റിയാദ് - ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെയും പിതാവും മുൻ ഖത്തർ അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെയും ഉടമസ്ഥതയിലുള്ള ഒട്ടകങ്ങൾ സൗദിയിൽ മേഞ്ഞുനടക്കുന്നതായി സൗദി ക്യാമൽ ക്ലബ്ബ് പ്രസിഡന്റ് ശൈഖ് ഫഹദ് ബിൻ ഹഥ്ലൈൻ വെളിപ്പെടുത്തി. മൂന്നാമത് കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിനെ കുറിച്ച് അറിയിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലുള്ള ഒട്ടകങ്ങൾ ഖത്തർ ജനതയുടേതാണ് എന്ന് ഖത്തർ നേതാക്കളിൽ ഒരാൾ വാദിച്ചത് ശരിയല്ല.
ഖത്തർ നേതാക്കൾ അടക്കമുള്ളവരുടെ അര ലക്ഷത്തിലേറെ ഒട്ടകങ്ങൾ സൗദിയിൽ മേഞ്ഞുനടക്കുന്നുണ്ട്. ഖത്തർ അമീർ ശൈഖ് തമീമിന്റെ ഒട്ടകങ്ങൾ സൗദിയിലെ ഫാമിലല്ല വളരുന്നത്.
ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിക്കും നിരവധി ഖത്തർ നേതാക്കൾക്കും അൽഥാനി കുടുംബാംഗങ്ങൾക്കും സൗദിയിൽ ഒട്ടകങ്ങളുണ്ട്. സൗദി ഒട്ടകങ്ങളെ പോലെ തന്നെയാണ് ഖത്തർ ഒട്ടകങ്ങളെയും കാണുന്നത്. സൗദി പൗരന്മാർക്ക് സബ്സിഡിയോടെയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ഇതിന്റെ പ്രയോജനം ഗൾഫ് പൗരന്മാർക്കും ലഭിക്കുന്നുണ്ട്. ഇതേപോലെ ഖത്തരികൾക്കും സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റയുടെ പ്രയോജനം ലഭിക്കുന്നു.
ഖത്തർ അമീറും മുൻ അമീറും അടക്കമുള്ള ഖത്തരികളുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ പ്രയാസമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല. രാഷ്ട്രീയ തർക്കങ്ങൾ മറ്റൊരു കാര്യമാണ്. സൗദികളുടെ ഉദാരത വേറെയാണ്. ഇത് രണ്ടും തമ്മിൽ ബന്ധമില്ല. മൂന്നാമത് കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവൽ നവംബർ 15 ന് ആരംഭിക്കുമെന്നും സൗദി ക്യാമൽ ക്ലബ്ബ് പ്രസിഡന്റ് ശൈഖ് ഫഹദ് ബിൻ ഹഥ്ലൈൻ പറഞ്ഞു. സൗദി അറേബ്യയും ബഹ്റൈനും യു.എ.ഇയും ഈജിപ്തും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചിട്ട് പതിനൊന്നു മാസം പൂർത്തിയായിരിക്കുന്നു. സമീപ കാലത്തൊന്നും പ്രശ്നപരിഹാരം സാധ്യമാകില്ല എന്നാണ് അനുദിനം പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






