കപ്പലില്‍ ഹജ് യാത്ര: ഷിപ്പിങ് കമ്പനികളില്‍ നിന്ന് ആഗോള ടെണ്ടര്‍ വിളിച്ചു

ന്യൂദല്‍ഹി- കപ്പല്‍ മാര്‍ഗമുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കുന്നതിന്റെ ആദ്യപടിയായി കേന്ദ്ര സര്‍ക്കാര്‍ കപ്പല്‍ കമ്പനികളില്‍ നിന്നും ആഗോള ടെണ്ടര്‍ വിളിച്ചു. ഹജ്ജ് തീര്‍ത്ഥാടകരെ കപ്പല്‍ മാര്‍ഗം ജിദ്ദയിലെത്തിക്കുന്നതിന് സന്നദ്ധരായ കമ്പനികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് നിര്‍ത്തിവച്ച കപ്പല്‍ മാര്‍ഗമുള്ള ഹജ് യാത്ര വീണ്ടും ആരംഭിക്കുന്നതിന് നേരത്തെ സൗദി അറേബ്യ ഇന്ത്യയ്ക്ക് അനുമതി നല്‍കിയിരുന്നു. അതേസമയം ഇത്തവണ ഹജ് യാത്ര കപ്പില്‍ നടക്കാനിടയില്ല. 2019-ല്‍ കപ്പലില്‍ ഹജ് യാത്ര പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഷിപ്പിങ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് ഹജ് വകുപ്പ് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ഹജ്ജ് കാര്യ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉടന്‍ സൗദി ഷിപ്പിങ് മന്ത്രാലയം അധികൃതരുമായും ചര്‍ച്ച നടത്തുമെന്നും കടല്‍ മാര്‍ഗമുള്ള ഹജ് യാത്ര സംബന്ധിച്ച പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 2019 മുതല്‍ കപ്പലില്‍ ഹജ് യാത്ര തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള കപ്പല്‍ സര്‍വീസ്. മൂന്നോ നാലോ ദിവസം നീളുന്ന യാത്രയായിരിക്കുമിത്.
 

Latest News