഗവര്‍ണറുടെ ട്വീറ്റ് സംബന്ധിച്ച തന്റെ നിലപാട് പിന്‍വലിക്കുകയല്ല മറിച്ച് പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പ്രസ്താവന വന്നത് അറിയാതെയാണ് താന്‍ ഇതുസംബന്ധിച്ച് പോസ്റ്റിട്ടത്. ഔദ്യോഗികമായി പാര്‍ട്ടി ഒരുനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ നിലപാട് ഉയര്‍ത്തിപ്പിടിക്കുക എന്ന പാര്‍ട്ടി ധാരണയുടെ അടിസ്ഥാനത്തിലാണ് പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന പിന്നീട് പോസ്റ്റ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.

ഗവര്‍ണര്‍ക്കെതിരായ തന്റെ പോസ്റ്റിനെക്കാള്‍ ആധികാരികത പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയ്ക്കാണ്. കൂടുതല്‍ ശക്തവും വ്യക്തവും അതായിരുന്നു. അതുകൊണ്ടാണ് ആ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Latest News