ന്യൂദല്‍ഹി- പോലീസ് ഉദ്യോഗസ്ഥനെതിരായ മലയന്‍കീഴ് പീഡനക്കേസില്‍ പരാതി നല്‍കാന്‍ വൈകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതി. 2019 ല്‍ നടന്ന പീഡനത്തിനെതിരെ പരാതി നല്‍കാന്‍ ഇത്രയും വൈകാനുള്ള കാരണം എന്താണെന്ന് കോടതി പരാതിക്കാരിയോട് ചോദിച്ചു.
പ്രതി എസ്.എച്ച്.ഒ സൈജുവിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. അന്ന് പരാതി നല്‍കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്ന് ഹരജിക്കാരി കോടതിയെ അറിയിച്ചു. എന്നാല്‍ എസ്എച്ച്ഒ സൈജുവിന് നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് ബി.ആര്‍ ഗവായ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേരള ഹൈക്കോടതിയാണ്. ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിച്ചിരുന്ന വനിതാ ഡോക്ടര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. തന്റെ പേരിലുള്ള കടകള്‍ പരാതിക്കാരി വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ മലയിന്‍കീഴ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്.ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. വാടക പ്രശ്‌നം പരിഹരിക്കാന്‍ ചെലവ് വേണമെന്ന് എസ്.എച്ച്.ഒ തന്നോട് പറഞ്ഞതായി പരാതിക്കാരി കോടതിയെ അറിയിച്ചു. തുടര്‍ന്ന് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരി പറഞ്ഞു.






