മധുവിധു നാളുകളില്‍ വീണ്ടും അറസ്റ്റിലായി നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും

ഞാറക്കല്‍, കൊച്ചി- നടി അശ്വതി ബാബുവും സുഹൃത്തും ഭര്‍ത്താവുമായ നൗഫലും ഹണിമൂണ്‍ ആഘോഷ നാളുകളിലാണിപ്പോള്‍. ജയിലറയിലെ ജീവിതമൊന്നും ഇരുവര്‍ക്കും പുത്തരിയല്ലെങ്കിലും ഈ ദിവസങ്ങളില്‍ ജയിലറ മണിയറയാവുന്നത് ഓര്‍ക്കാനേ വയ്യ. എന്നാല്‍ നവദമ്പതികളെ പോലീസ് വീണ്ടും പൊക്കിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ തുമ്പ സ്വദേശിയാണ് അശ്വതി. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്ന നൗഫലിനെ കഴിഞ്ഞ ആഴ്ചയാണ് അശ്വതി ബാബുവിനെ വിവാഹം ചെയ്തത്. രജിസ്റ്റര്‍ വിവാഹമായിരുന്നു. താന്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നും അത് ഉപേക്ഷിക്കാന്‍ ചികിത്സ തേടിയിരുന്നു എന്നും  അശ്വതി ബാബു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.16ാം വയസ്സില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി ഒടുവില്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് അശ്വതി ബാബു പറഞ്ഞത്. പിന്നീട് ലഹരി ഇടപാടുകളില്‍ ചെന്നുപെട്ടു.
വീട് കയറി ആക്രമണം നടത്തിയെന്ന കേസിലാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയേയും ഇവരുടെ വീട്ടില്‍ കയറി ആക്രമിച്ചു എന്നാണ് അശ്വതി ബാബുവിനും നൗഫലിനും എതിരായ കേസ്.
സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണം.  ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളും അശ്വതി ബാബുവിനും നൗഫലിനും എതിരെ ചുമത്തിയിട്ടുണ്ട്. അശ്വതിയെയും നൗഫലിനെയും മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. മുമ്പ് ദുബായിയില്‍ വെച്ചും ലഹരി മരുന്ന് കേസില്‍ അശ്വതി ബാബു അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ അശ്വതിയെയും നൗഫലിനെയും മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ലാണ് അശ്വതി ബാബുവിനെ എം ഡി എം എയുമായി തൃക്കാക്കര പോലീസ്  അറസ്റ്റ് ചെയ്തത്. വാര്‍ത്താ പ്രാധാന്യം നേടിയ അറസ്റ്റായിരുന്നു അത്. 
നൗഫലിനെ രജിസ്റ്റര്‍ വിവാഹം ചെയ്ത വേളയില്‍ പുതിയ ജീവിതം ആരംഭിക്കണമെന്നും  പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും  അശ്വതി ബാബു തുറന്ന് പറഞ്ഞിരുന്നു. 


 

Latest News