ഇ.കെ. നായനാർ സ്ഥിരമായി പറയാറുണ്ടായിരുന്ന ഒരു കാര്യമുണ്ട്- ശ്രീ പത്മനാഭൻ ചെരിഞ്ഞു കിടക്കുന്നത് കാലുവാരാതിരിക്കാനാണെന്ന്. അന്നൊന്നും ആർക്കും അതൊരു തിരുവിതാംകൂർ അവഹേളനമായി തോന്നിയിട്ടുണ്ടായിരുന്നില്ലേ?
സ്വകാര്യ ഭാഷണങ്ങളിൽ പഴയ മലബാർ പ്രദേശത്ത് താമസിക്കുന്നവർ കാലങ്ങളായി പറഞ്ഞു വരുന്ന കാര്യമാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഒരു സംഘം മാധ്യമ പ്രവർത്തകരോട് പരസ്യമായി പറഞ്ഞത്. രാമായണം ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചു തെക്കൻ കേരളത്തെ കുറ്റപ്പെടുത്തി എന്നൊക്കെയാണ് സുധാകരന്റെ കടുത്ത മലബാർ മൗലിക വാദ നിലപാട് വ്യാഖ്യാനിക്കപ്പെടുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിനായി ആ പത്ത്രിലെ ഒരു സംഘം മാധ്യമ പ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ. സുധാകരൻ മറുപടി നൽകിയത്.
തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് രാമായണത്തിന്റെ ദുർവ്യാഖ്യാനം കലർന്നു എന്ന ആക്ഷേപം ഉയരുന്നത്.
സുധാകരന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം- രാവണനെ വധിച്ച് ശ്രീരാമൻ ലങ്കയിൽ നിന്ന് ലക്ഷ്മണനും സീതക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്മണൻ ആലോചിച്ചു. എന്നാൽ തൃശൂരിലെത്തിയപ്പോൾ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാൻ നിന്റെ മനസ്സ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്'. ഇത് പറഞ്ഞ് കഴിഞ്ഞ് കെ. സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ ചേർത്തിട്ടുണ്ട്.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം ഒരുക്കിയത്. വട്ടമേശ, ഡയലോഗ് എന്നൊക്കെ പറയാവുന്ന രീതി.
ഓണത്തിനിടയിലെ പുട്ടു കച്ചവടം പോലെ ഒരു ചോദ്യക്കാരൻ കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെ കുറിച്ച് ആരാഞ്ഞപ്പോഴാണ് വർഷങ്ങളായി പറഞ്ഞു പതിഞ്ഞു പോയ മലബാർ മാഹാത്മ്യം സുധാകരനിലൂടെ പുറത്ത് വന്നത്.
വടക്കുള്ള നേതാക്കൾ സത്യസന്ധരും നേർവഴിക്കുള്ള നിലപാടുകാരും ധൈര്യമുള്ളവരുമെന്നാണ് പുകഴ്ത്തൽ. ഈ വാക്കുകൾ എവിടെയൊക്കെയോ ചെന്നുകൊള്ളുന്നുണ്ട്. കേരള ഭരണവും മുഖ്യ ഭരണകക്ഷിയുമെല്ലാം ഇപ്പോൾ പൂർണമായി മലബാർ നേതാക്കളുടെ കൈപ്പിടിയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ സുധാകരന്റെ വാക്കുകൾ പ്രതികൂലമായി ചെന്ന് പതിക്കുന്നത് നിലവിലുള്ള സി.പി.എം പാർട്ടി നേതൃത്വത്തിനു നേരെയും ഭരണ നേതാക്കൾക്ക് നേരെയുമായി മാറുന്നു. ഇ.കെ. നായനാർ സ്ഥിരമായി പറയാറുണ്ടായിരുന്ന ഒരു കാര്യമുണ്ട്- ശ്രീ പത്മനാഭൻ ചെരിഞ്ഞു കിടക്കുന്നത് കാലുവാരാതിരിക്കാനാണെന്ന്. അന്നൊന്നും ആർക്കും അതൊരു തിരുവിതാംകൂർ അവഹേളനമായി തോന്നിയിട്ടുണ്ടായിരുന്നില്ലേ ?
കോട്ടയംകാരനായ മന്ത്രി എ.എൻ. വാസവൻ വള്ളത്തോളിന്റെ വരികൾ കൂട്ടു പിടിച്ചാണ് സുധാകരനോട് പ്രതികരിച്ചത്.
'ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാവണമന്തരംഗം;
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ'
ഭാരതവും കേരളവും ഒരുമിച്ചു പോകണമെന്ന സന്ദേശം വള്ളത്തോളുയർത്തിക്കൊണ്ട് വന്നത് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നുവെന്ന് വാസവൻ ചരിത്രത്തിന്റെ വാസ്തവത്തിലേക്ക് കടക്കുന്നു. സി.പിയെ പൊരുതിത്തോൽപിച്ച നാടാണിത്. ആ കേരളത്തിലാണ് വടക്കും തെക്കും തമ്മിലുള്ള താരതമ്യം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണിത്.
കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തേക്കാൾ മെച്ചമാണ്, അവിടുത്തെ ജനങ്ങൾ മികവുറ്റതാണ്, മറ്റേത് മോശമാണ് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ട രാഷ്ട്രീയമാണ്.... വാസവൻ ഉറപ്പിച്ചു പറയുന്നു.
സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും സുധാകരന് തത്വോപദേശം കൊടുക്കുന്നുണ്ട്. മാസ്റ്ററുടെ വാക്കുകൾ
''ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ല. അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണം. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുത്''
ഇതിനെല്ലാമുള്ള പ്രതികരണമായി സുധാകരൻ പറഞ്ഞത് ഇങ്ങനെയാണ്. ''നാട്ടിൽ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞത്. അതിൽ ദുരുദ്ദേശ്യമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ആ പരമാർശം പിൻവലിക്കുന്നു.''
ഇതേ അഭിമുഖത്തിൽ തന്നെ ഏറെ വിവാദമാകാനിടയുള്ള മറ്റു പരാമർശങ്ങളും സുധാകരൻ നടത്തിയിട്ടുണ്ട്. അതിലൊന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയനെ നല്ലവണ്ണം പ്രശംസിച്ച ശേഷം പറയേണ്ടതെല്ലാം പറഞ്ഞു വെക്കാനും ഈ അഭിമുഖ ഘട്ടം സുധാകരൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശരിക്കുമൊരു നിന്ദാ സ്തുതി. നാക്കിലും വാക്കിലും വെടിമരുന്നുമായി നടക്കുന്ന ഒരു നേതാവ്. പിണറായി വിജയനെപ്പോലൊരാൾ മറു പക്ഷത്തുള്ളപ്പോൾ തന്റെ പ്രസക്തി ഏറെയെന്ന് സുധാകരൻ വീണ്ടും വീണ്ടും പറയാതെ പറയുന്നു.






