കൊണ്ടോട്ടി- കേക്ക് നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം എയര്‍കാര്‍ഗോ കോംപ്ലക്‌സില്‍നിന്ന് കസ്റ്റംസ് പിടികൂടി. മലപ്പുറം തിരൂര്‍ക്കാട് സ്വദേശിയായ സെല്‍വം (24) ദുബായില്‍ നിന്നു ഇറക്കുമതി ചെയ്ത ബാഗേജില്‍നിന്നാണ് റോളറിന്റെ കൈപിടിയിലായി സ്വര്‍ണം കടത്താ ശ്രമിച്ചത്.
ബാഗേജ് എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും നിക്കലും സിങ്കും ചേര്‍ന്ന ലോഹ മിശ്രിതം കൊണ്ട് നിര്‍മിച്ച സ്വര്‍ണറോളര്‍ കണ്ടെത്തിയത്. വിപണിയില്‍ 41.70 ലക്ഷം രൂപ വിലയുള്ള 820.8 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സ്വര്‍ണ കള്ളക്കടത്തുമായി കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നു പരിശോധിച്ച് വരികയാണ്. കഴിഞ്ഞയാഴ്ച ലോഹ മിശ്രിതം കൊണ്ട് നിര്‍മിച്ച സൈക്കിള്‍ പാര്‍ട്‌സില്‍നിന്നും ഒരു കിലോ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയ് കെ മാത്യു ,സൂപ്രണ്ട് പി.വി പ്രവീണ്‍, ഇന്‍സ്‌പെക്ടര്‍മാരായ സി.കെ രാജ്കുമാര്‍, പി.എച്ച് നൗഷാദ്, ടാക്‌സ് അസിസ്റ്റന്റ് ജിയാസ്, ഹെഡ് ഹവില്‍ദാര്‍മാരായ പി. ഖമറുദ്ധീന്‍, എം.ജെ സാബു എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.