തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതിയുടെ നിർദേശങ്ങൾ രാജ്യത്ത് വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നരേന്ദ്ര മോഡി സർക്കാരിന്റെയും ആർ.എസ്.എസിന്റെയും അതേ തീരുമാനങ്ങളാണ് പാർലമെന്ററികാര്യ സമിതി തങ്ങളുടെ നിർദേശങ്ങളായി രാഷ്ട്രപതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്. ഹിന്ദി അടിച്ചേൽപിക്കാനുള്ള ഈ നീക്കത്തിന് അംഗീകാരം നൽകിയാൽ അത് തകർത്തുകളയുക ഇന്ത്യയുടെ ആത്മാവിനെയായിരിക്കും. കാരണം, ഭാഷാപരമായും സാംസ്കാരികമായുമുള്ള വൈവിധ്യങ്ങളാണ് ഇന്ത്യയുടെ ആത്മാവിൽ കുടികൊള്ളുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഭാഷാപരമായ വൈവിധ്യങ്ങളൊന്നും തന്നെ കണക്കിലെടുക്കാതെ ജനങ്ങൾക്കിടയിൽ ഹിന്ദി അടിച്ചേൽപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ കുറച്ച് കാലങ്ങളായി തീവ്രശ്രമങ്ങൾ നടത്തി വരികയാണ്. പല കോണുകളിൽ നിന്നുള്ള വ്യാപകമായ എതിർപ്പിനെ തുടർന്നാണ് ഈ നീക്കം വൈകിയത്. എന്നാൽ ഇപ്പോൾ പാർലമെന്ററികാര്യ സമിതിയെക്കൊണ്ട് രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിച്ച് എത്രയും പെട്ടെന്ന് ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്.
ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ശുപാർശകളാണ് സമിതി സമർപ്പിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ജോലികൾക്കുള്ള പരീക്ഷകളിലെ ചോദ്യങ്ങൾ ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കണമെന്നും നിയമനത്തിൽ ഹിന്ദി പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകണമെന്നതുമാണ് പ്രധാനമായ ഒരു നിർദേശം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തന്നെ ഹിന്ദി മാത്രം പഠന മാധ്യമമായി മാറ്റണമെന്നും കേന്ദ്ര സർക്കാരിന്റെ എഴുത്തുകുത്തുകൾ മുഴുവൻ ഹിന്ദിയിലാക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഇതിന് പുറമെ വിദേശത്തെ ഇന്ത്യൻ എംബസികളിലെ നടപടിക്രമങ്ങൾ ഹിന്ദിയിലാക്കണമെന്നതടക്കമുള്ള സാമാന്യ യുക്തിക്ക് നിരക്കാത്ത 112 നിർദേശങ്ങളാണ് ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയിട്ടുള്ളത്.
പാർലമെന്ററികാര്യ സമിതിയുടെ ശുപാർശകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ രാജ്യത്ത് അത് വലിയ പ്രക്ഷോഭത്തിന് വഴിതെളിയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തൊഴിലും വിദ്യാഭ്യാസവും അടക്കമുള്ള രാജ്യത്തെ എല്ലാ നടപടികളിൽ നിന്നും പുറത്താകുന്ന അവസ്ഥയുണ്ടാകും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി നേടാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനും കഴിയാത്ത സ്ഥിതിയുണ്ടാകും. രാജ്യത്തെ ആകെ കീറിമുറിക്കുന്ന അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കാര്യവും അത് തന്നെയായിരിക്കും. രാജ്യത്ത് പന്ത്രണ്ടോ പതിമൂന്നോ സംസ്ഥാനങ്ങളിൽ മാത്രമാണ് ഹിന്ദി പ്രധാന ഭാഷയായി ഉപയോഗിക്കപ്പെടുന്നത്.
ഇന്ത്യയുടെ ദേശീയ ഭാഷയാണ് ഹിന്ദിയെന്നും അതിനാൽ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും ഹിന്ദി അറിഞ്ഞിരിക്കണമെന്നുമുള്ള വരട്ടുവാദമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളുടെ ശക്തി കേന്ദ്രമാണ് രാജ്യത്തെ ഹിന്ദി സംസാര മേഖല. മറ്റു പ്രാദേശിക ഭാഷകൾ പ്രധാന ഭാഷയായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലാണ് അവർക്ക് ഉദ്ദേശിച്ച രീതിയിലുള്ള സ്വാധീനം കിട്ടാത്തത്. ഹിന്ദി ഭാഷയും ഹിന്ദുത്വവുമാണ് രാജ്യത്തിന്റെ ശക്തിയെന്ന പ്രചാരണത്തിലുടെയാണ് മുഴുവൻ ജനങ്ങളിലും ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.
ദേശീയ ഭാഷയായ ഹിന്ദിക്ക് വ്യാപകമായ പ്രചാരണം നൽകുന്നതിനും ജനങ്ങളെ അത് പഠിപ്പിക്കുന്നതിനുമൊന്നും ആരും എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല, ദേശീയ ഭാഷയെന്ന നിലയിൽ ഹിന്ദി അറിഞ്ഞിരിക്കുകയെന്നത് നല്ല കാര്യവുമാണ്. എന്നാൽ ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്നവർക്കിടയിൽ ഹിന്ദി ഭാഷ അടിച്ചേൽപിക്കുമ്പോഴാണ് പ്രശ്നം. ഹിന്ദി ഭാഷയിൽ പ്രാഥമിക അറിവു പോലുമില്ലാത്തവരാണ് രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗങ്ങൾ.
46 ശതമാനം ആളുകൾ മാത്രമേ ഹിന്ദി കേവലം സംസാര ഭാഷയായി ഉപയോഗിക്കുന്നുള്ളൂവെന്നാണ് ഏറ്റവും ഒടുവിലത്തെ സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആറോ ഏഴോ ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഹിന്ദി ഭാഷയിൽ പ്രാഥമികമായ അറിവുള്ളൂ. അത്തരമൊരു അവസ്ഥയിലാണ് ഹിന്ദി രാജ്യമാകെ അടിച്ചേൽപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.
രാജ്യത്തെ ജനങ്ങൾ ആശയവിനിമയത്തിനായി നിരവധി ഭാഷകൾ ഉപയോഗിക്കുന്നുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഷകൾക്കെല്ലാം തുല്യപരിഗണന നൽകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. മാത്രമല്ല, ഇക്കാലമത്രയും പ്രാദേശിക ഭാഷകളുടെ പ്രചാരണത്തിനായി വലിയ പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ പ്രാദേശിക ഭാഷ ഒന്നാം ഭാഷയാക്കി മാറ്റി ഭരണ നിർവഹണത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം മാതൃഭാഷക്ക് വലിയ പരിഗണന നൽകി വരുന്നതിനിടയിലാണ് ഹിന്ദി അടിച്ചേൽപിക്കുന്നത്.
ദക്ഷിണേന്ത്യയിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ വലിയ തോതിലുള്ള എതിർപ്പുകൾ ഉണ്ടാകുമെന്ന കാര്യം കേന്ദ്ര സർക്കാർ മുൻകൂട്ടി തന്നെ കാണുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ സംസാരിക്കണമെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ ഇതിനു മുൻപ് നിർദേശം വെച്ചിരുന്നു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നതോടെ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ നിന്ന് തൽക്കാലം പിന്തിരിയുകയായിരുന്നു. അതിനു ശേഷം രണ്ടും കൽപിച്ചുകൊണ്ട് വർധിത വീര്യത്തോടെയാണ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദി ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെയും വേർതിരിച്ച് കാണണമെന്ന തികച്ചും മനുഷ്യാവകാശ വിരുദ്ധ ശുപാർശകൾ പോലും പാർലമെന്ററികാര്യ സമിതി സമർപ്പിച്ച ശുപാർശയിലുണ്ട്. ഹിന്ദി പ്രാവീണ്യത്തോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്ന ശുപാർശ ഭരണഘടന വിരുദ്ധവും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതുമാണ്.
മതത്തിന്റെയും ജാതിയുടെയും പേരിൽ മാത്രമല്ല, ഭാഷയുടെ പേരിലും രണ്ടു തരം പൗരൻമാരെ സൃഷ്ടിച്ചുകൊണ്ടുള്ള വിഭജനത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പാർലമെന്ററി സമിതിയുടെ ശുപാർശകൾ പുറത്ത് വന്നപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ഈ നീക്കത്തിനെതിരെ രംഗത്തു വരുമെന്നാണ് കരുതുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രൂക്ഷമായ ചെറുത്തുനിൽപുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഒരു രാജ്യം ഒരു ഭാഷ എന്ന സംഘപരിവാറിന്റെ അജണ്ട സർവശക്തിയും ഉപയോഗിച്ച് എതിർക്കപ്പെടേണ്ടത് തന്നെയാണ്.






