സാങ്കേതിക പ്രശ്‌നം:  മാർക് സക്കർബർഗിന്റെ  ഫേസ്ബുക്ക് ഫോളോവേഴ്‌സ്  11.9 കോടിയിൽനിന്ന് 9995 ആയി കുറഞ്ഞു

ഫേസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാർക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് പൊടുന്നനെ 11.9 കോടിയിൽ നിന്ന് 9995 ആയി കുറഞ്ഞു. ഒരു സോഫ്റ്റ് വെയർ ബഗാണ് ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമായതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.
ഫേസ്ബുക്കിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ചില സാങ്കേതിക പിശകുകൾ കാണിച്ചിരുന്നുവെങ്കിലും സക്കർബർഗിന്റെ പ്രൊഫൈൽ പേജ് ലഭ്യമാണ്. അതേസമയം, വെബ്‌പേജിൽ, പിന്തുടരുന്നവരുടെ എണ്ണം വളരെ കുറഞ്ഞതായി കാണാം.


ഫോളോവേഴ്‌സ് കുറയുന്നത് ഒരു ബഗിന്റെയോ സാങ്കേതിക തകരാറിന്റെയോ ഫലമാണെന്ന് ചില വിദഗ്ധർ അവകാശപ്പെടുന്നു. മെറ്റ ബോട്ട് അക്കൗണ്ടുകൾക്കെതിരെ പ്രവർത്തിച്ചതായിരിക്കാം കാരണമെന്ന് ചിലർ വിശദീകരിക്കുന്നു. സൈബർ ആക്രമണം മൂലമാകാമെന്നാണ് മറ്റു ചില വിദഗ്ധരുടെ അഭിപ്രായം.  
ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യു.എസ്.എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുൾപ്പെടെ നിരവധി അമേരിക്കൻ കമ്പനികളിലും അനുയായികളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
യു.എസ്.എ ടുഡേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 13,723, 11,392 ഫോളോവേഴ്‌സിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. തനിക്ക് ഗണ്യമായ വിഭാഗം അനുയായികളെ നഷ്ടപ്പെട്ടതായി വിവാദ ബംഗ്ല എഴുത്തുകാരി തസ്‌ലീമ നസ്രീൻ  പറഞ്ഞു.


അതിനിടെ, ചില ആപ്ലിക്കേഷനുകൾ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്നതായി മാതൃകമ്പനിയായ മെറ്റ മുന്നറിയിപ്പ് നൽകി. ഈ ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗവും ഫോട്ടോ എഡിറ്റർമാർ, വി.പി.എൻ സേവനങ്ങൾ, ബിസിനസ്, യൂട്ടിലിറ്റി ആപ്ലിക്കേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഇത്തരത്തിലുള്ള 400 ആപ്ലിക്കേഷനുകൾ കമ്പനി വേർതിരിച്ചിട്ടുണ്ട്. 

Latest News