ബോളിവുഡ് താരം ലക്കി അലി മദീനയില്‍, മഞ്ജു വാര്യരും അനു സിതാരയും ജിദ്ദയില്‍

ജിദ്ദ- ഹിന്ദി സിനിമയിലെ ഹാസ്യസമ്രാട്ടായിരുന്ന മെഹ്മൂദിന്റെ മകന്‍, ബോളിവുഡിലെ മികച്ച ഗായകനും നടനും ഗാനരചയിതാവും - ഈ നിലകളില്‍ പ്രശസ്തനായ ലക്കി അലിയും മകള്‍ തസ്മിയയും മദീനയില്‍ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാന്‍ ജിദ്ദ- മദീനാ ഹറമൈന്‍ ട്രെയിനില്‍.

അറുപത്തിനാലുകാരനായ ലക്കി അലി മുമ്പ് പല തവണ ഉംറ നിര്‍വഹിക്കുകയും പുണ്യനഗരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മദീനയിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ യാത്രയുടെ ഹരം ആദ്യമായി അനുഭവിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം മകള്‍ തസ്മിയയോടൊത്ത് ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് ഹറമൈന്‍ ട്രെയിനിലിരുന്ന് യാത്ര ചെയ്തതിന്റെ നിരവധി ചിത്രങ്ങള്‍ ലക്കി അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
സിനിമാ ഷൂട്ടിംഗിനുള്ള സഞ്ചാരങ്ങളേയും കവച്ചുവെക്കുന്ന തരത്തില്‍ ഏറ്റവും ത്രില്ലിംഗ് ആയ അനുഭവമെന്നാണ് ലക്കി അലി, 450 കിലോമീറ്റര്‍ ഹറമൈന്‍ സ്പീഡ് ട്രെയിന്‍ യാത്രയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. തന്റെ ജീവിതത്തിലെ അവിസ്മരണീയാനുഭവമെന്ന് മകള്‍ തസ്മിയ. മദീനാ സന്ദര്‍ശനവും മസ്ജിദുല്‍ ഹറമിലെ ജുമാ നമസ്‌കാരവും കഴിഞ്ഞ് ലക്കി അലിയും മകളും നാളെ ബംഗളൂരുവിലേക്ക് മടങ്ങും.  എക് പാല്‍ കാ ജീനയിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ലക്കി അലിയും (64), ബന്ധു കൂടിയായ മിക്കി മെക് ക്ലിയറിയുമൊത്ത് സുനോ, ഓ സനം എന്നീ ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ദേശീയ ഫിലിം അവാര്‍ഡ് നേടിയ മികച്ച മലയാളി സംവിധായകന്‍ സക്കരിയ്യാ മുഹമ്മദ് ( സുഡാനി ഫ്രം നൈജീരിയ), ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ നിര്‍മിച്ച് ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിച്ച ബഹുഭാഷാ ചിത്രമായ 'ആയിശ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടി മഞ്ജു വാര്യര്‍ ജിദ്ദയിലെത്തിയിട്ടുള്ളത്. ഇന്ന് ലുലു മര്‍വ ശാഖയിലായിരിക്കും ചടങ്ങ്.

റിയാദ്, ദമാം എന്നിവിടങ്ങളിലും ആയിശയുടെ ആഗോള റിലീസിംഗിന്റെ ഭാഗമായുള്ള പരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കും. സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും പങ്കെടുത്തേക്കും. രാധിക എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. അറബിക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ആയിശക്ക് അഭ്രാവിഷ്‌കാരം നല്‍കുന്നുണ്ട്.

മഞ്ജു വാര്യര്‍ക്കു പുറമെ സിറിയന്‍, യു.എ.ഇ, നൈജീരിയന്‍, ഫിലിപ്പൈന്‍സ്, യെമനി താരങ്ങളും ഈ പടത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രഭുദേവ ചിട്ടപ്പെടുത്തിയ നൃത്തവും എം. ജയചന്ദ്രന്റെ ഈണത്തിന് ശ്രേയാ ഘോഷാല്‍ ശബ്ദം പകര്‍ന്ന പാട്ടും ആയിശയുടെ സവിശേഷതയാണ്. സുഹൈല്‍ കോയ, ഹരിനാരായണന്‍ എന്നിവരാണ് ഗാനരചന.
ലുലു മര്‍വാ ഔട്ട്്് ലെറ്റില്‍ നാളെ തുറക്കുന്ന നാലാമത്് പിനാക്കിള്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായാണ് അനു സിതാര ജിദ്ദയിലെത്തിയത്്.  
     

 

Latest News