റെയിൽപാതയും ഒളിയജണ്ടകളും

ഏറെ സങ്കീർണമായ സാങ്കേതിക, രാഷ്ട്രീയ ചരടുകളിൽ ഉടക്കി നഞ്ചൻകോട് പാത പദ്ധതി അനങ്ങാതെ കിടക്കുകയാണിപ്പോൾ. ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ ഏറിവരികയും അയൽസംസ്ഥാനങ്ങൾക്കിടയിലുള്ള വ്യാപാര, തൊഴിൽ സാധ്യതകൾ വർധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഏറെ ആവശ്യമായ ഗതാഗത പദ്ധതിയാണിത്. 

 

മലബാർ മേഖലയിൽ വരുമെന്ന് കാത്തിരിക്കുന്ന ഒരു റെയിൽ പാതയെ കുറിച്ചുള്ള ചർച്ചകൾക്ക് ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം പഴക്കം കാണും. നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത ഇടക്കിടെ ചർച്ചയിൽ വരുമെങ്കിലും ഇങ്ങനെയൊന്ന് യാഥാർഥ്യമാകുമോ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല.ഒരോ വർഷവും കേന്ദ്ര സർക്കാരിന്റെ, റെയിൽവേയുടെ ബജറ്റ് വരുമ്പോഴെല്ലാം ഈ പാത സജീവ ചർച്ചയാകും.കേന്ദ്രം ഈ പദ്ധതിക്ക് അനുമതി നൽകുമോ എന്ന ആകാംക്ഷ ജനങ്ങളിൽ ഉയരും.എന്നാൽ പലപ്പോഴും ഒട്ടും പരാമർശിക്കപ്പെടാതെയോ ചെറിയൊരു പരാമർശം നടത്തിയോ ഈ ചർച്ച ബജറ്റോടെ അവസാനിക്കുകയും ചെയ്യും.ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം കേരള-കർണാടക മുഖ്യമന്ത്രിമാർ തമ്മിലും ഇതുസംബന്ധിച്ച ചർച്ച നടന്നു.ഫലം പദ്ധതിക്ക അനുകൂലമല്ല.
നമ്മുടെ നാട്ടിൽ ഒരു പദ്ധതി വരുന്നതിന് പതിറ്റാണ്ടുകളുടെ ചർച്ച ആവശ്യമുണ്ടോ? മറ്റു പല പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ നഞ്ചൻകോട് പാതയുടെ കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ പ്രകടമായി കാണാം.കെ റെയിലിന് വേണ്ടിയോ ദേശീയ പാത വികസനത്തിന് വേണ്ടിയോ നടക്കുന്ന സ്ഥലമെടുപ്പ് അതിവേഗത്തിൽ മുന്നോട്ടു പോയപ്പോൾ, കേരളത്തിന് ഏറെ പ്രയോജനകരമായ നഞ്ചൻകോട് പാത ഇപ്പോഴും കടലാസിൽ അവ്യക്തമായി കിടക്കുകയാണ്.
മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് മലയോര മേഖലയായ നിലമ്പൂരിൽ നിന്ന് കർണാടകയിലെ മൈസൂരിനടുത്ത നഞ്ചൻകോട്ടേക്ക് പാത നിർമിക്കുകയെന്ന ആശയത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്.കേരളത്തിലെ അപൂർവം മീറ്റർ ഗേജ് പാതകളിലൊന്നും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതുമായ ഷൊർണൂർ-നിലമ്പൂർ റെയിൽ പാതയെ അന്തർസംസ്ഥാന പാതയായി വികസിപ്പിക്കുന്നതാണ് നിലമ്പൂർ-നഞ്ചൻകോട് പദ്ധതി.ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ഈ പദ്ധതി ആലോചനയിലുണ്ടായിരുന്നതാണ്.കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഈ പാത, ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചരക്കു ഗതാഗതം വേഗത്തിലാക്കുന്നതുമാണ്.കൊച്ചിയിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാദൂരം 348 കിലോമീറ്ററും ബംഗളൂരുവിലേക്ക് 72 കിലോമീറ്ററും കുറക്കാൻ ഈ പാത സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു.പ്രകൃതിരമണീയമായ പ്രദേശത്തുകൂടിയാണ് പാത കടന്നു പോകുന്നതെന്നത് ടൂറിസം മേഖലയിലെ വികസനത്തിനും സഹായിക്കും.
ഏറെ കാലത്തെ മുറവിളികൾക്ക് ശേഷം 2013 ൽ കേന്ദ്ര റെയിൽവേ ബജറ്റിൽ ഈ പാതയുടെ നിർമാണം ഉൾപ്പെടുത്തിയിരുന്നു.പദ്ധതിക്ക് ആവശ്യമായ പ്രാഥമിക ലോക്കേഷൻ സർവേ നടത്താനാണ ്അന്ന് ബജറ്റിൽ നിർദേശിച്ചത്. അന്ന് കേരളം ഭരിച്ചിരുന്ന യു.ഡി.എഫ് സർക്കാർ സർവേയുടെ ചുമതല മെട്രോമാൻ ഇ.ശ്രീധരൻ മേധാവിയായ ദൽഹി മെട്രോ റെയിൽ കോർപറേഷനെ ഏൽപിച്ചിരുന്നു.ഇതിനായി ആറു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയും ചെയ്തു.ഇതിൽ നിന്ന് ഡി.എം.ആർ.സിക്ക് നൽകാനായി രണ്ടു കോടി രൂപ സർക്കാർ ട്രഷറിക്ക് നിർദേശവും നൽകി.ഡി.എം.ആർ.സി ഈ ജോലി ഏറ്റെടുക്കുന്നതിന് രണ്ടു വർഷം കാലതാമസമുണ്ടായി.ഇതിനിടെ 2016 ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിയെ കുറിച്ച് പുനർചിന്തയുണ്ടായി.ഡി.എം.ആർ.സിക്ക് നൽകിയ സർവേ ചുമതല തുടരേണ്ടതില്ലെന്ന് തീരുമാനിച്ച സർക്കാർ, അതിനായി മാറ്റിവെച്ച രണ്ടു കോടി രൂപ ട്രഷറിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.
നഞ്ചൻകോട് റെയിൽപാത സംബന്ധിച്ച് കേരളത്തിലെ രണ്ട് മുന്നണികൾക്കും തീർത്തും വ്യത്യസ്തമായ നിലപാടാണുണ്ടായിരുന്നത്.പദ്ധതി വേണമെന്ന് യു.ഡി.എഫ് പറയുമ്പോൾ, വനമേഖലയിലൂടെയാണ് പാത കടന്നു പോകുന്നതെന്നും ഇത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നുമായിരുന്നു ഇടതു സർക്കാരിന്റെ നിലപാട്.അതേസമയം, തുടക്ക കാലത്ത് ഈ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലബാറിലെ ഇടതു നേതാക്കളും രംഗത്തുണ്ടായിരുന്നു.
പാരിസ്ഥിതികാഘാതം ഇല്ലാതെ എങ്ങനെ പദ്ധതി നടപ്പാക്കാമെന്നായിരുന്നു പിന്നീട് നടന്ന ചർച്ചകൾ.കേരളത്തിന്റെയും കർണാടകയുടെയും അതിർത്തിയിലുള്ള വലിയൊരു വനമേഖലയിലൂടെയാണ് പാത കടന്നു പോകേണ്ടത്.കേന്ദ്രത്തിലെയും കേരള, കർണാടക സംസ്ഥാനങ്ങളിലെയും വനം,വന്യജീവി വകുപ്പുകളുടെ അനുമതി ഇതിന് ആവശ്യമായിരുന്നു.പദ്ധതി യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡി.എം.ആർ.സി ഈ വകുപ്പുകളുമായെല്ലാം പിന്നീട് ചർച്ചകൾ നടത്തിയിരുന്നു.പാത കടന്നു പോകുന്ന വന്യജീവി സങ്കേതത്തിൽ ഭൂമിക്കടിയിലൂടെ തുരങ്കപാത നിർമിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.ഇതുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയുടെ അനുമതി ഡി.എം.ആർ.സി വാങ്ങുകയും ചെയ്തിരുന്നു.അഞ്ചു വർഷം മുമ്പാണ് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതും കർണാടക സർക്കാർ സമ്മതം നൽകിയതും.പദ്ധതിയുടെ പുരോഗതി ഈ അവസ്ഥയിൽ നിൽക്കേയാണ്, കഴിഞ്ഞ മാസം കേരള-കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ നിരാശാജനകമായ തീരുമാനങ്ങൾ ഉണ്ടായത്.
ഇക്കാര്യത്തിൽ കേരള സർക്കാർ കർണാടക സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായി ഡി.എം.ആർ.സി മുൻ ചെയർമാൻ ഇ ശ്രീധരൻ ആരോപിച്ചിരുന്നു.കർണാടക സർക്കാർ നേരത്തെ അനുമതി നൽകിയ പാത നിർമാണത്തിൽ നിന്ന് അവർ പിൻമാറിയത് കേരള മുഖ്യമന്ത്രി തെറ്റായ വിവരങ്ങൾ നൽകിയതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.ഇടതു സർക്കാരിന് താൽപര്യമുള്ള തലശ്ശേരി-മൈസൂർ റെയിൽപാതക്ക് വേണ്ടി നഞ്ചൻകോട് പാതയെ ബലികൊടുക്കുകയാണെന്നും ആരോപണവും അദ്ദേഹം ഉയർത്തി. തലശ്ശേരി-മൈസൂർ പാതയെ കുറിച്ച് നേരത്തെ പഠനം നടന്നതാണെന്നും സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിൽ ഈ പാത പിറകിലാണെന്ന് കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഏറെ സങ്കീർണമായ സാങ്കേതിക, രാഷ്ട്രീയ ചരടുകളിൽ ഉടക്കി നഞ്ചൻകോട് പാത പദ്ധതി അനങ്ങാതെ കിടക്കുകയാണിപ്പോൾ.ഡി.എം.ആർ.സിയുടെ ചുമതലയുണ്ടായിരുന്നപ്പോൾ ഇ.ശ്രീധരന് പരസ്യമായ രാഷ്ട്രീയമില്ലായിരുന്നു.പിന്നീട് ബി.ജെ.പിയിൽ എത്തിയതോടെ അദ്ദേഹം ഇടതുപക്ഷത്തിന് അനഭിമതനാണ്.അദ്ദേഹം മുന്നോട്ടു വെക്കുന്ന ഒരു പദ്ധതിക്കും ഈ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചേക്കില്ല.നഞ്ചൻകോട് പാത നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഡി.എം.ആർ.സി ഇപ്പോഴും സജീവമാണ്. ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ ഏറിവരികയും അയൽസംസ്ഥാനങ്ങൾക്കിടയിലുള്ള വ്യാപാര,തൊഴിൽ സാധ്യതകൾ വർധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഏറെ ആവശ്യമായ ഗതാഗത പദ്ധതിയാണിത്. പ്രാഥമിക നടപടികൾ തുടങ്ങിവെച്ച പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് താൽപര്യവും ഇഛാശക്തിയും ഉണ്ടാകേണ്ടതുണ്ട്.രാഷ്ട്രീയ ഭിന്നതകളും പ്രാദേശിക താൽപര്യങ്ങളും മാറ്റിവെച്ച് ഈ പദ്ധതി യാഥാർഥ്യമാക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകണം.

Latest News