കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ വൻതോതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ലോകായുക്തക്ക് മുന്നിലേക്ക്. വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോകായുക്ത പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാവും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി മുൻ മന്ത്രി കെ.കെ. ശൈലജക്കും കെ.എം.സി.എൽ ജനറൽ മാനേജർ ഡോ. ദിലീപ് അടക്കമുള്ളവർക്കും നോട്ടീസയച്ചു. ഒരു മാസത്തിനകം ഇവർ നോട്ടീസിന് മറുപടി നൽകണം.
കോവിഡ് പ്രതിരോധത്തിനായി സർക്കാർ പി.പി.ഇ കിറ്റുകൾ വാങ്ങിയത് വിപണി വിലയേക്കാൾ മൂന്നിരട്ടി കൂടുതൽ നൽകിയാണെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം നടത്തുന്നത്. 500 രൂപക്ക് കേരളത്തിലെ തന്നെ കമ്പനികൾ പി.പി.ഇ കിറ്റുകൾ നൽകുമെന്നിരിക്കേ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ഒരു തട്ടിക്കൂട്ടു കമ്പനിയിൽനിന്ന് 1500 രൂപക്ക് ബൾക്ക് പർച്ചെയ്സ് നടത്തിയത് വൻ അഴിമതിയാണന്നാണ് പരാതി. ഇടപാടിൽ സർക്കാരിന് കോടികളുടെ നഷ്ടമാണുണ്ടായത്. ഈ അഴിമതിയെ സംബന്ധിച്ച് ഏഷ്യാനെറ്റ് ചാനലിൽ വാർത്ത വന്നതിന് പിന്നാലെ ആരോഗ്യ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആ അന്വേഷണത്തിന്റെ കണ്ടെത്തലെന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനിടയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണ എസ്. നായർ ലോകായുക്തക്ക് പരാതി നൽകുന്നതും ലോകായുക്ത അന്വേഷണവുമായി മുന്നോട്ടു പോകുന്നതും.
കോവിഡ് മഹാമാരിയെ ലോകത്ത് തന്നെ ഏറ്റവും നല്ല നിലയിൽ പ്രതിരോധിച്ചുവെന്നൊക്കെയുള്ള കേരള സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും അവകാശവാദങ്ങളെല്ലാം എന്നോ പൊളിഞ്ഞ് പാളീസായതാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും കേരളം കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണെന്ന് കണക്കുകൾ തെളിയിക്കുന്നു. കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലായാലും മരണ സംഖ്യയായാലും രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയിലെ ജനസംഖ്യ പക്ഷേ കേരളത്തിന്റെ മൂന്നിരട്ടിയിലേറെയാണെന്നോർക്കണം.
കേരളത്തിൽ ഇന്നലെ വരെ 68,15,656 പേർക്ക് കോവിഡ് ബാധിച്ചുവെന്നും ഇതിൽ 71,281 പേർ മരിച്ചുവെന്നുമാണ് ഔദ്യോഗിക കണക്ക്. മഹാരാഷ്ട്രയിൽ ഇത് യഥാക്രമം 81,26,320 ഉം 1,48,367 മാണ്. മറ്റ് പല സംസ്ഥാനങ്ങളിലും വേണ്ടത്ര കോവിഡ് പരിശോധനകൾ നടത്തിയില്ലെന്നും അതുകൊണ്ടാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്നുമായിരുന്നു ഇതിന് കേരള സർക്കാർ വൃത്തങ്ങൾ പറഞ്ഞ ന്യായീകരണം. ഇത് കുറെയൊക്കെ ശരിയായിരിക്കാം. അപ്പോൾ മരണസംഖ്യ ഉയർന്നുനിൽക്കുന്നതോ? കേരളം വാസ്തവത്തിൽ കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ പല കളികളും കളിച്ചതാണ്. കോവിഡ് ബാധിച്ച് അതിന്റെ സങ്കീർണതകൾ മൂലം മരിച്ചവർക്കു പോലും മരണ സമയത്ത് വൈറസ് ബാധ ഉണ്ടായിരുന്നില്ലെങ്കിൽ അതിനെ കോവിഡ് കണക്കിൽ ഉൾപ്പെടുത്താതെയായിരുന്നു സർക്കാരിന്റെ കള്ളക്കളി. ഒടുവിൽ കോടതി ഇടപെട്ടാണ് അത് തിരുത്തിയത്. അതോടെ സർക്കാർ ഒഴിവാക്കിയ ആയിരക്കണക്കിന് കോവിഡ് മരണങ്ങൾ പട്ടികയിൽ ഉൾപ്പെട്ടു.
കോവിഡ് പ്രതിരോധത്തിൽ കേരളം നമ്പർ വൺ എന്നു വരുത്തിത്തീർക്കാൻ സർക്കാർ വേറെയും പല കാട്ടിക്കൂട്ടലുകളും നടത്തി. പ്രത്യേകിച്ച് പ്രവാസികൾക്ക് അവയൊന്നും മറക്കാനാവില്ല. മരണത്തിന്റെ വ്യാപാരികൾ എന്നാണ് കോവിഡ് കാലത്ത് പല പ്രതിബന്ധങ്ങൾ താണ്ടി നാട്ടിലെത്തിയ പ്രവാസികളെ സർക്കാർ അനുകൂലികൾ ആക്ഷേപിച്ചത്. വിമർശനമുയർന്നതോടെ പ്രവാസികൾക്ക് നാട്ടിൽ വരാമെന്നും രണ്ടര ലക്ഷം പേർക്ക് വരെയുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നുമായി. അത് വെറും തള്ള് മാത്രമായിരുന്നുവെന്ന് അക്കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്കറിയാം.
കണക്കുകളിൽ കൃത്രിമം കാട്ടിയും അന്യ നാടുകളിലുള്ള മലയാളികളെ സ്വദേശത്തേക്ക് വരുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തിയും കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലാണെന്ന് വരുത്തിത്തീർക്കാൻ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം മത്സരിക്കുകയായിരുന്നു. അതിനിടെ ആരോഗ്യ മന്ത്രിയെ തള്ളിമാറ്റി കോവിഡ് പ്രതിരോധത്തിന്റെ ചാമ്പ്യൻ കുപ്പായം സ്വയം അണിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ദിവസവും വൈകുന്നേരം ലൈവ് പത്രസമ്മേളനങ്ങളിൽ സർക്കാർ എങ്ങനെയൊക്കെയാണ് മഹാമാരിയെ ചെറുക്കുന്നതെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ശൈലജ തിരശ്ശീലക്ക് പിന്നിലായി. പക്ഷേ ശൈലജ അനുകൂലികൾ വെറുതെയിരുന്നില്ല. ആരോഗ്യ മന്ത്രിയെ തേടി അവാർഡുകളും അംഗീകാരങ്ങളും അഭിനന്ദനങ്ങളും കടൽ കടന്നെത്തി. പാശ്ചാത്യ മാധ്യമങ്ങളിൽ ശൈലജ കവർ ചിത്രമായി. അതിന്റെയൊക്കെ തിരിച്ചടിയാവാം തന്റെ രണ്ടാം സർക്കാരിൽ പിണറായി ശൈലജക്ക് ഇടം കൊടുത്തില്ല.
സർക്കാരിന്റെ പല നടപടികളും കണ്ണിൽ പൊടിയിടാനാണെന്ന് ജനം തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ഉള്ളവനും ഇല്ലാത്തവനുമെല്ലാം ഒരുപോലെ സൗജന്യ കിറ്റ് കൊടുത്തു എന്നതായിരുന്നു കോവിഡ് കാലത്ത് സർക്കാരിന്റെ ഒരു ക്ഷേമപ്രവർത്തനം. അതും പക്ഷേ 2021 ൽ അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന മാസം വരെയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതും നിലച്ചു.
കേരള സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെല്ലാം ശരാശരിയിലും താഴെയായിരുന്നുവെന്ന് ഇപ്പോൾ ഒരുവിധം സാധാരണക്കാർക്കൊക്കെ മനസ്സിലായിട്ടുണ്ട്. സർക്കാർ മുമ്പ് നടത്തിയതെല്ലാം വെറും പി.ആർ പ്രചാരണം മാത്രമായിരുന്നുവെന്ന് മുമ്പ് സർക്കാരിനെ അനുകൂലിച്ചിരുന്ന പലരും ഇപ്പോൾ സമ്മതിക്കും. ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരണക്കുകൾ അതിന് തെളിവാണ്. കോവിഡ് കാലത്ത് സർക്കാരിനെ ഉപദേശിച്ചിരുന്ന പല വിദഗ്ധന്മാരെയും ഇന്ന് കാണാനില്ല.
ഒരേ സമയം ജനത്തെ പറ്റിക്കലും പിണറായി - ശൈലജ ദ്വന്ദയുദ്ധവും മാത്രമല്ല കോവിഡ് കാലത്ത് നടന്നതെന്ന് വ്യക്തമാവുന്നത് മഹാമാരിയുടെ രൂക്ഷത തെല്ലൊന്ന് ശമിച്ചപ്പോഴാണ്. പുര കത്തുമ്പോൾ വാഴ വെട്ടുന്നു എന്ന് പറയുമ്പോലെ ജനങ്ങൾ മഴുവൻ മഹാമാരിക്കു മുന്നിൽ പകച്ചുനിൽക്കുമ്പോൾ കൊള്ള നടത്താൻ ഇതാണ് പറ്റിയ സമയമെന്ന പോലെയായിരുന്നു സർക്കാരിന്റെ നീക്കം. ഈ സമയത്ത് എന്തു ചെയ്താലും ആരും അറിയാൻ പോകുന്നില്ലെന്ന് കരുതിയാവാം പി.പി.ഇ കിറ്റ് അടക്കം മെഡിക്കൽ സാമഗ്രികൾ വാങ്ങുന്നതിൽ വൻ അഴിമതി നടത്തിയത്. പക്ഷേ അതും പിടിക്കപ്പെട്ടു.
മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്ത വന്നപ്പോൾ, അഴിമതിയേ നടന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയും കെ.കെ. ശൈലജയും നിയമസഭയിൽ പറഞ്ഞത്. കോവിഡ് ഒരു അസാധാരണ സാഹചര്യമായിരുന്നുവെന്നും അക്കാലത്ത് ആരോഗ്യ മേഖലക്ക് വൻതോതിൽ പി.പി.ഇ കിറ്റുകളും മാസ്കുകളും മറ്റു മെഡിക്കൽ സാമഗ്രികളും ആവശ്യമായതിനാലാണ് അവ കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്നും പറഞ്ഞ ശൈലജ ഒരു കാര്യം കൂടി വ്യക്തമാക്കി.
കോവിഡ് കാലത്ത് സർക്കാർ നടത്തിയ എല്ലാ പർചെയ്സുകളും മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന്. ഏതായാലും അഴിമതി നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്ന് പ്രാഥമികാന്വേഷണത്തൽ ലോകായുക്തക്ക് ബോധ്യമായി. അതിൽ ആർക്കൊക്കെ പങ്കുണ്ട്, പങ്കില്ല എന്ന് വിശദമായ അന്വേഷണത്തിൽ പുറത്തു വരും.
ലോകായുക്ത അന്വേഷണത്തിൽ ആരോപണം തെളിഞ്ഞാലും നടപടി ഉണ്ടാവുമോ എന്ന് വ്യക്തമല്ല. ലോകായുക്തയുടെ പല്ലും നഖവും കൊഴിക്കുന്ന ബിൽ നിയമസഭ പാസാക്കിയിട്ടുണ്ട്. പക്ഷേ ഗവർണർ ഒപ്പിട്ടിട്ടില്ല. സർക്കാരുമായി ഉടക്കിനിൽക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ലോകായുക്ത അന്വേഷണം എന്താവുമെന്ന് കണ്ടറയിണം.






