കൊച്ചി- നഴ്‌സുമാർ സമരത്തിലൂടെ നേടിയെടുത്ത ശമ്പള വർധന കരാർ നഴ്‌സുമാരെ തന്നെ ഉപയോഗിച്ച് അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആസൂത്രിത നീക്കം. ആശുപത്രികളിലെ നഴ്‌സുമാരെ കൊണ്ട് ശമ്പള വർധന വേണ്ടെന്ന് സമ്മതിക്കുന്ന കരാർ ഉണ്ടാക്കി നിർബന്ധപൂർവ്വം ഒപ്പു വെപ്പിക്കാനാണ് ശ്രമം. സംഘടനയിലില്ലാത്ത നഴ്‌സുമാർ മാനേജ്‌മെന്റിന്റെ ഈ നീക്കത്തിനൊപ്പം നിന്നാൽ നഴ്‌സുമാർ സമരത്തിലൂടെ നേടിയ അവകാശം അട്ടിമറിക്കപ്പെടും.
ചെറുകിട ആശുപത്രികളിലെ മിക്ക നഴ്‌സുമാരും ശമ്പള വർധനയെ പറ്റി ബോധവാന്മാരല്ല. ചെറിയ ആശുപത്രികൾക്ക് പുതുക്കിയ ശമ്പള നിരക്ക് അധിക ബാധ്യതയും ആശുപത്രി അടച്ചു പൂട്ടുമോ എന്ന പേടിയും ഇവർക്കുണ്ട്. അതിനാൽ തന്നെ പുതുക്കിയ ശമ്പള നിരക്ക് വേണ്ട എന്ന് ഇവരെ കൊണ്ട് എഗ്രിമെന്റ് എഴുതിച്ച ശേഷം അത് അവരവരുടെ നിയമ പരിധിയിലുള്ള ലേബർ ഓഫിസർക്ക് അയച്ചു കൊടുക്കാനാണ് തീരുമാനം. ഇതോടെ നിയമ നടപടികളിൽ നിന്നും മാറി നിൽക്കാനും ആകും.
300 ബെഡിൽ താഴെ ഉള്ള ആശുപത്രിയിലെ നഴ്‌സുമാർക്ക് പുതുക്കിയ ശമ്പളം നൽകേണ്ടതില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റുകൾ പറയുന്നത്. അതായത് പുതുക്കിയ ശമ്പള നിരക്ക് നിലവിൽ വന്നാലും 300ൽ താഴെ ബെഡുകൾ ഉള്ള ആശുപത്രിയിലെ നഴ്‌സുമാർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വേതനം മാത്രമേ നൽകൂ. 2018 ഏപ്രിൽ 23ന് നിലവിൽ വന്ന പുതുക്കിയ വേതനം ഇവർക്ക് നൽകില്ല. 300ൽ അധികം ബെഡുകൾ ഉള്ള ആശുപത്രികൾ 2018 ഏപ്രിൽ 23ന് നിലവിൽ വന്നത് പ്രകാരമുള്ള ശമ്പളം തൊഴിലാളികൾക്ക് നൽകണം. 300 ബെഡിൽ കൂടുതലുള്ള ആശുപത്രികൾ ശമ്പള വർധന അംഗീകരിച്ചാലും കുടിശിക കൊടുക്കില്ലെന്നാണ് തീരുമാനം.
ശമ്പള വർധന നടപ്പാക്കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം നികത്താൻ ചികിത്സാ ചെലവുകൾ കുത്തനെ വർധിപ്പിക്കാനും ആശുപത്രികൾ നീക്കം തുടങ്ങി. ചികിത്സക്കും പരിശോധനകൾക്കും രോഗികളിൽ നിന്നും അധികമായി പണം ഈടാക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം. ഇതോടെ ചികിത്സാ ചെലവ് കുത്തനെ ഉയരുമെന്ന് ഉറപ്പായി. മാനേജ്‌മെന്റുകൾ ഒറ്റക്കെട്ടായി തീരുമാനമെടുത്ത് നടപ്പിലാക്കിയാൽ അതിനെ മറികടക്കുക സർക്കാരിന് ബുദ്ധിമുട്ടാകും.