Sorry, you need to enable JavaScript to visit this website.

ഇവരില്ലാതെ എന്ത് ആഘോഷം?

എർലിംഗ് ഹാലാൻഡ്
ജിയാൻലൂജി ഡോണരൂമ
യാൻ ഒബ്‌ലാക്
മുഹമ്മദ് സലാഹ്
മാർക്കൊ വെറാറ്റി

ഹാലാൻഡാണ് ഇപ്പോൾ താരം. ഗോളടിച്ചു കൂട്ടുകയാണ് ഈ നോർവേക്കാരൻ. വർത്തമാന കാലത്തെ ഗോളടി വീരൻ ലോകകപ്പിനുണ്ടാവില്ല. ലിവർപൂളിന്റെ മുഹമ്മദ് സലാഹും പി.എസ്.ജിയുടെ ഗോൾവല കാക്കുന്ന ജിയാൻലൂജി ഡോണരൂമയും ഖത്തറിലേക്ക് വരുന്നില്ല. കഴിഞ്ഞ യൂറോ കപ്പിലെ മികച്ച ഗോളിയും മികച്ച കളിക്കാരനുമായിരുന്നു ഡോണരൂമ. ഇറ്റലിക്ക് ലോകകപ്പ് ബെർത്ത് നഷ്ടപ്പെട്ടതോടെ പല പ്രമുഖ താരങ്ങളും ലോകകപ്പിനുണ്ടാവില്ല. 


ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളുടെ സംഗമമാണ് ലോകകപ്പ്. എന്നാൽ ആൽഫ്രഡൊ ഡി സ്റ്റെഫാനോയെയും ജോർജ് ബെസ്റ്റിനെയും ജോർജ് വിയയെയും പോലെ പ്രമുഖ താരങ്ങൾക്ക് ലോകകപ്പിൽ മുഖം കാണിക്കാനേ ആയിട്ടില്ല. ഖത്തർ ലോകകപ്പും പല പ്രമുഖ താരങ്ങൾക്കും വീട്ടിലിരുന്ന് കാണേണ്ടി വരും. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടി വീരൻ എർലിംഗ് ഹാലാൻഡാണ് ലോകകപ്പിനില്ലാത്ത ഏറ്റവും പ്രമുഖ കളിക്കാരൻ. ലിവർപൂളിന്റെ മുഹമ്മദ് സലാഹും പി.എസ്.ജിയുടെ ഗോൾവല കാക്കുന്ന ജിയാൻലൂജി ഡോണരൂമയും ഖത്തറിലേക്ക് വരുന്നില്ല. കഴിഞ്ഞ യൂറോ കപ്പിലെ മികച്ച ഗോളിയും മികച്ച കളിക്കാരനുമായിരുന്നു ഡോണരൂമ. ഇറ്റലിക്ക് ലോകകപ്പ് ബെർത്ത് നഷ്ടപ്പെട്ടതോടെ പല പ്രമുഖ താരങ്ങളും ലോകകപ്പിനുണ്ടാവില്ല. 

എർലിംഗ് ഹാലാൻഡ്
നോർവെ യോഗ്യത നേടാതിരുന്നതാണ് ഹാലാൻഡിന്റെ ലോകകപ്പ് അരങ്ങേറ്റം വൈകിക്കുന്നത്. നോർവെയുടെ നിർണായക ലോകകപ്പ് മത്സരങ്ങളിൽ ഹാലാൻഡിന് പരിക്കു കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല. ലോക ഫുട്‌ബോളിൽ ഇപ്പോൾ ഹാലാൻഡിനോളം മികവുള്ള സ്‌ട്രൈക്കറില്ല. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി വെറും 13 കളികളിൽ 20 ഗോളാണ് താരം അടിച്ചു കൂട്ടിയത്. ബൊറൂസിയ ഡോർട്മുണ്ട് പോലെ താരതമ്യേന ചെറുകിട ക്ലബ്ബിൽ നിന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നതോടെ ഹാലാൻഡ് പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുമെന്നാണ് പലരും പ്രവചിച്ചത്. എന്നാൽ സിറ്റിയിൽ ഗോളടിച്ചു കൂട്ടുകയാണ് ഇരുപത്തിരണ്ടുകാരൻ. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 25 ഗോളടിച്ച കളിക്കാരനായി. സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നു കളിയിൽ ഹാട്രിക് നേടി. 
നോർവെ ജഴ്‌സിയിലും മിന്നുന്ന ഫോമിലായിരുന്നു സ്‌ട്രൈക്കർ. 22 കളികളിൽ 21 ഗോളടിച്ചു. എന്നാൽ നോർവെക്ക് മൂന്നു തവണയേ ലോകകപ്പ് കളിക്കാനായിട്ടുള്ളൂ, അവസാനം  പങ്കെടുത്തത് 1998 ലായിരുന്നു. ഹാലാൻഡ് ജനിക്കും മുമ്പ്. യൂറോപ്യൻ യോഗ്യത റൗണ്ടിൽ നെതർലാന്റ്‌സും തുർക്കിയുമുൾപ്പെട്ട ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു നോർവെ. 
എന്തായാലും ലോകകപ്പ് കളിക്കുന്ന 32 ടീമുകളിലെയും ഡിഫന്റർമാർക്ക് ആശ്വസിക്കാം. അരികെയൊന്നും ഹാലാൻഡ് ഇല്ലല്ലോ?

മുഹമ്മദ് സലാഹ്
ഈജിപ്ഷ്യൻ ഫറോവകൾ ഇല്ലാതെയാണ് അറബ് ലോകത്തെ ആദ്യ ലോകകപ്പ് നടക്കുകയെന്നത് സങ്കടകരമാണ്. അറബ് ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് ഈജിപ്ത്. വെറും ഫുട്‌ബോൾ മാത്രം പരിഗണിച്ചാലും ദുഃഖകരമാണ് മുഹമ്മദ് സലാഹിന്റെ അസാന്നിധ്യം. ആഫ്രിക്കൻ പ്ലേഓഫിൽ സെനഗലിനെതിരെ ആദ്യ പാദത്തിൽ ലീഡ് നേടിയ ശേഷമാണ് ഈജിപ്ത് അവസരം കൈവിട്ടത്. ഷൂട്ടൗട്ടിൽ സെനഗലിനോട് ഈജിപ്ത് തോറ്റു. ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇതേ എതിരാളികളോട് ഷൂട്ടൗട്ടിൽ കീഴടങ്ങിയതിന്റെ സങ്കടം മാറും മുമ്പേയാണ് ഈ ഇരുട്ടടി. നിർണായക നിമിഷങ്ങളിൽ സലാഹ് തന്റെ ഷൂട്ടിംഗ് ബൂട്ടുകളണിയാൻ മറന്നു. ആഫ്രിക്കൻ പ്ലേഓഫിലെ ഷൂട്ടൗട്ടിൽ സലാഹിന് പിഴച്ചു. പെനാൽട്ടി കിക്കെടുക്കുന്നതിനിടെ സലാഹിന്റെ മുഖത്ത് സെനഗൽ ആരാധകർ ലേസർ രശ്മികളടിച്ചതിനാൽ കളി വീണ്ടും നടത്തണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടെങ്കിലും ഫിഫ അംഗീകരിച്ചില്ല. സലാഹിന് 29 വയസ്സായി. ഇനിയൊരു ലോകകപ്പാവുമ്പോഴേക്കും ഫോമിലുണ്ടാവുമോയെന്ന് ഉറപ്പില്ല. രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും ലിവർപൂൾ സൂപ്പർ സ്റ്റാർ ആലോചിക്കുന്നുണ്ട്.  
പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും എതിരാളികളുടെ പേടിസ്വപ്‌നമാണ് സലാഹ്. ഈജിപ്തിനു വേണ്ടി 86 മത്സരങ്ങളിൽ 49 ഗോളടിച്ചിട്ടുണ്ട്. എന്നാൽ റഷ്യയിലെ കഴിഞ്ഞ ലോകകപ്പിലും ഈജിപ്തും സലാഹും നിരാശപ്പെടുത്തി. അന്ന് സലാഹിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്നു. സലാഹ് ഒരു ഗോളാണ് അടിച്ചത്. മൂന്നു കളിയും തോറ്റ് നാണം കെട്ട് ഈജിപ്ത് മടങ്ങി. അറബ് ലോകം ഉറ്റുനോക്കിയ സൗദി അറേബ്യക്കെതിരായ കളിയും തോറ്റു. ഖത്തറിൽ അതിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ഈജിപ്തിന് നഷ്ടപ്പെട്ടത്. 

യാൻ ഒബ്‌ലാക്
സ്ലൊവേനിയൻ ഗോൾകീപ്പർ യാൻ ഒബ്‌ലാക്കാണ് ലോകകപ്പിന് വരാത്ത മറ്റൊരു പ്രമുഖ താരം. 2014 മുതൽ അത്‌ലറ്റിക്കൊ മഡ്രീഡ് ഗോൾവലക്കു മുന്നിലെ വൻമതിലാണ് ഒബ്‌ലാക്ക്. ഇരുപത്തൊമ്പതുകാരൻ ദേശീയ ജഴ്‌സിയിൽ 51 മത്സരം കളിച്ചിട്ടുണ്ട്. അതിൽ ഇരുപത്തിമൂന്നിലും ഗോൾ വഴങ്ങിയില്ല. യൂറോപ്പിലെ ദുർബലമായ ടീമുകളിലൊന്നിനെ പ്രത്യാക്രമണ ശൈലിയിലൂടെ പിടിച്ചുനിൽക്കാൻ സഹായിക്കുന്നതിൽ ഒബ്‌ലാക്കിന് വലിയ പങ്കുണ്ട്. 

മാർക്കൊ വെറാറ്റി
നോർത് മാസിഡോണിയ എന്ന ലോക ഫുട്‌ബോളിലെ പുറമ്പോക്കുകാർക്കു മുന്നിൽ അടിതെറ്റിയാണ് യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിക്ക് ഈ ലോകകപ്പ് നഷ്ടപ്പെട്ടത്. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി യോഗ്യത നേടാതിരുന്നതോടെ ലോകകപ്പിന് നഷ്ടപ്പെടുന്ന നിരവധി പ്രമുഖ കളിക്കാരുണ്ട്. ഡോണരൂമ, ജോർജിഞ്ഞൊ, മാർക്കൊ വെറാറ്റി എന്നിവരാണ് ഇതിൽ പ്രധാനം. ഇറ്റലിയുടെയും പി.എസ്.ജിയുടെയും മധ്യനിരയിലെ കൊള്ളിയാനാണ് വെറാറ്റി. കളി നിയന്ത്രിക്കാൻ കെൽപുള്ള താരം. അസാധാരണമായ പാസിംഗ് റെയ്ഞ്ചുണ്ട് വെറാറ്റിക്ക്. കഴിഞ്ഞ യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരായ ഫൈനൽ വെറാറ്റിയുടെ കഴിവിന്റെ പ്രദർശനമായിരുന്നു. ഇറ്റലിയുടെ എല്ലാ നീക്കങ്ങളുടെയും കേന്ദ്ര ബിന്ദുവായിരുന്നു വെറാറ്റി. ഡോണരൂമയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടും. കഴിഞ്ഞ യൂറോ കപ്പിൽ ഏറ്റവുമധികം സമയം കളിച്ച കളിക്കാരനാണ് ഡോണരൂമ. സെമിഫൈനലിലും  ഫൈനലിലുമായി ഷൂട്ടൗട്ടിൽ മൂന്നു കിക്കുകൾ രക്ഷിച്ചു. ജോർജിഞ്ഞൊ 2020-21 ലെ യുവേഫ പ്ലയർ ഓഫ് ദ ഇയറായിരുന്നു. 

ലൂയിസ് ഡിയാസ്
കൊളംബിയയുടെ ഉദിച്ചുയരുന്ന യുവ താരമാണ് ലിവർപൂൾ കളിക്കാരൻ ലൂയിസ് ഡിയാസ്. കൊളംബിയ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. നേടിയാലും ഡിയാസിന് കളിക്കാൻ സാധിക്കുമായിരുന്നില്ല. പരിക്കേറ്റു കിടക്കുകയാണ് താരം. സാദിയൊ മാനെ ബയേൺ മ്യൂണിക്കിലേക്ക് പോയതോടെ ആ വലിയ വിടവ് നികത്താനാണ് ലിവർപൂൾ ഡിയാസിനെ കൊണ്ടുവന്നത്. ലിവർപൂൾ വിംഗിൽ സ്ഥിരം സ്ഥാനം നേടിയെടുക്കാൻ പെട്ടെന്നു തന്നെ ഡിയാസിന് സാധിച്ചു. 
കൊളംബിയ 2014 ലെ ലോകകപ്പിൽ ക്വാർട്ടറിലും 2018 ൽ പ്രി ക്വാർട്ടറിലുമെത്തിയിരുന്നു. ഹമീസ് റോഡ്രിഗസും റഡാമൽ ഫാൽക്കാവോയുമുൾപ്പെടെ ആ തലമുറയിലെ പലരും പ്രതാപകാലം പിന്നിട്ടു. പുതിയ തലമുറയിലെ പ്രമുഖ കളിക്കാരിലൊരാളാണ് ഡിയാസ്. തലമുറ മാറ്റത്തിന്റെ പാതയിലുള്ള കൊളംബിയക്ക് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. അഞ്ചാം സ്ഥാനത്തെങ്കിലുമെത്തിയിരുന്നെങ്കിൽ പ്ലേഓഫ് കളിക്കാമായിരുന്നു.

ഡേവിഡ് ആലബ 
ഓസ്ട്രിയയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് ഡേവിഡ് ആലബ. ക്ലബ് തലത്തിൽ ഏതാണ്ടെല്ലാ കിരീടവും നേടിയിട്ടുണ്ട്. 96 തവണ ദേശീയ ജഴ്‌സിയിട്ടു. എന്നാൽ റയൽ മഡ്രീഡ് ഡിഫന്റർക്ക് ഇതുവരെ ലോകകപ്പിൽ മുഖം കാണിക്കാനായിട്ടില്ല. ഇത്തവണ യൂറോപ്യൻ പ്ലേഓഫിൽ അവർ വെയ്ൽസിനോട് തോറ്റു. അടുത്ത ലോകകപ്പാവുമ്പോഴേക്കും ആലബക്ക് 33 വയസ്സാവും. 

സ്ലാറ്റൻ ഇബ്രഹിമോവിച്
2014 ലെ ലോകകപ്പിന് യോഗ്യത നേടാൻ സ്വീഡന് സാധിക്കാതിരുന്നപ്പോൾ സ്ലാറ്റൻ ഇബ്രഹിമോവിച് പറഞ്ഞു: ഞാനില്ലാത്ത ലോകകപ്പ് കാണാൻ കൊള്ളാത്ത ടൂർണമെന്റാണ്. എങ്കിൽ ഖത്തർ ലോകകപ്പും കാണാൻ ഹരമുണ്ടാവില്ല. 2002 ലെയും 2006 ലെയും ലോകകപ്പിലായി ഇബ്ര അഞ്ചു മത്സരങ്ങൾ കളിച്ചിരുന്നുവെങ്കിലും ഒരു ഗോൾ പോലുമടിക്കാനായില്ല. നാൽപതുകാരന് ഇനിയൊരു ലോകകപ്പ് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. 
യൂറോ കപ്പിലും ലോകകപ്പിലും കളിക്കാമെന്ന പ്രതീക്ഷയിൽ വിരമിക്കൽ റദ്ദാക്കി തിരിച്ചുവന്ന ഇബ്രക്ക് രണ്ടും നഷ്ടപ്പെട്ടു. യൂറോ കപ്പിൽ സ്വീഡൻ കളിച്ചെങ്കിലും ഇബ്രക്ക് പരിക്കായിരുന്നു. ലോകകപ്പിന് സ്വീഡന് യോഗ്യത നേടാനായില്ല. 2016 ൽ ഇബ്രഹിമോവിച് വിരമിച്ചതായിരുന്നു. അപ്രതീക്ഷിതമായി ഇറ്റലിയെ പ്ലേഓഫിൽ തോൽപിച്ച് സ്വീഡൻ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു. ഇബ്ര വീട്ടിലിരുന്ന് കളി കണ്ടു. ഇപ്പോഴും ഒന്നാന്തരം ഫോമിലാണ് ഇബ്രഹിമോവിച്. എന്നാൽ പരിക്കുകൾ അലട്ടുന്നു. യൂറോപ്യൻ പ്ലേഓഫിൽ പോളണ്ടിനോട് സ്വീഡൻ തോൽക്കുമ്പോൾ ഇബ്ര റിസർവ് ബെഞ്ചിലായിരുന്നു. അഞ്ച് ലോകകപ്പ് മത്സരങ്ങൾ ഇബ്ര കളിച്ചിട്ടുണ്ട്, ഒരു ഗോൾ പോലും നേടാനായില്ല. ലോക ഫുട്‌ബോളിലെ ശ്രദ്ധേയനായ ഒരു കളിക്കാരന്റെ വിടവാങ്ങൽ കാണാൻ ഖത്തർ ലോകകപ്പിന് ഭാഗ്യമുണ്ടാവില്ല. 

മാർടിൻ ഓഡെഗാഡ് 
നോർവെ എന്നു കേൾക്കുമ്പോൾ ഹാലാൻഡിനെയാണ് ഓർമ വരികയെങ്കിലും മാർടിൻ ഓഡെഗാഡ് ഒട്ടും പിന്നിലല്ല. ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ആഴ്‌സനലിന്റെ ക്യാപ്റ്റനാണ്. റയൽ മഡ്രീഡിൽ പ്രതിഭക്കൊത്തുയരാതെ പോയ ഓഡെഗാഡ് ആ ക്ഷീണം തീർക്കുകയാണ്. മധ്യനിരയിൽ കളിയുടെ ചുക്കാൻ എപ്പോഴും ഓഡെഗാഡിന്റെ കൈയിലായിരിക്കും. ഇരുപത്തിമൂന്നുകാരൻ 44 തവണ നോർവേക്ക് കളിച്ചിട്ടുണ്ട്. 2014 ൽ പതിനഞ്ചാം വയസ്സിലായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ വർഷം ദേശീയ ടീമിന്റെ ക്യാപ്റ്റനായി. 

വിക്ടർ ഒസിംഹൻ
സ്‌കോട്‌ലന്റിന്റെ ആൻഡ്രൂ റോബർട്‌സനും നൈജീരിയയുടെ വിക്ടർ ഒസിംഹനും ഗാബോണിന്റെ പിയറി എമറിക് ഓബമെയാംഗും ബോസ്‌നിയയുടെ എഡിൻ സെക്കോയും ചെക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും അൾജീരിയയുടെ റിയാദ് മഹ്‌റേസും ഐവറികോസ്റ്റിന്റെ ഫ്രാങ്ക് കെസിയുമൊക്കെ യൂറോപ്യൻ ഫുട്‌ബോളിലെ മുൻനിര കളിക്കാരാണ്. നൈജീരിയയും സ്‌കോട്‌ലന്റും പ്ലേഓഫിൽ തോൽക്കുകയായിരുന്നു. അധിനിവേശം നേരിടുന്ന ഉക്രൈൻ വൈകാരികമായ പ്ലേഓഫിൽ സ്‌കോട്‌ലന്റിനെ തോൽപിച്ചു. 24  വർഷമായി സ്‌കോട്‌ലന്റ് ലോകകപ്പിൽ മുഖം കാണിച്ചിട്ട്. ലിവർപൂൾ ലെഫ്റ്റ്ബാക്കായ റോബർട്‌സന് ഇനിയൊരവസരം കിട്ടാൻ സാധ്യത കുറവാണ്. ലിവർപൂളിന്റെ ലോകോത്തര ടീമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ഇരുപത്തെട്ടുകാരന് ലോകകപ്പിൽ കളിക്കാതെ വിരമിക്കേണ്ടി വന്നേക്കാം. 
ഘാനയോടാണ് നൈജീരിയ എവേ ഗോളിൽ പ്ലേഓഫ് തോറ്റത്. നൈജീരിയക്കു വേണ്ടി 23 കളികളിൽ 15 ഗോളടിച്ചിട്ടുണ്ട് ഒസിംഹൻ. നാപ്പോളിയുടെ ഇറ്റാലിയൻ ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും കുതിപ്പിനും ചുക്കാൻ പിടിക്കുന്നത് ഒസിംഹനുൾപ്പെട്ട മുൻനിരയാണ്. 

Latest News