കളത്തിങ്ങൽ അബ്ദുഹാജി:  കളം മാറാത്ത കരുത്ത്


മലപ്പുറം മങ്കടയ്ക്കടുത്ത വേരുംപുലാക്കലെ കളത്തിങ്ങൽ അബ്ദുഹാജിയെ അറിയാത്തവർ വിരളമാവും. സാഹസിക യാത്രയിൽ കേമൻ, കറ കളഞ്ഞ മുസ്‌ലിംലീഗുകാരൻ, നാട്ടുപുരാണങ്ങളും നാട്ടു ചൊല്ലുകളും ഹൃദ്യം, കാർഷിക വിദ്യാഭ്യാസത്തിൽ നിപുണൻ, രാഷ്ട്രീയ വിഷയങ്ങളിൽ കംപ്യൂട്ടറിനെ വെല്ലും ജ്ഞാനം... ഒളിമങ്ങാത്ത ഓർമ്മകളുടെ കലവറ പേറി നടക്കുകയാണ് 84 കാരനായ, ഈ 'യുവാവ്'.

 


എട്ടു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഹാജി പതിനൊന്നാം വയസ്സിൽ വാപ്പയുടെ 35 രൂപ മോഷ്ടിച്ച് തുടങ്ങിയ നീണ്ട യാത്രയാണ് പിൽക്കാലത്ത്  ദേശാന്തരങ്ങൾ പിന്നിട്ടത്. യാത്രകൾ ഇനിയും വിടുന്ന മട്ടില്ല. കമ്യൂണിസ്റ്റ് ചൈനയിൽ കൂടി പോകണമെന്ന മോഹം ബാക്കി. പിതാവ് കളത്തിങ്ങൽ ഉണ്ണീൻ ഹാജി കേളി കേട്ട കർഷകൻ. അന്ന് പാടം രണ്ട് വിള കഴിഞ്ഞാൽ കപ്പ നടും. കപ്പക്ക് അന്ന് നല്ല വിലയാണ്. കപ്പ വിറ്റ കാശിൽ നിന്ന് അടിച്ച് മാറ്റിയാണ് അബ്ദുവിന്റെ 'ആദ്യ യാത്രാ കൈനീട്ടം'. കോഴിക്കോട് വഴി ബത്തേരിയിൽ ഇറങ്ങി  ചേരമ്പാടി എത്തിയപ്പോൾ പോലീസ് പിടിയിലായി. കൂട്ടിന് ബത്തേരിയിൽ നിന്ന് കണ്ട മങ്കടക്കാരൻ പരിയംതടത്തിൽ അഹമ്മദിനെയും കിട്ടി. ബത്തേരി സ്റ്റേഷനിലെ ബന്ധുവായ ഒരു പോലീസുകാരൻ നാട്ടിലേക്ക് കമ്പിയടിച്ചു. രണ്ട് ദിവസത്തിനകം വലിയ ജ്യേഷ്ഠൻ മുഹമ്മദാജിയെത്തി കൂട്ടിക്കൊണ്ടു വന്നു. അന്ന് ആനക്കയത്ത് പാലമില്ല. ചങ്ങാടം കടന്ന് കാൽ നടയായി വേരുംപുലാക്കലെത്തി. സ്‌നേഹത്തിൽ പൊതിഞ്ഞ് വീട്ടിൽ പിതാവിന്റെ മുമ്പിൽ ഹാജരാക്കിയ അബ്ദുവിന് സഹോദരന്റെ വക നല്ല പെട കിട്ടി. അത് ഒരു ഒന്നൊന്നര അടിയായിരുന്നു. 
ഹാജിയുടെ ഓർമ്മകൾ പിന്നെയും പിറകിലേക്ക്. 
അടിയുടെ ഊക്കിൽ നിരന്തരം സർക്കീട്ടുകൾ. പതിനേഴാം വയസ്സിൽ മോഹമുദിച്ചത് നടന്ന് ഹജിനു പോകണമെന്നായിരുന്നു. പിതാവിൽനിന്ന് പണമൊപ്പിച്ച് ബോംബെക്ക് വണ്ടി കേറി. അഹമ്മദാബാദ്, ജബൽപൂർ, അജ്മീർ എന്നിവിടങ്ങളിൽ പല കച്ചവടവും ചെയ്തു. കാൽനടയായുള്ള ഹജിന് പോക്കിൽ പാക്കിസ്ഥാൻ ഗ്രാമത്തിൽ വെച്ച് പിടിയിലായി. പാക്കിസ്ഥാനികൾക്കിടയിൽ  കുടുങ്ങിയ അബ്ദുവിന് ഖുർആൻ അറിയുമോ എന്നായി ചില പാക്കിസ്ഥാനികളുടെ ചോദ്യം. മദ്രസയിൽനിന്ന് നന്നായി വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ അബ്ദുവിനെ അവർ ഗ്രാമത്തിലെ ഉസ്താദാക്കി. അവിടന്ന് മെല്ലെ രക്ഷപ്പെട്ട് മരുഭൂമി വഴി നടക്കുന്നതിടയിൽ ഇന്ത്യൻ സേനയുടെ പിടിയിലകപ്പെട്ടു. അന്ന് നിയമങ്ങൾ ലളിതം. അവർ അതിർത്തി കടത്തി നാട്ടിലേക്ക് പോകാൻ സൗകര്യം ചെയ്ത് കൊടുത്തു.

ഉലകം ചുറ്റുന്ന പത്തൊമ്പതുകാരനായ പുത്രനെ മംഗലം കഴിപ്പിച്ച് നാട്ടിൽത്തന്നെ പിടിച്ച് നിർത്താനായിരുന്നു പിന്നെ പിതാവിന്റെ ശ്രമം. വിവാഹം കഴിച്ച ഹാജി തമിഴ്‌നാട്, ബോംബെ, പൂന എന്നിവിടങ്ങളിൽ കറങ്ങി ടണൽ വർക്കിലൊക്കെ ഏർപ്പെട്ടു. യു.എ.ഇ യിലേക്കും പിന്നീട് സൗദിയിലേക്കും പോയി അവിടങ്ങളിലും ജോലി ചെയ്തു. 1979 ലാണ് അബ്ദുഹാജി ആദ്യമായി ഹജിന് പോയത്. പിന്നീട് പലവട്ടം ഹജ് ചെയ്തു. രണ്ട് ഭാര്യമാരുണ്ടായിരുന്ന അബ്ദുഹാജിക്ക് ഹജിന്റെ കണക്കും മറ്റ് വ്യവഹാര-കുടുംബ സ്വകാര്യ ജീവിതങ്ങളിലേക്കും കടന്ന് കയറിയാൽ മറുപടി ചിരിയായി വരും.
ബാല്യകാലത്ത് തന്നെയുള്ള അപാര ധൈര്യമാണ് അബ്ദുഹാജിയുടെ ജീവിത രീതിക്ക് കരുത്തേകിയത്. വേരുംപുലാക്കലെ കളത്തിങ്ങൽ കുഞ്ഞാലിയുടെ ഓത്തുപള്ളി / സ്‌കൂളിൽ തുളുവത്ത് കുഞ്ഞിമൊയ്തീൻ കുട്ടി മൊല്ലാക്കയിൽ നിന്നും കടന്നമണ്ണ ആനേങ്ങാടൻ ഉണ്ണീൻ മുസ്ല്യാരിൽ നിന്നുമാണ് പഠനം. ബ്രിട്ടീഷ് ഭരണകാലത്തെ സ്‌കൂളിലെ മൂന്നാം ക്ലാസുകാരൻ ഇന്ത്യൻ ഭരണത്തിൽ അഞ്ചാം തരം പൂർത്തിയാക്കി.
പത്താം വയസ്സിൽ കടന്നമണ്ണ ഇഹ്യാഉദ്ദീൻ മദ്രസാ വാർഷികത്തിൽ കെ.എം സീതി സാഹിബാണ് അധ്യക്ഷൻ. 
കളത്തിങ്ങൽ അബ്ദുവും പ്രസംഗ മത്സരത്തിനുണ്ട്. അന്ന് പ്രസംഗിക്കൽ എല്ലാം കാൽമുട്ട് വിറക്കുന്ന കേസാണ്. അബ്ദുവിന് 'മൊയ്‌ല്യാര്' എഴുതിക്കൊടുത്ത പ്രസംഗത്തിന്റെ കടലാസ് തുണ്ടും തിരക്കിനിടയിൽ നഷ്ടപ്പെട്ടു. അവസാനം തന്റെ ഊഴം വന്നപ്പോൾ പ്രസംഗം ഹൃദിസ്ഥമാക്കിയ കൂട്ടത്തിൽ മനസ്സിൽ ഉദിച്ചതെല്ലാം ചേർത്തങ്ങ് കാച്ചി. കുട്ടിയുടെ തകർപ്പൻ പ്രസംഗം കേട്ട സീതി സാഹിബ് പുറത്ത് കൊട്ടി ആശീർവദിച്ചത് ഇന്നലെ നടന്ന പോലെ.
പിന്നെ ലീഗ് ബാനറിൽ സീതി സാഹിബും എം. ചടയനും മത്സരിച്ച മഞ്ചേരി ദ്വയാംഗ മണ്ഡലത്തിൽ പ്രചാരണം കാണാൻ പോയി. അന്ന് ഇസ്മായിൽ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് എൻ.വി.അബ്ദുസ്സലാം മൗലവി. ഹൈദ്രബാദിലെ മുഹമ്മദ് റസാഖ് ഖാന്റെ പ്രസംഗം വിവർത്തനം ചെയ്തത് പാലക്കാട്ടെ ഇ.എസ്.എം ഹനീഫ ഹാജിയും. അബ്ദുഹാജിയുടെയടുത്ത് ഒളിമങ്ങാത്ത ഓർമ്മകളുടെ വൻമല.

കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി പട്ടാമ്പി കെ.പി തങ്ങളും മുസ്‌ലിംലീഗിലെ വി. അബ്ദുൽ മജീദും മത്സരിച്ച മങ്കട ഫർക്ക തെരഞ്ഞെടുപ്പിൽ അബ്ദുഹാജിയും സജീവം. അന്ന് ലീഗിലെ അബ്ദുൽമജീദാണ് ജയിച്ചത്. പിന്നീട് കെ.കെ.എസ് തങ്ങൾ മത്സരിച്ചപ്പോൾ പ്രചാരണത്തിലെ അപാകത തോൽവിയിലെത്തി. 1967 ൽ സി.എച്ചിന് കാര്യമായ എതിരുണ്ടായിരുന്നില്ല.
തയ്യിൽ കുഞ്ഞയമുഹാജി, തയ്യിൽ മുഹമ്മദ്, എലിക്കോട്ടിൽ കുഞ്ഞി മമ്മു മൗലവി, നാണിക്കുഴിയൻ കുഞ്ഞാലി, പള്ളിയാലിൽ പാലക്കത്തടത്തിൽ അയമദ്കാക്ക, കളത്തിൽ മമ്മു, നിരവിൽ പൂക്കോയ തങ്ങൾ, കോണോത്തൊടി ചേറൂർ ഹസ്സൻ എന്നിവരൊക്കെയാണ് അന്ന് മങ്കടയിലെ പ്രമുഖരായ മുസ്‌ലിം ലീഗ് നേതാക്കൾ.

കളത്തിങ്ങൽ അബ്ദുഹാജിയുടെ ഭാര്യമാർ: പാത്തുമ്മ കേരളാംതൊടി, സുലൈഖ കുരുവമ്പലം.  മക്കൾ: മുഹമ്മദ് മുസ്തഫ, ഉനീസ് ബാബു, റംലത്ത്, ജസീന, ജംഷീറ, ജസ്‌ന.
മരുമക്കൾ: തെക്കത്ത് റസിയ മക്കരപ്പറമ്പ്, കുന്നത്തൊടി ഫെമിത ആനക്കയം, ചോലമുഖത്ത് അബ്ദുൽ ഹമീദ് അമ്മിനിക്കാട്, കല്ലിങ്ങൽ ശിഹാബുൽ ഹഖ് കൂട്ടിൽ, ദാവൂദ് മാസ്റ്റർ അരീച്ചോല.

സർക്കാരുദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും നേരിട്ട് ബന്ധമുള്ള അബ്ദുഹാജി മലപ്പുറം ജില്ലാ കലക്ടർമാരായിരുന്ന അമിത് മീണ, ജാഫർ മാലിക് എന്നിവരെ കാണാൻ ചെന്നു. അബ്ദുഹാജിയെ ആദ്യമായി കണ്ട അവർക്ക് ഒരു നാടൻ മലപ്പുറം ലുക്ക് പോലെ. എന്നാൽ ഹാജിയുടെ ഭാഷയിലെ ഒഴുക്ക് കണ്ട ഉത്തരേന്ത്യക്കാരായ രണ്ടു കലക്ടർമാർക്കും വിസ്മയം. അവരുടെ പേറ്റുനാടും സംസ്‌കാരവും ജിവിത രീതി, കാർഷിക രീതിയും ഒക്കെ ഉത്തരേന്ത്യൻ ശൈലിയിൽ വിവരിച്ചു കൊടുത്തപ്പോൾ ഉത്തരേന്ത്യക്കാർ ശരിക്കും അന്ധാളിച്ചു പോയി.

അബ്ദുഹാജി ഇന്നും പ്രസന്നഭരിതനാണ്. നെഞ്ചിലാകെ മുസ്‌ലിംലീഗാണ്. ലീഗിൽ നിന്ന് മാറിനിന്നവർ ബന്ധത്തിൽ പെട്ടവർ ആയാൽ പോലും ഹാജിക്ക് പുല്ലാണ്. ഹാജി ചങ്ക് പറിച്ച് നൽകാൻ വെമ്പുന്ന നേതാക്കളെല്ലാം ഇന്ന് ആറടി മണ്ണിലാണ്. ഇസ്മായിൽ സാഹിബ്, കെ.എം സീതി സാഹിബ്, സി.എച്ച്, ബി.വി അബ്ദുല്ലക്കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് തുടങ്ങിയവരുടെ സ്മരണകൾ കരളിനകത്താണ്. നെഞ്ചിൻ കൂടിലാണ്. ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പറ്റി പറയുമ്പോൾ ഹാജിക്ക് നൂറുനാവും അളവറ്റ പ്രതീക്ഷയും.

Latest News