റിയാദ്- രാഷ്ട്രീയാസ്ഥിരത കാരണം സുരക്ഷ അവതാളത്തിലായ യെമനിലേക്ക് ഇന്ത്യൻ പൗരന്മാർ പോകരുതെന്ന് റിയാദ് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. യെമനിലേക്ക് പോകുന്നവർ ഇന്ത്യയിലേക്ക് തിരിച്ചുവരുമ്പോൾ അവരുടെ പാസ്‌പോർട്ടുകൾ രണ്ടു വർഷത്തേക്ക് കണ്ടുകെട്ടുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു.
2015 ജനുവരി 21, 2015 മാർച്ച് 19, 2015 ഏപ്രിൽ 7, 2015 ജൂലൈ 30, 2016 ഏപ്രിൽ 01 എന്നീ തീയതികളിൽ യെമൻ യാത്ര സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം അടുത്ത അറിയിപ്പ് വരുന്നത് വരെ യാത്രാ നിരോധനം തുടരും.അതേസമയം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ അയച്ച വ്യക്തികളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ജോലിക്കോ മറ്റോ കൊണ്ടുപോയവരുടെ കാര്യത്തിൽ തൊഴിലുടമയോ ഏജന്റോ ഉത്തരവാദികളാകുമെന്നും എംബസി അറിയിച്ചു.






