Sorry, you need to enable JavaScript to visit this website.

യു.ടി.എസ്.സി ഹോക്കി ഫിയസ്റ്റ: സൗദി  സ്‌ട്രൈക്കേഴ്‌സ് റെഡ് വീണ്ടും ചാമ്പ്യന്മാർ

വിജയികളായ സൗദി സ്‌ട്രൈക്കേഴ്‌സ് റെഡ് ടീം
റണ്ണേഴ്‌സ് അപ്പായ ബഹ്‌റൈൻ യങ് സ്റ്റാർ ടീം

 

ജിദ്ദ- യു.ടി.എസ്.സി ഹാസ്‌കോ ഗ്രൂപ്പ്  രണ്ടാമത് ഹോക്കി ഫിയസ്റ്റയിൽ സൗദി സ്‌ട്രൈക്കേഴ്‌സ് റെഡ്  ചാമ്പ്യൻ പട്ടം നിലനിർത്തി. ബഹ്‌റൈൻ യങ്സ്റ്റാറിനെ  ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് സൗദി സ്‌ട്രൈക്കേഴ്‌സ് റെഡ് രണ്ടാമതും ചാമ്പ്യന്മാരായത്. മൂന്നാം മിനിട്ടിൽ തന്നെ ഉബൈദ് റാസ നടത്തിയ മുന്നേറ്റത്തിൽ ആദ്യ ഗോൾ നേടിയ ബഹ്‌റൈൻ യങ്സ്റ്റാറിനെ തുടരെ മൂന്ന് ഗോളുകൾക്ക് സൗദി സ്‌ട്രൈക്കേഴ്‌സ് റെഡ് തകർക്കുകയായിരുന്നു.
ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നുള്ള  6  ടീമുകളും ബഹ്‌റൈനിൽ നിന്നുള്ള ഒരു ടീമും പങ്കെടുത്ത ടൂർണമെന്റിൽ ലീഗ് റൗണ്ടിൽ ഒരോ ടീമും നാല് മത്സരങ്ങൾ വീതം പൂർത്തിയാക്കി. പൂൾ എ യിൽ നിന്ന് സൗദി സ്‌ട്രൈക്കേഴ്‌സ് റെഡും യങ് സ്റ്റാറും സെമി ബർത്ത് നേടിയപ്പോൾ പൂൾ ബിയിൽ നിന്ന് കെ.എസ്.എ ഫീൽഡ് ഹോക്കി ജിദ്ദയും സൗദി സ്‌ട്രൈക്കേഴ്‌സ് ബ്ലൂവും മികച്ച ഗോൾ ശരാശരിയിൽ സെമിയിൽ ഇടം നേടി. 
ആദ്യ സെമി ഫൈനൽ മത്സരത്തിൽ യങ് സ്റ്റാർ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ.എസ്.എ ഫീൽഡ് ഹോക്കി ജിദ്ദയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. യങ് സ്റ്റാർ ബഹ്‌റൈന് വേണ്ടി അബ്ദുൽ ഷുക്കൂർ രണ്ടു ഗോൾ നേടിയപ്പോൾ അഷ്‌വാഖ് കെ.എസ്.എ ഫീൽഡ് ഹോക്കിക്ക് വേണ്ടി ഒരു ഗോൾ നേടി. രണ്ടാം സെമിയിൽ സൗദി സ്‌ട്രൈക്കേഴ്‌സ് റെഡ് രണ്ടിനെതിരെ നാല് ഗോളുകൾ നേടി സൗദി സ്‌ട്രൈക്കേഴ്‌സ് ബ്ലൂവിനെ തകർത്ത് രണ്ടാം തവണയും യു.ടി.എസ്.സി ഹോക്കി ഫൈനലിൽ പ്രവേശിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുൽ വാഹിദാണ് നാല് ഗോളുകളും നേടിയത്.
ഒമാനിൽ നിന്നുള്ള അന്തർദേശിയ റഫറികളായ മാസിൻ ഖലീഫ അൽ സുഖൈലി, താനി സഹീം അൽ വഹാബി എന്നിവരാണ് കളികൾ നിയന്ത്രിച്ചത്.
ടൂർണമെന്റിലെ ഫൈനൽ താരത്തിനുള്ള അവാർഡിന് സൗദി സ്‌ട്രൈക്കേഴ്‌സ് റെഡിന്റെ അലി ഹസ്സൻ അർഹനായി. മികച്ച ഗോളിയായി സൗദി സ്‌െ്രെടക്കേഴ്‌സ് റെഡ് ഗോൾ കീപ്പർ മാലിക് അത്തയെ തെരഞ്ഞെടുത്തു. 
ബെസ്റ്റ് ഡിഫൻഡർ ആയി സൗദി സ്‌ട്രൈക്കേഴ്‌സ് ഖൈസർ റാസയെയും ഫോർവേഡ് ആയി യങ് സ്റ്റാർ ബഹ്‌റൈന്റെ അബ്ദുൽ ഷുക്കൂറിനെയും തെരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡ് സൗദി സ്‌ട്രൈക്കേഴ്‌സ് താരം അലി റാസ കരസ്ഥമാക്കി. പ്രോമിസിംഗ് പ്ലേയർ അവാർഡ് യു.ടി.എസ്.സി ഗോൾ കീപ്പർ സൈനുൽ ആബിദിന് ലഭിച്ചു. തലശ്ശേരി സ്വദേശിയും മുൻകാല സംസ്ഥാന കളിക്കാരൻ കൂടിയായ ഹാരിസ് മെമ്മോറിയൽ  ഫെയർ പ്ലേയ് ടീം അവാർഡിന് യു.ടി.എസ്.സി ടീം അർഹരായി.
സൗദി ഹോക്കി ഫെഡറേഷൻ സ്‌പോൺസർ ചെയ്ത ഹോക്കി സ്റ്റിക്ക് യു.ടി.എസ്.സി കുട്ടികൾക്ക് വിതരണം ചെയ്തു. സൗദിയിൽ ഹോക്കി പ്രചാരണത്തിന് യു.ടി.എസ്.സി നൽകുന്ന സംഭാവനക്ക്  സൗദി ഹോക്കി ഫെഡറേഷൻ യു.ടി.എസ്.സി ഭാരവാഹികൾക്ക് ഫലകം നൽകി ആദരിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ സംസ്ഥാന താരങ്ങളും ഒരു സൗദി താരവും ടൂർണമെന്റിൽ പങ്കെടുത്തു. 
ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഹാസ്‌കോ ഗ്രൂപ്പ് എം.ഡി മുഹമ്മദ് സിക്കന്ദർ സമ്മാനങ്ങൾ വിതരണം ചെയ്തു. യു.ടി.എസ്.സി ഗ്ലോബൽ ചെയർമാനും മുൻ കേരള ഹോക്കി ക്യാപ്റ്റനുമായ ജാവീസ് അഹമ്മദ് മുഖ്യാതിഥി ആയിരിന്നു. യു.ടി.എസ്.സി പ്രസിഡന്റ് ഹിശാം മാഹി, സെക്രട്ടറി അഷ്ഫാഖ്, ചീഫ് കോർഡിനേറ്റർ ഷംസീർ ഒളിയാട്ട്,  മീഡിയ കോർഡിനേറ്റർ അബ്ദുൽ കാദർ മോചെരി, ഫഹീം, സഫീൽ ബക്കർ, ഫിറോസ്, ഷമീർ ഹായിൽ, മെഹ്താബ്, റാസിഖ്, സമീർ, അബൂബക്കർ, റിയാസ് ടി.വി എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ആശിർ അവതാരകനായിരുന്നു.
 

Latest News