ദോഹ-നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ 2022 ടൂര്‍ണമെന്റിന് മുന്നോടിയായി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങള്‍ പുറത്തുവിട്ട് സംഘാടകര്‍. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഖത്തറിലെ താമസക്കാരും സന്ദര്‍ശകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയത്.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയ കാലയളവിലുടനീളം ഗതാഗതം സുഗമമാക്കുന്നതിന് എല്ലാ പരിഹാരങ്ങളും വികസിപ്പിച്ചെടുക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിലെ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മൗലവി പറഞ്ഞു.
മെട്രോയും ബസുകളും ടാക്‌സികളും പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റിംഗ് കാലയളവില്‍ ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം ദിവസവും രാവിലെ 6 മണി മുതല്‍ പലര്‍ച്ചെ 3 മണി വരെ ആയിരിക്കും.
മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം സ്വകാര്യ പാര്‍ക്കിംഗ് അനുവദിക്കും. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ിക് സൗജന്യ ഗതാഗതം അനുവദിക്കും.
നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെ കോര്‍ണിഷ് സ്ട്രീറ്റ് കാല്‍നടയാത്രക്കാര്‍ക്കായി നിശ്ചയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയര്‍ ഖാലിദ് അല്‍ മുല്ല പറഞ്ഞു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് പ്രതിദിനം 2,300ലധികം ബസുകള്‍ സര്‍വീസ് നടത്തുമെന്നും പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടെ ആരാധകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 6 തരം ബസുകളുണ്ടെന്നും മൊവാസലാത്ത് (കര്‍വ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഹമ്മദ് അല്‍ ഒബൈദ്‌ലി പറഞ്ഞു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് മൊബിലിറ്റിയെ പിന്തുണയ്ക്കുന്നതിനായി 207 പാലങ്ങളും 100 കവലകളും 143 ടണലുകളും നിര്‍മ്മിച്ചതായി അശ്ഗാലിലെ ദോഹ സിറ്റി ഡിസൈന്‍ ടീം മേധാവി മുഹമ്മദ് അലി അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകര്‍ക്ക്
ഷട്ടില്‍ ബസുകള്‍, ദോഹ മെട്രോ, ടാക്‌സികള്‍, ഊബര്‍, കരീം തുടങ്ങിയ നിരവധി ഗതാഗത ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ഷട്ടില്‍ ബസുകള്‍ സര്‍വീസ് നടത്തുകയും സെന്‍ട്രല്‍ ദോഹയിലെ താമസ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാന്‍ ആരാധകരെ സഹായിക്കുകയും ചെയ്യും.
ടൂര്‍ണമെന്റ് വേദികളിലെത്താന്‍ പ്രദേശവാസികള്‍ സ്വകാര്യ ഗതാഗതം ഉപയോഗിക്കുകയും സാധ്യമായ ഇടങ്ങളില്‍ വാഹനമോടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം
ദോഹ മെട്രോയും പൊതു ബസ് സര്‍വീസുകളും ഉപയോഗിക്കാന്‍ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നു
ദോഹയ്ക്ക് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളില്‍ നിന്നും പ്രധാന താമസ സ്ഥലങ്ങളില്‍ നിന്നും സ്‌റ്റേഡിയങ്ങളിലേക്ക് നേരിട്ട് ബസ് സര്‍വീസ് നടത്തും.






