മംഗളൂരുവില്‍ ഉത്സവ ഫ്ളക്‌സുകള്‍ നശിപ്പിച്ചത് ഹിന്ദുക്കള്‍ തന്നെ, ലക്ഷ്യമിട്ടത് വര്‍ഗീയ കലാപം

മംഗളൂരു-കര്‍ണാടകയില്‍ മംഗളൂരുവില്‍ ഹിന്ദു സമുദായക്കാര്‍  സ്ഥാപിച്ച ശാരദാ മഹോത്സവത്തിന്റെ ഫ് ളെക്‌സുകള്‍ കീറിയ സംഭവത്തില്‍ മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മുസ്ലിംകളില്‍ കുറ്റം ചുമത്തുന്നതിനായി ഫ് ളെക്‌സ് നശിപ്പിച്ച സുമിത് ഹെഗ്‌ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നി വരാണ് അറസ്റ്റിലായത്. മൂന്നു പേരും ഹിന്ദു സമുദായത്തില്‍പ്പെട്ട അക്രമികളാണെന്ന് പോലീസ് പറഞ്ഞു. ബാനറുകള്‍ വലിച്ചുകീറിയ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മംഗളൂരു റൂറല്‍ പോലീസ് സ്‌റ്റേഷന് പുറത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മംഗളൂരു വാമഞ്ഞൂര്‍ മേഖലയില്‍ നവരാത്രി വേളയില്‍ ശാരദാ മഹോത്സവത്തിന്റെ ഭാഗമായുള്ള പത്ത് പോസ്റ്ററുകളാണ് അക്രമികള്‍  വലിച്ചുകീറിയിരുന്നത്.
ജില്ലയിലെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന്  പ്രതികള്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

Latest News