സംസ്ഥാനത്ത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സാരഥികൾ മലബാറിൽ നിന്നാണെന്നതിൽ ഒരു മനഃസുഖം സുധാകരൻ കണ്ടെത്തുന്നുണ്ട്. അഭിമുഖത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ അത് വ്യക്തമാണ്. അതിൽ ഒളിഞ്ഞിരിക്കുന്നത് തെക്കൻ ജില്ലകളിലെ രാഷ്ട്രീയ നേതാക്കളോടുള്ള പ്രതികാര മനോഭാവമാണ്. ഒരു പാർട്ടിയെ നയിക്കുന്ന രാഷ്ട്രീയ നേതാവിൽ നിന്ന് പ്രാദേശികമായി ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.
ഇതിഹാസ കൃതിയായ വാൽമീകി രാമായണം ആത്മീയ കാര്യങ്ങളിൽ അവഗാഹമുള്ളവർ പല വിധത്തിൽ വാഖ്യാനം ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും നടക്കുന്ന ആത്മീയ പ്രഭാഷണങ്ങളിൽ രാമായണ കഥയെ പ്രഭാഷകരിൽ പലരും ജനങ്ങൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കാറുമുണ്ട്. രാമായണ കഥ എക്കാലത്തും സമൂഹത്തിന്റെ വിചാരണകൾക്ക് വിധേയമായിട്ടുമുണ്ട്. വിശ്വാസികൾ രാമായണ കഥയെ ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഭക്തി നിർഭരതയോടെ കാണുമ്പോൾ അവിശ്വാസികളും പ്രായോഗിക വാദികളും പലരും വെറുമൊരു സാങ്കൽപിക കഥയ്ക്കപ്പുറമുള്ള യാതൊരു പ്രാധ്യാന്യവും ഇതിനില്ലെന്ന് വിലയിരുത്താറുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ദൈവ വിശ്വാസിയാണ്. കോളേജ് കാലത്തെ തന്റെ താൻപോരിമയെക്കുറിച്ചുള്ള വീരസ്യം പറയുന്നതിനൊപ്പം തന്നെ ഇടയ്ക്കിടെ സനാതന മൂല്യങ്ങളെക്കുറിച്ചും വാചാലനാകാറുണ്ട്്. അതിന് വേണ്ടി പുരാണങ്ങളെ വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ഉപയോഗിക്കാറുണ്ട്. ഉപമകളും ഉദാഹരണങ്ങളുമെല്ലാം ചേർത്ത് നന്നായി രാഷ്ട്രീയ പ്രസ്താവനകളും പ്രസംഗങ്ങളുമെല്ലാം നടത്താൻ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം.
ഏതായാലും രാമായണ കഥയെ ഉദ്ധരിച്ചുകൊണ്ട് തെക്കൻ കേരളത്തെ രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്തിയും വടക്കൻ കേരളത്തിലെ അതായത് മലബാറിലെ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയും സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നുവെന്ന് അഭിമുഖം നടത്തിയയാളുടെ ചോദ്യത്തിന് രാമായണ കഥയിലൂടെയാണ് സുധാകരൻ ഉത്തരം നൽകിയത്. സുധാകരൻ പറഞ്ഞ കഥ ഇങ്ങനെയാണ്. രാവണനെക്കൊന്ന് സീതയെ വീണ്ടെടുത്ത രാമനും ലക്ഷ്മണനും പുഷ്പക വിമാനത്തിൽ മടങ്ങവേ തെക്കൻ കേരളത്തിലെത്തിയപ്പോൾ രാമനെ കടലിൽ തള്ളിയിട്ട് സീതയുമായി കടന്നു കളഞ്ഞാലോ എന്ന ചിന്ത ലക്ഷ്മണനുണ്ടായി. വിമാനം തൃശൂരിലെത്തിയപ്പോഴേക്കും ലക്ഷ്മണന്റെ മനസ്സുമാറി പശ്ചാത്താപം തുടങ്ങി. അപ്പോൾ രാമൻ ലക്ഷ്മണന്റെ തോളിൽ തട്ടി ഇങ്ങനെ പറഞ്ഞുവത്രേ. ഞാൻ നിന്റെ മനസ്സ് വായിക്കുകയായിരുന്നു. നിന്റെ കുഴപ്പം കൊണ്ടല്ല, മറിച്ച് നമ്മൾ കടന്നുവന്ന പ്രദേശത്തിന്റെ കുഴപ്പം കൊണ്ടാണ് നീ അങ്ങനെ ചിന്തിച്ചത്. ഇതായിരുന്നു സുധാകരന്റെ ഉത്തരം.
യഥാർത്ഥ കഥയിൽ ഇങ്ങനെയൊന്നും ഉള്ളതായി ആരും കേട്ടിട്ടില്ല. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമെല്ലാം കുത്തക തങ്ങൾക്കാണെന്ന് കരുതുന്ന ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ രാമായണത്തെ സുധാകരൻ വളച്ചൊടിച്ചുവെന്ന് വിമർശിച്ചിട്ടുമുണ്ട്. ഏതായാലും സുധാകരന്റെ പരാമർശം പ്രാദേശികമായി ഭിന്നിപ്പുണ്ടാക്കുന്നതും ഐക്യം തകർക്കുന്നതും നേതാക്കളെ അപമാനിക്കുന്നതുമാണെന്ന കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്തെ ഇകഴ്ത്തുന്നതിനു വേണ്ടിയായിരിക്കില്ല അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകുക. പതിറ്റാണ്ടുകളായുള്ള തന്റെ കോൺഗ്രസ് രാഷ്ട്രീയ ജീവിതത്തിൽ ഏറ്റ ഒതുക്കപ്പെടലുകൾക്കുള്ള ഒരു പ്രതികാരമായിരിക്കാം ഇത്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രധാന നേതാക്കളെല്ലാം ഉയർന്നു വന്നതും പാർട്ടിയെ നിയന്ത്രിക്കുന്നതുമെല്ലാം തെക്കൻ ജില്ലകളിൽ നിന്നാണ്. എന്നാൽ അതിന് നേരെ വിപരീതമാണ് സി.പി.എമ്മിന്റെ സ്ഥിതി. വടക്കൻ ലോബി, പ്രത്യേകിച്ച് കണ്ണൂർ ലോബിയാണ് കഴിഞ്ഞ കുറെ കാലങ്ങളായി സി.പി.എമ്മിൽ എല്ലാം തീരുമാനിക്കുന്നത്. സുധാകരൻ തുടർച്ചയായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത് സി.പി.എമ്മിലെ ഈ കണ്ണൂർ ലോബിക്കെതിരെയാണ്. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് പദവിയിലെത്തുന്നതുവരെ സുധാകരന്റെ ഈ യുദ്ധത്തിന് വലിയ പരിഗണനയൊന്നും കോൺഗ്രസ് പാർട്ടി നൽകിയിരുന്നില്ല.
പാർട്ടി നേതൃനിരയിൽ ഒരാളായി ഉണ്ടാകുമെന്നല്ലാതെ സി.പി.എമ്മിന്റെ പുലിമടയിൽ കയറി വെല്ലുവിളിക്കുന്ന സുധാകരൻ ഇക്കാലമത്രയും കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് പുലിക്കുട്ടിയായിരുന്നത്. കരുണാകരന്റെയും ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും കാലത്തെല്ലാം ഇതായിരുന്നു സ്ഥിതി. അതിന്റേതായ ഈർഷ്യ എക്കാലത്തും സുധാകരനിൽ നിലനിന്നിരുന്നു. അത് പ്രാദേശിക വൈരാഗ്യമായി മാറുകയാണുണ്ടായത്. അതുകൊണ്ട് തന്നെ തെക്കൻ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾക്ക് വലിയ പ്രാധാന്യമൊന്നും സുധാകരൻ നൽകിയിരുന്നില്ല. കടുത്ത ശത്രുപക്ഷത്തല്ലെങ്കിൽ കൂടി അവരെ എന്നും ഒരു കൈയകലത്താണ് സുധാകരൻ നിർത്തിയിരുന്നത്. പല തെരഞ്ഞെടുപ്പുകളിലും തെക്കൻ ജില്ലകളിൽ നിന്നുള്ള നേതാക്കൾ കണ്ണൂരിലേക്ക് ഇറക്കുമതി സ്ഥാനാർത്ഥികളായി എത്തിയതും അതിനു ശേഷം അവരിൽ ചിലർ കണ്ണൂരിലെ താരങ്ങളായി മാറിയതുമെല്ലാം സുധാകരന് മനോവിഷമമുണ്ടാക്കിയ സംഗതികളായിരുന്നു. അതുകൊണ്ട് തന്നെ കടുത്ത രാഷ്ട്രീയ ശത്രുത പുലർത്തുമ്പോഴും തെക്കൻ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളേക്കാൾ ആദരവ് സുധാകരൻ നൽകിയിരുന്നത് മലബാറിൽ നിന്നുള്ള സി.പി.എം നേതാക്കൾക്കാണ്.
രാമയാണ കഥ പറഞ്ഞ അതേ അഭിമുഖത്തിൽ തന്നെ സുധാകരനോട് മറ്റൊരു ചോദ്യമുയർന്നിരുന്നു. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി എന്നിവയുടെ തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കൾ വരാൻ കാരണമെന്തായിരുന്നു എന്നാണ് ചോദ്യം. സത്യസന്ധതയും നേരെവാ, നെരെപോ എന്ന സമീപനവും പിന്നെ ധൈര്യവുമാണെന്നായിരുന്നു സുധാകരന്റെ മറുപടി. അതായത് മലബാറിൽ നിന്നുള്ള സി.പി.എം നേതാക്കളിൽ പോലും ഇത്തരമൊരു സമീപനം സുധാകരൻ വീക്ഷിക്കുന്നുണ്ടെന്നർത്ഥം. അത് അവരോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് മലബാറിനോടുള്ള രാഷ്ട്രീയ സ്നേഹവും തെക്കൻ ജില്ലകളിൽ നിന്നുള്ള നേതാക്കളോടുള്ള രാഷ്ട്രീയ അകൽച്ചയുമാണ് രാമായണ കഥയെ വക്രീകരിച്ചുകൊണ്ട് തന്റെ വികാരം പ്രകടിപ്പിക്കാൻ സുധാകരനെ പ്രേരിപ്പിക്കുന്നത്. രാമന്റെ കഥയിലൂടെ തെക്കൻ ജില്ലകളിലെ കോൺഗ്രസ് നേതാക്കളെ ഇകഴ്ത്തിക്കാട്ടാൻ സുധാകരൻ നടത്തിയ ശ്രമം ആകസ്മികമാകണമെന്നില്ല, അത് കരുതിക്കൂട്ടി തന്നെയാകും. തനിക്ക് ആരെയും ഭയമില്ലെന്ന് തെളിയിക്കാൻ കൂടിയാകണം അദ്ദേഹം അങ്ങനെ പറഞ്ഞത്.
സി.പി.എമ്മിനെതിരെയുള്ള ഏറ്റവും നല്ല ഫൈറ്ററായിട്ടും കെ.പി.സി.സി പദത്തിലെത്തുന്നത് വരെ കോൺഗ്രസ് നേതൃത്വം മുതിർന്ന നേതാക്കളിൽ പലരും തന്നെ അംഗീകരിക്കാൻ തയാറാകാത്തതുകൊണ്ടാണ് പാർട്ടിക്കുള്ളിൽ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി ശക്തി തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നത്. എന്നാൽ അതിനെ യോജിച്ചു നിന്നുകൊണ്ട് അടിച്ചൊതുക്കാനാണ് പാർട്ടിയിലെ മറ്റു ഗ്രൂപ്പ് മാനേജർമാർ എക്കാലത്തും ശ്രമിച്ചിരുന്നത്. പാർട്ടി അധ്യക്ഷ പദവിയിലെത്തിയെങ്കിലും ഇതൊന്നും അത്ര പെട്ടെന്ന് മറക്കുന്ന ആളല്ല സുധാകരൻ. പാർട്ടിയിൽ അംഗീകരിക്കപ്പെട്ടില്ലെന്ന തോന്നൽ മനസ്സിൽ പ്രാദേശികമായ ഭിന്നിപ്പാണ് അദ്ദേഹത്തിലുണ്ടാക്കിയത്. അതിന്റെ പ്രതിഫലനമാണ് ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ രാമായണ കഥയെ കൂട്ടുപിടിച്ചുകൊണ്ട് അദ്ദേഹത്തിൽ നിന്നുണ്ടായത്.
സംസ്ഥാനത്ത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സാരഥികൾ മലബാറിൽ നിന്നാണെന്നതിൽ ഒരു മനഃസുഖം സുധാകരൻ കണ്ടെത്തുന്നുണ്ട്. അഭിമുഖത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ അത് വ്യക്തമാണ്. അതിൽ ഒളിഞ്ഞിരിക്കുന്നത് തെക്കൻ ജില്ലകളിലെ രാഷ്ട്രീയ നേതാക്കളോടുള്ള പ്രതികാര മനോഭാവമാണ്. ഒരു പാർട്ടിയെ നയിക്കുന്ന രാഷ്ട്രീയ നേതാവിൽ നിന്ന് പ്രാദേശികമായി ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. സ്വന്തം പാർട്ടിയിൽ നിന്നും സി.പി.എം ഉൾെപ്പടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ ശക്തമായി രംഗത്തു വരുമ്പോഴും ഒഴുക്കൻ മട്ടിലുള്ള ക്ഷമാപണം നിലപാടിൽ നിന്ന് പിന്നോക്കം പോകില്ലെന്ന വാശിയാണ്.
========






