അട്ടപ്പാടിയിൽ നടക്കുന്നത് വംശീയഹത്യയെന്നു പറയുമ്പോൾ പലരും നെറ്റിചുളിക്കാറുണ്ട്. എന്നാൽ അവിടത്തെ ആദിവാസികൾ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയിൽ നേർപകുതിയിൽ താഴെയായതായാണ് കണക്കുകളെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പ്രധാന കാരണം ഭൂമിയിൽ നിന്നും വനാശ്രിതത്വത്തിൽ നിന്നുമുള്ള അവർ നിഷ്കാസിതരാകുന്നു എന്നതാണ്. വനാശ്രിതത്വവും പരമ്പരാഗത കാർഷിക സമ്പദ്വ്യവസ്ഥയുമാണ് ഗോത്രജീവിതത്തിന്റെ നട്ടെല്ല്. അതാണ് തകർന്നു കൊണ്ടിരിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസിഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എത്രയോ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അതുമായി ബന്ധപ്പെട്ട് എത്രയോ സമരങ്ങളും നടന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള 1975ലെ നിയമം ദുർബലപ്പെടുത്തിയതോടെ, ആദിവാസി ഭൂമികയ്യേറ്റത്തിന് പരസ്യമായ പിന്തുണയാണ് ഭരണസംവിധാനം നൽകിവരുന്നത് എന്നുകാണാം. 1950-60 കാലഘട്ടങ്ങളിൽ അട്ടപ്പാടിയിലെ ആദിവാസിഭൂമി തട്ടിയെടുത്തവരിൽ ഏറെയും മധ്യതിരുവിതാംകൂറിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കുടിയേറിയവരായിരുന്നു. എന്നാൽ പിന്നീട് സ്ഥിതിമാറി. വ്യാജമായി സംഘടിപ്പിക്കുന്ന റവന്യൂ റസീറ്റുകളും അത് ഉപയോഗിച്ച് നടത്തുന്ന ആധാരങ്ങളുമുണ്ടാക്കി കേരളത്തിന് അകത്തും പുറത്തുമുള്ള റിസോർട്ട് ഉടമകളും കമ്പനികളും ട്രസ്റ്റുകളും ഭൂമി പിടിച്ചെടുക്കുകയാണ്. ഇത്തരം കയ്യേറ്റങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടെ പിന്തുണയും പോലീസിന്റെ തുറന്ന സംരക്ഷണവും നൽകിവരുന്നതായി ആരോപണങ്ങളുണ്ട്. വട്ടുലക്കി ഊര് മൂപ്പൻ സൊറിയൻ മൂപ്പനെയും മകൻ വി.എസ്. മുരുഗനെയും ഭൂമാഫിയകളുടെ പരാതിയിന്മേൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ചീരക്കടവിലെ ആദിവാസികളെ തിരുവോണ നാളിൽ പോലും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ഇതിന് ഉദാഹരണമാണ്.
മേൽപറഞ്ഞ സംഭവങ്ങൾ കൂടാതെ ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ; ഭൂതിവഴിയിലെ കാളിക്കാടൻ മൂപ്പൻ; കമ്പളക്കാട് പുതൂരിലെ ആദിവാസികൾ; മരപ്പാലം ഊരിലെ ആദിവാസികുടുംബം; അഗളിമേലെ ഊരിലെ ആദിവാസികുടുംബം; ചാള ഊരിലെ മല്ലൻ; ഭൂതിവഴിയിലെ ആദിവാസികുടുംബം, തുടങ്ങി നിരവധി ആദിവാസികളുടെ ഭൂമിയിൽ കയ്യേറ്റമുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. എൻ.ജി.ഒകൾ ദീർഘകാല പാട്ടത്തിന് ഭൂമി കൈവശപ്പെടുത്തിയതു കൂടാതെ അട്ടപ്പാടി ഗിരിജൻ സർവ്വീസ് സൊസൈറ്റിയുടെ ഭൂമി തട്ടിയെടുക്കാൻ ഒരു പ്രമുഖ ജുവല്ലറി കമ്പനി നടത്തിയ ശ്രമത്തിന് പട്ടികവർഗ്ഗവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേരിട്ടുള്ള പിന്തുണ ഉണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാറ്റാടി പാടങ്ങൾക്ക് വേണ്ടിയുള്ള ഇടപാടുകൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. മണ്ണാർക്കാട് കോടതിയിൽ കൃത്രിമമായ രേഖകൾക്ക് അംഗീകാരം നൽകുന്നതായും വാർത്തകളുണ്ട്. കിഴക്കൻ അട്ടപ്പാടിയിൽ വ്യാജരേഖകളിലൂടെ ഭൂമി തട്ടിയെടുക്കുമ്പോൾ, ഗ്രാമസഭകൾ അംഗീകരിച്ച അപേക്ഷകൾ വനംവകുപ്പ് അംഗീകാരം നൽകാതെ വനാവകാശമുള്ള ആദിവാസി ഭൂമി പിടിച്ചെടുക്കുന്നതായും പരാതികൾ നിലനിൽക്കുന്നുണ്ട്. മറുവശത്ത് അട്ടപ്പാടിയിൽ തുടർന്നുകൊണ്ടിരിക്കുന്ന ശിശുമരണവും, മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനയും ആദിവാസിസമൂഹത്തിന് നേരെ ഉയരുന്ന വംശീയ വെല്ലുവിളിയായി കാണേണ്ടതുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് 960 കളിൽ സെറ്റിൽമെന്റ് രജിസ്റ്ററുകളിൽ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയിന്മേലുള്ള എല്ലാ ക്രയവിക്രയങ്ങളെക്കുറിച്ചും ഒരു ഉന്നത ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കുക, ഭൂമി കയ്യേറ്റകേസുകളിൽ പോലീസിന്റെ ആദിവാസി വിരുദ്ധമായ ഇടപെടൽ അവസാനിപ്പിക്കുക, ആദിവാസി ഭൂമിയിൽ നടക്കുന്ന ക്രയവിക്രയങ്ങൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പാലക്കാട് കലക്ടറേറ്റിനു മുന്നിൽ ആദിവാസികൾ നടത്തിയ ഏകദിന സത്യഗ്രഹം ശ്രദ്ധേയമായത്. കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്ത സത്യഗ്രഹത്തിൽ എം ഗീതാനന്ദൻ, സൊറിയൻ മൂപ്പൻ, വട്ടുലക്കി (ചെയർമാൻ), ഭഗവതി അമ്മ (വൈസ് ചെയർപേഴ്സൺ), വെള്ളി പൊട്ടിക്കൽ (ജന. കൺവീനർ) തുടങ്ങി നിരവധി ആദിവാസി ദളിത് സംഘടനാ പ്രതിനിധികളും സാമൂഹ്യ - രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംസാരിച്ചു. നീതിക്കും ഭൂമിക്കുമായുള്ള പോരാട്ടം അട്ടപ്പാടി ആദിവാസിഭൂമി - വനാവകാശ സംരക്ഷണസമിതിയുടെ തീരുമാനം.
അട്ടപ്പാടിയിൽ നടക്കുന്നത് വംശീയഹത്യയെന്നു പറയുമ്പോൾ പലരും നെറ്റിചുളിക്കാറുണ്ട്. എന്നാൽ അവിടത്തെ ആദിവാസികൾ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയിൽ നേർപകുതിയിൽ താഴെയായതായാണ് കണക്കുകളെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പ്രധാന കാരണം ഭൂമിയിൽ നിന്നും വനാശ്രിതത്വത്തിൽ നിന്നുമുള്ള അവർ നിഷ്കാസിതരാകുന്നു എന്നതാണ്. വനാശ്രിതത്വവും പരമ്പരാഗത കാർഷിക സമ്പദ്വ്യവസ്ഥയുമാണ് ഗോത്രജീവിതത്തിന്റെ നട്ടെല്ല്. അതാണ് തകർന്നു കൊണ്ടിരിക്കുന്നത്. പരിരക്ഷാ നിയമങ്ങൾ ദുർബലപ്പെടുത്തികൊണ്ടാണ് ആദിവാസികളെ ഭൂമിയിൽ നിന്നും ആട്ടിയോടിക്കുന്നത്.
ഇതിനിടയിൽ വനഭൂമിയിൽ നിന്നും കൃഷിഭൂമിയിൽ നിന്നും ഗോത്രജീവിതത്തെ തുടച്ചുമാറ്റാൻ പുതിയൊരു തന്ത്രം കൂടി ബ്യൂറോക്രസിയും ഭരണകൂടങ്ങളും കണ്ടുപിടിച്ചതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ആദിവാസി ഫണ്ട് കോൺട്രാക്ടർ ലോബികളിലൂടെയും ഇടനിലക്കാരിലൂടെയും തട്ടിയെടുക്കുന്ന സംവിധാനമാണ് അട്ടപ്പാടിയിൽ വികസിപ്പിച്ചത്. പിന്നീടാകട്ടെ കോൺട്രാക്ടർമാർക്ക് പകരം എൻ.ജി.ഒകളും കൺസൾട്ടൻസികളും വലിയൊരു ഉദ്യോഗസ്ഥനിരയും രംഗത്തുവന്നു. ഇതോടൊപ്പം ത്രിതല പഞ്ചായത്ത്രാജും നിലവിൽ വന്നതോടെ ഫലത്തിൽ ആദിവാസി ഫണ്ട് കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലായി. പതുക്കെ പതുക്കെ ഭൂമിയിൽ നിന്നും വിഭവാധികാരത്തിന്റെ മറ്റ് സാധ്യതകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഗോത്രസമൂഹത്തിന്റെ അവശേഷിക്കുന്ന കൃഷിഭൂമി വരൾച്ച ബാധിതപ്രദേശമായി. പോഷകാഹാരവും ആരോഗ്യവും നഷ്ടപ്പെട്ട ഒരു ജനതയായി മാറിയ ആദിവാസി സമൂഹം വംശഹത്യയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ പോഷകാഹാരകുറവും രക്തക്കുറവുമാണ് വ്യാപകമായ നവജാത ശിശുമരണത്തിന് കാരണമെന്നത് വ്യക്തം.
അട്ടപ്പാടിയിലെ ശിശുമരണവാർത്തകൾ വ്യാപകമായതോടെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. വാട്ടർ അതോറിറ്റി 30 കോടി, ജലനിധി നാല് കോടി, പട്ടികവർഗ്ഗം ഒരു കോടി, വെജിറ്റബിൾ പ്രമോഷൻ ഒന്നേമുക്കാൽ കോടി, പാരമ്പര്യകൃഷിക്ക് മൂന്ന് കോടി, കമ്മ്യൂണിറ്റി കിച്ചൺ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. എന്നാൽ കാര്യമായ മാറ്റമൊന്നുമില്ലാതെ ശിശുമരണം തുടരുന്നു. മറുവശത്ത് ആദിവാസികളുടെ കൂട്ടായ്മയും പരമ്പരാഗത ഊരുകളുടെ ഗ്രാമസഭാ സംവിധാനവും തകരുകയും ചെയ്യുന്നു. പെസാ നിയമത്തിന്റെ പരിധിയിൽ അട്ടപ്പാടിയെ ഉൾപ്പെടുത്തിയിട്ടുമില്ല. തീർച്ചയായും മധുവിന്റെ കൊലപാതകത്തെ സ്പംർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. ക്രൂരമായ ആ ആൾക്കൂട്ടകൊലപാതകക്കേസ് അട്ടിമറിക്കപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വ്യക്തം. എന്നിട്ടും കാര്യമായ പ്രതികരണമൊന്നും കേരളീയ സമൂഹത്തിൽ നിന്നുയരുന്നില്ല എന്നതിൽ നിന്നുതന്നെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ രാഷ്ട്രീയപ്രബുദ്ധത എത്രമാത്രം കപടമാണെന്നതിന്റെ തെളിവാണ്.






