നീരാടുവാൻ നിളയിൽ നീരാടുവാൻ

കേരളത്തിൽ ഏറ്റവും കൂടുതൽ എഴുത്തുകാർ പിറന്നത് നിളയുടെ തീരദേശങ്ങളിൽ. വേണമെങ്കിൽ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കാം. ഈജിപ്തിന് നൈൽ നദീതടം പോലെ. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ അതിരിടുന്ന പ്രദേശമാണിത്. റെയിൽവേയുടെ കണക്കിന് പൊന്നാനി റിവറാണിത്. നല്ല മലയാളം കേൾക്കണമെങ്കിൽ ഇവിടേക്ക് വരിക. ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ, പൊന്നാനി, തൃത്താല എന്നീ പ്രദേശങ്ങളിലെ മലയാളത്തിന്റെ മനോഹാരിത ഒന്ന് വേറെയാണ്. വള്ളുവനാടൻ സ്ലാംഗ് ടെലിവിഷൻ അവതാരകർ വരെ അനുകരിക്കാൻ ശ്രമിക്കുന്നതാണല്ലോ. 
1986 ൽ പുറത്തിറങ്ങിയ ഹിറ്റായി മാറിയ ഒരു ചിത്രമാണ് 'നഖക്ഷതങ്ങൾ'. മലയാളികൾ നെഞ്ചിലേറ്റിയ ചിത്രത്തിലെ നല്ലൊരു ഗാനമായിരുന്നു നീരാടുവാൻ നിളയിൽ നീരാടുവാൻ...ആ സമയങ്ങളിൽ ഏതൊരു മലയാളിയുടെ മനസ്സിലും ഒരു മൂളിപ്പാട്ടായി നിറഞ്ഞു നിന്നിരുന്ന ഈ ഗാനം നിള എന്ന ഭാരതപ്പുഴയെ കുറിച്ചായിരുന്നു. 
നിളയെ കുറിച്ച് അതിമനോഹരമായി പല കാലഘട്ടത്തിലായി തയ്യാറാക്കിയ നിളയുടെ സ്വന്തം എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ ഏതൊരു എഴുത്തിലും നിളയെ തഴുകുക പതിവാണ്. അദ്ദേഹം എഴുതിയതിൽ തന്നെ കുറെ കഥാപാത്രങ്ങൾ  ജീവിച്ചിരുന്ന കഥാപാത്രങ്ങൾ ആയിരുന്നു. 
അസുരവിത്തിലെ ഗോവിന്ദൻ കുട്ടി, നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല, കാലത്തിലെ സേതു.. അങ്ങനെ നീണ്ടു കിടക്കുന്ന കഥാപാത്രങ്ങളെല്ലാം അവരുടെ ജീവചരിത്രങ്ങളിലെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഈ പുഴയോട് ചേർന്നുള്ള ജീവിതമാണെന്ന് എം ടിയുടെ ഓരോ കഥകളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. അതുപോലെ തന്നെ അദ്ദേഹം ഒരുപാട് സിനിമകൾ എഴുതിയതിലും നിളയെയും നിളയിലെ ഓരോ മണൽ തരിയേയും  തഴുകിയിട്ടാവും.  ആ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ഷൂട്ട് ചെയ്തിരുന്നത് ഭാരതപ്പുഴയുടെ തീരദേശങ്ങളിലാണ്.  ഒറ്റപ്പാലം, ഷൊർണൂർ, തൃത്താല ഭാഗങ്ങളിലെ പുഴയുടെ സൗന്ദര്യം ഒരുപാട് സിനിമകളിൽ ദൃശ്യഭംഗിയോടെ പകർത്തിയിട്ടുണ്ട്. 
കുട്ടിക്കാലത്ത് സ്‌കൂളിൽ നിന്നും ഉച്ചയൂണ് കഴിഞ്ഞാൽ ചോറ്റുപാത്രം കഴുകാൻ പോയിരുന്നത് തൊട്ടടുത്ത ഈ പുഴയോരത്തേക്കായിരുന്നു. മഴക്കാലമാണെങ്കിൽ വെള്ളത്തിന്റെ ശക്തി കുറക്കാൻ കെട്ടിയ കരിങ്കൽ കൂപ്പിൽ പോയി പാത്രം കഴുകി മടങ്ങുകയാണ് പതിവ്. വേനലായാൽ  പുഴയിൽ ഇറങ്ങി കുറച്ചൊക്കെ വെള്ളത്തിൽ നിന്ന് അടികൂടിയിട്ടേ മടങ്ങാറുള്ളൂ. തിരിച്ചു പോരുമ്പോൾ കാണുന്ന പൂക്കളുടെ തണ്ട് പൊട്ടിക്കാത്തവർ അന്ന് ചുരുക്കമാവും. സ്‌കൂൾ അവധിയായാൽ വിരുന്ന് വരുന്ന കുടുംബക്കാരും കുട്ടികളും നീരാടുവാൻ ഇറങ്ങുന്ന നിളയിൽ നിന്നും മടങ്ങി വരുമ്പോൾ കയ്യിൽ അറിയാതെയെങ്കിലും ഒരു തണ്ട് പൂവ് പൊട്ടിക്കാറുണ്ടാവും. വീട്ടിലെത്തുമ്പോഴേക്കും ഉപേക്ഷിക്കുകയും ചെയ്യും. അക്കരെ നിന്നും സ്‌കൂളിലേക്ക് നടന്നു വരുന്ന കാലത്ത് വിദ്യാർത്ഥികളും, വഴി യാത്രക്കാരും ഇതിനെ അധികം വളർത്താൻ സമ്മതിക്കില്ല. ഓരോ പോക്ക് വരവിലും അറിയാതെങ്കിലും ഈ പുൽത്തണ്ട് അവരും പൊട്ടിക്കാതിരിക്കില്ല. ഇന്നും നിളയിൽ ഇതൊക്കെ ഉണ്ടെങ്കിലും ആർക്കും അത് തഴുകാനോ ഒരു തണ്ട് പൊട്ടിക്കാനോ സമയം കിട്ടാറുണ്ടാവില്ല. അടുത്ത് പോയി നിൽക്കാൻ പോലും പേടി തോന്നിപ്പോവും, കാരണം മണലെടുത്ത് നിളയെ വിണ്ടു കീറിയ ശേഷം രണ്ടാൾ ഉയരത്തിൽ പൊങ്ങി വളർന്ന ഈ ചെടിക്കിടയിൽ ഇഴജന്തുക്കൾ ഉണ്ടാവുമോ, മറ്റെന്തെങ്കിലും ശല്യങ്ങൾ ഉണ്ടാവുമോ എന്നൊരു ഭയം എല്ലാവരിലുമായി. അത് പോലെ തന്നെ
പൊന്തി നിൽക്കുന്ന പുല്ലിനുള്ളിൽ അകപ്പെട്ടാൽ തിരിച്ചു പോരുമ്പോൾ വഴി തെറ്റാൻ വരെ സാധ്യതയും ഏറെയാണ്.  
ഓരോ വേനലിലും പൊങ്ങി വരുന്ന ആറ്റുവഞ്ചി പൂ കൊണ്ട് സ്‌നേഹം പങ്കിടാനും പ്രണയത്തെ തഴുകാനും കുറെ പേർക്ക് ഉപകാരമായിട്ടുണ്ട് എന്ന് പറയാം. വിവാഹം കഴിഞ്ഞവർ പോലും വൈകുന്നേരമായാൽ ഈ പുൽത്തിട്ടക്കരികിൽ വന്നിരിക്കുന്നതും പതിവ് കാഴ്ചയായിരുന്നു. അത് ആസ്വദിച്ചവർക്ക് ചിലപ്പോൾ ഇതേ കുറിച്ച് പറയുമ്പോൾ ഉള്ളിന്റെ ഉള്ളിലൊരു സന്തോഷം ഉടലെടുത്തിട്ടുണ്ടാവും. പുതു മഴ പെയ്താൽ കുത്തിയൊലിക്കുന്ന ആദ്യത്തെ വെള്ളത്തിന്റെ ശക്തിയിൽ തന്നെ എല്ലാം കൂപ്പ് കുത്തുകയും  പിന്നീട് കാണണമെങ്കിൽ അടുത്ത വേനലാവുകയും വേണം. 
പരന്നു കിടക്കുന്ന മണലിൽ ഇരുന്ന് പടിഞ്ഞാറൻ കാറ്റും കൊണ്ട് സൂര്യന്റെ അസ്തമയവും കണ്ട് മടങ്ങിയെങ്കിലേ മനസ്സിന് തൃപ്തിയാവൂ. നിളയിലേ നീരാട്ടും നിളയിലെ ആറ്റുവഞ്ചി പൂക്കളും ആസ്വദിച്ച കാലഘട്ടങ്ങളിലേക്ക് ചിന്തിച്ചാൽ ഇന്നും ഒരുപാട് ആശ്വാസമാണ്.
 

Latest News