Sorry, you need to enable JavaScript to visit this website.

അംഗീകാരങ്ങൾ അനിവാര്യം

അവാർഡിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ പായുന്നവരായല്ല, അവാർഡുകളും അംഗീകാരങ്ങളും തേടി വരുന്ന തരത്തിൽ നമ്മുടെ കർമ്മങ്ങളെ  കൂടുതൽ ചൈതന്യവത്താക്കുന്നതിലാണ് കാര്യമെന്ന് കൂടി നാം മനസ്സിലാക്കണം. കൂടാതെ മറ്റുള്ളവരിലെ സവിശേഷ സിദ്ധികളെയും അവരുടെ സേവനങ്ങളേയും അംഗീകരിച്ചു ആദരിക്കുമ്പോൾ ആ മേന്മകളിൽ നമ്മളും പങ്കാളികളാവുന്നുണ്ടെന്നറിയുക.

 

സമ്മാനിതരാവാൻ കൊതിക്കാത്തവർ കുറവായിരിക്കും. വിദ്യാലയങ്ങൾ,  കുടുംബങ്ങൾ,  പ്രാദേശിക കൂട്ടായ്മകൾ, തൊഴിലിടങ്ങൾ,  സംഘടനകൾ,  സർക്കാർ എന്നിവയെല്ലാം പലതരം അംഗീകാ രങ്ങളും അഭിനന്ദനങ്ങളും  സമ്മാനങ്ങളും  വിവിധ മികവുകൾക്കായി നൽകി വരാറുണ്ട്.

മികവുകൾ പരസ്പരം  അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്താൽ കൂടുതൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാനസിക  സമ്മർദ്ദം, കൊഴിഞ്ഞ് പോക്ക്, വിഭവ നഷ്ടങ്ങൾ  എന്നിവ കുറയ്ക്കാനും , മനോവീര്യം,  ഉൽപ്പാദനക്ഷമത,  പരസ്പര സഹകരണം എന്നിവ  വർദ്ധിപ്പിക്കുന്നതിനും അംഗീകാരങ്ങളും അവാർഡുകളും ഏറെ സഹായിക്കുന്നു. 

ക്ലാസ്‌റൂമിൽ, കുട്ടികളുടെ  പെരുമാറ്റത്തെ ക്രിയാത്മകമായി സ്വാധീനിക്കാനും , അവരുടെ  ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനും ടെസ്റ്റ് സ്‌കോറുകൾ മെച്ചപ്പെടുത്തുന്നതിനും അവരിലെ വിവിധ ശേഷികളെ കണ്ടെത്തി അംഗീകരിക്കുന്നത് സഹായിക്കും. പഠനത്തിലുള്ള വർദ്ധിത  താൽപ്പര്യത്തിനും അതിടയാക്കും .

വാസ്തവത്തിൽ, പലരും ജോലി ഉപേക്ഷിക്കുന്നതിന്റെ  പ്രധാന കാരണം പരിമിതമായ അംഗീകാരവും പ്രശംസയും ആണെന്ന് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.   ആദരവ് , അഭിനന്ദനം, അംഗീകാരം എന്നിവയ്ക്ക്  ചിലർ പലപ്പോഴും   പണത്തേക്കാൾ കൂടുതൽ  പ്രാധാന്യം  നൽകുന്നതായും കാണാം.

പ്രതിഭാധനരായ ടീം അംഗങ്ങളെയും , സഹപ്രവർത്തകരെയും ,  വിദ്യാർത്ഥികളെയും  കുടുംബാംഗങ്ങളെയും   തിരിച്ചറിയാൻ ഒരോരുത്തരുടേയും സവിശേഷമായ  നേട്ടങ്ങൾ നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും നന്നായിരിക്കും.

കൂടുതൽ ഔപചാരികമായ  രംഗത്താവുമ്പോൾ  കൃത്യതയും ചിട്ടയുമുള്ള പ്രതിഭാ തിരിച്ചറിയൽ പദ്ധതി നടപ്പാക്കുന്നതായിരിക്കും ഉചിതം.

ഉദാഹരണത്തിന് മികച്ച തൊഴിലാളി, വിൽപനക്കാരൻ, മാനേജർ, ജനസേവകൻ  തുടങ്ങിയവരെ കണ്ടെത്തുന്നതിനായി  വിവിധ കാര്യങ്ങളിൽ സ്‌കോർ ചെയ്യുന്ന പോയിന്റുകൾ  ഉൾപ്പടെ  ഏത് ലക്ഷ്യത്തിനും അനുയോജ്യമായ രീതിയിൽ
പ്രതിഭാ നിർണ്ണയ  പ്രോഗ്രാം രൂപപ്പെടുത്താവുന്നതാണ്.

പ്രതിഭാ തിരിച്ചറിയൽ തന്നെയാണ് ഏതൊരു കൂട്ടായ്മയുടേയും ക്ഷേമത്തിനും വിജയത്തിനും  വളരെ പ്രധാനം. ആളുകൾ ചെയ്യുന്ന ജോലിയെ  അഭിനന്ദിക്കുന്നുവെന്നും  അവരുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നുവെന്നും  അവരുടെ നേട്ടങ്ങൾ തിരിച്ചറിയുന്നുവെന്നും ഉറപ്പ് വരുത്തുന്നത്  മികച്ച പ്രകടനം, ഉൽപ്പാദനക്ഷമത, ധാർമ്മികത, ജീവനക്കാരെ നിലനിർത്തൽ, മൊത്തത്തിലുള്ള സംതൃപ്തി എന്നിവയിലുള്ള  വർദ്ധനവിന് കാരണമാക്കുന്നു  എന്നത് പല ചെറുകിട സംരംഭകരും തുടക്കക്കാരും 
മറന്നു പോവുന്ന കാര്യമാണ്.

അഭിനന്ദനവും അംഗീകാരവും ആളുകൾ അവരുടെ ജോലിയിൽ വിലമതിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ്. ജീവനക്കാർക്ക് പണം മാത്രം  പ്രതിഫലം നൽകുന്നത് ഒരു സംരംഭത്തേയും കൂടുതൽ വിജയത്തിലേക്ക് നയിക്കുകയില്ല.
മികച്ച പല സംരംഭങ്ങളും സ്ഥാപനങ്ങളും  മികവിൽ നിന്ന് കൂടുതൽ മികവിലേക്ക് കുതിക്കുന്നത്  ഇങ്ങനെ പ്രതിഭാധനരെ അംഗീകരിച്ചും അഭിനന്ദിച്ചും കൂടിയാണ്.

ലോകാടിസ്ഥാനത്തിൽ തന്നെ ഉന്നത പ്രതിഭാധനർക്ക് അതി പ്രശസ്തമായ അവാർഡുകൾ നൽകി വരുന്നുണ്ട്. സമാധാനം, സാഹിത്യം ഭൗതിക ശാസ്ത്രം രസതന്ത്രം വൈദ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകുന്നവർക്ക്  വർഷം തോറും നൽകി വരുന്ന ഏറെ പ്രശസ്തമായ അംഗീകാരമാണ്   നോബെൽ സമ്മാനം.

സംഗീത രംഗത്ത് അനന്യമായ പ്രതിഭാ വിലാസം കൊണ്ട് അൽഭുതകരമായ നേട്ടങ്ങൾ കൈവരിച്ചവർക്ക് നൽകുന്നതാണ്  ഗ്രാമി അവാർഡ്.
1959 ലാണ് ഈ അവാർഡ് നൽകി തുടങ്ങിയത്. ഇന്ത്യൻ സംഗീതജ്ഞനായ പണ്ഡിറ്റ് രവി ശങ്കർ  മൂന്ന് തവണ ഈ അവാർഡ് നേടിയിട്ടുണ്ട്.

പത്രപ്രവർത്തനം സാഹിത്യം സംഗീതം എന്നീ മേഖലകളിൽ വിശിഷ്ട സേവനം നടത്തുന്ന പ്രതിഭാധനർക്ക് നൽകുന്ന മറ്റൊരു വിശ്രുത പുരസ്‌ക്കാരമാണ്  പുലിറ്റ്‌സർ സമ്മാനം.  1917 മുതൽ നൽകി വരുന്ന ഈ സമ്മാനം കവിയും പത്രപ്രവർത്തകനുമായ  വിജയ് ശേഷാദ്രിയും ക്യാൻസർ ചികിത്സാ രംഗത്തെ പ്രഗൽഭനും ഗ്രന്ഥകാരനുമായ സിദ്ധാർത്ഥ മുഖർജി ഉൾപ്പടെ ഏതാനും ഇൻഡ്യക്കാർ നേടിയിട്ടുണ്ട്.

ഇതൊന്നും കൂടാതെ മറ്റ് മികച്ച പല അവാർഡുകളും അന്താരാഷ്ട്ര തലത്തിലും  ദേശീയ, സംസ്ഥാന, ജില്ലാ , പ്രദേശിക തലത്തിലും നൽകി വരുന്ന കാര്യം  അംഗീകാരത്തിന്റെയും അവാർഡുകളുടേയും  ആരോഗ്യകരമായ ആവശ്യകതയെ കുറിച്ച് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.

അവാർഡിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ പായുന്നവരായല്ല, അവാർഡുകളും അംഗീകാരങ്ങളും തേടി വരുന്ന തരത്തിൽ നമ്മുടെ കർമ്മങ്ങളെ  കൂടുതൽ ചൈതന്യവത്താക്കുന്നതിലാണ് കാര്യമെന്ന് കൂടി നാം മനസ്സിലാക്കണം. കൂടാതെ മറ്റുള്ളവരിലെ സവിശേഷ സിദ്ധികളെയും അവരുടെ സേവനങ്ങളേയും അംഗീകരിച്ചു ആദരിക്കുമ്പോൾ ആ മേന്മകളിൽ നമ്മളും പങ്കാളികളാവുന്നുണ്ടെന്നറിയുക.

Latest News