തമിഴ്‌നാട്ടില്‍ നൂറിലേറെ  സ്‌കൂള്‍  കുട്ടികള്‍ കുഴഞ്ഞു വീണു 

കൃഷ്ണഗിരി- തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലെ നൂറിലേറെ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവമുണ്ടായത്. വിഷവാതകചോര്‍ച്ചയെന്നാണ് പ്രാഥമിക നിഗമനം. ആറാം ക്‌ളാസിലെയും ഏഴാം ക്‌ളാസിലെയും വിദ്യാര്‍ത്ഥികള്‍ ഇന്നലെ വൈകുന്നേരത്തോടെ പെട്ടെന്ന് ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പെട്ടെന്നുതന്നെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടവും പോലീസും സ്‌കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കില്‍ ചോര്‍ച്ചയുണ്ടായതാണോ അതോ സമീപത്തെ വ്യവസായ കേന്ദ്രത്തില്‍ നിന്നും വിഷവാതക ചോര്‍ച്ചയുണ്ടായതാണോ എന്ന് പരിശോധന ആരംഭിച്ചിരുന്നു. കുട്ടികളുടെ നില ഗുരുതരമല്ല. അറുപതിലേറെ കുട്ടികള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.


 

Latest News