നയന്‍താരക്ക് വേണ്ടി ഗര്‍ഭം ധരിച്ചത് ബന്ധുവായ മലയാളി യുവതി

ചെന്നൈ- നയന്‍താര-വിഘ്‌നേഷ് ശിവന്‍ താരദമ്പതികള്‍ക്കായി  വാടകഗര്‍ഭധാരണത്തിന് തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്ന വിവരം പുറത്തുവന്നു. നയന്‍താരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്ന യുവതിയാണ് വാടക ഗര്‍ഭധാരണം ചെയ്തതെന്നാണ് വിവരം. ഇരുവരും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നാണ് സൂചന. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
തങ്ങള്‍ക്ക് ആണ്‍കുഞ്ഞുങ്ങള്‍ പിറന്നുവെന്ന് സന്തോഷം നയനും വിഘ്‌നേശും പങ്കുവച്ചതിന് പിന്നാലെ വിവാദങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി ഉയര്‍ന്നുവന്നിരുന്നു. വാടക ഗര്‍ഭധാരണത്തില്‍ ഇരുവരും നിയമലംഘനം നടത്തി എന്നായിരുന്നു പ്രധാന ആരോപണം. തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാല്‍ വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നയന്‍താരയും വിഘ്‌നേഷും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ആറു വര്‍ഷം മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്പതികള്‍ തമിഴ്‌നാട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

 

Latest News