പൊതുധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പരിഗണിക്കുകയും അധികാരത്തിന്റെ ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു.ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിന് ഇത് ഏറെ സഹായകമായി.ജനാധിപത്യത്തിനും സോഷ്യലിസത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നിലകൊണ്ട നേതാവ് എന്ന നിലയിലാണ് കാലം അദ്ദേഹത്തെ ഓർക്കുക.
മുലായം എന്നാൽ ഹിന്ദിയിൽ മൃദുവായത് എന്നർഥം. എന്നാൽ മുലായം സിംഗ് യാദവ് രാഷ്ട്രീയ ഗോദയിൽ അത്രയൊന്നും മൃദുവായിരുന്നില്ല.ജനങ്ങളോട് മൃദുവായി പെരുമാറിയ അദ്ദേഹം ജനകീയനായി.രാഷ്ട്രീയ എതിരാളികളോട് പോരാടി അദ്ദേഹം ശക്തനായി.ഇന്ത്യൻ അധികാര രാഷ്ട്രീയത്തിന്റെ കവാടമായ ഉത്തർപ്രദേശിൽ ശക്തനായ നേതാവായി ഉയർന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങളെ നിയന്ത്രിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയ വഴിത്തിരിവുണ്ടാക്കിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച മുലായം സിംഗ് യാദവ്.ദേശീയ തലത്തിൽ കോൺഗ്രസിനെ തളർത്തി പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് അദ്ദേഹം വഴിമരുന്നിട്ടു.പിൽക്കാലത്ത് അതിന്റെ ഗുണഭോക്താക്കളായത് ബി.ജെ.പിയാണെന്നത് ചരിത്രം.
ഇന്ത്യയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി അദ്ദേഹം ഉയർന്നു വന്നു.ഉത്തർ പ്രദേശിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അധികാരത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയതോടെ ദേശീയ തലത്തിൽ പിന്നോക്ക രാഷ്ട്രീയം ശക്തി നേടുകയായിരുന്നു.മറ്റു സംസ്ഥനങ്ങളിലും ഈ സംസ്കാരത്തിന്റെ അനുരണനങ്ങൾ പ്രതിഫലിച്ചു.അത് മുലായം സിംഗിന് ദേശീയ തലത്തിൽ പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ ഏറെ ജനകീയ കായിക വിനോദമായ ഗുസ്തിയിൽ പയറ്റിത്തെളിഞ്ഞാണ് മുലായം സിംഗ് യാദവ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്.വിദ്യാർഥിയായിരിക്കേ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു.പഠനത്തിന് ശേഷം അധ്യാപകനാകാനായിരുന്നു ആഗ്രഹം.എന്നാൽ പിതാവിന്റെ ആഗ്രഹം മകനെ ഗുസ്തിക്കാരനാക്കുകയെന്നതായിരുന്നു.പിതാവിന്റെ ആവശ്യപ്രകാരം ഗുസ്തി പഠിച്ച മുലായം, ഉത്തർപ്രദേശിലെ ഗുസ്തിക്കളങ്ങളിൽ അറിയപ്പെടുന്ന താരമായി.
1960 കളിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്.സോഷ്യലിസ്റ്റ് നേതാവായിരുന്ന നാഥു സിംഗാണ് മുലായം സിംഗിനെ രാഷ്ട്രീയത്തിലേക്ക് കൂട്ടുക്കൊണ്ടുവന്നത്.പ്രശസ്ത സോഷ്യലിസ്റ്റായ രാംമനോഹർ ലോഹ്യയുമായി മുലായം സിംഗിനെ പരിചയപ്പെടുത്തിയത് നാഥു സിംഗായിരുന്നു.1967 ൽ മുലായം സോഷ്യലിസ്റ്റ് സ്ഥാനാർഥിയായി മൽസരിച്ച് വിജയിച്ചു.കോൺഗ്രസിന്റെ തട്ടകമായിരുന്ന യു.പിയിൽ പുതിയൊരു രാഷ്ട്രീയ മൂന്നേറ്റത്തിന് മുലായം സിംഗ് നേതൃത്വം കൊടുക്കുകയായിരുന്നു.യു.പിയിലെ ഇറ്റാവ ജില്ലയിലെ സെയ്ഫായി ഗ്രാമത്തിൽ ജനിച്ച മുലായം പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കിംഗ് മേക്കറായി മാറുന്നതാണ് കണ്ടത്.
മൂന്നു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും രണ്ടു തവണ കേന്ദ്ര മന്ത്രിയുമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായത് 1990 കളാണ്. ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി നയിച്ച അയോധ്യയിലേക്കുള്ള രഥയാത്രക്ക് ശേഷം ബാബ്രി മസ്്ജിദിലേക്ക് മാർച്ച് ചെയ്ത കർസേവകർക്കെതിരെ വെടിവെപ്പിന് ഉത്തരവിട്ടത് അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവായിരുന്നു.ഇത് ദേശീയ തലത്തിൽ ഏറെ ശ്രദ്ധ നേടുകയും പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ നേടാൻ സഹായിക്കുകയും ചെയ്തു. പിന്നീട് മുലായം സിംഗ് കൂടി ഉൾപ്പെട്ട കേന്ദ്ര മന്ത്രിസഭ നടപ്പാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും ദേശീയ തലത്തിൽ ഏറെ ശ്രദ്ധ നേടി. രാജ്യത്തെ മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 15 ശതമാനത്തിൽ നിന്ന് 27 ശതമാനമാക്കി ഉയർത്തിയത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഏറെ ആശ്വാസകരമായി.എന്നാൽ മുന്നോക്ക വിഭാഗങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഇതിന് പിന്നാലെ രാജ്യം കണ്ടത്.
1990 കളിൽ കലങ്ങി മറിഞ്ഞു കിടന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മുലായംസിംഗ് യാദവിന്റെ വളർച്ചയുടെ നാളുകൾ കൂടിയായിരുന്നു.മാറി വന്ന രാഷ്ട്രീയ സാഹചര്യം മുന്നിൽ കണ്ട് അദ്ദേഹം സമാജ്്വാദി പാർട്ടിക്ക് രൂപം നൽകി.ഉത്തർപ്രദേശിൽ മാത്രമല്ല,ദേശീയ തലത്തിൽ തന്നെ നിർണായക ശക്തിയായി സമാജ്്വാദി പാർട്ടി മാറി.ഒരു ഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിനരികിൽ വരെ എത്താൻ മുലായം സിംഗിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കായി.
രാജ്യത്ത് പ്രാദേശിക പാർട്ടികളുടെ ശാക്തീകരണത്തിന്റെ പ്രസക്തി കാണിച്ചു കൊടുത്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.ദേശീയ പാർട്ടികൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ പ്രാദേശിക കക്ഷികൾക്കാകുമെന്ന് ഇത് തെളിയിച്ചു.ഇതിന്റെ ചുവടുപിടിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറു പാർട്ടികൾ രൂപപ്പെടുകയും അവർ മുന്നണി രാഷ്ട്രീയത്തിൽ നിർണായക ശക്തികളാകുകയും ചെയ്തു.
സോഷ്യലിസ്റ്റ് ചിന്താധാരയിൽ ഉറച്ചു നിന്ന മുലായം സിംഗ് യാദവ് രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവു കൂടിയാണ്.സാമൂഹിക സമത്വം ശക്തിപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു.പൊതുധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പരിഗണിക്കുകയും അധികാരത്തിന്റെ ആനുകൂല്യങ്ങൾ ന്യുനപക്ഷങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു.ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിന് ഇത് ഏറെ സഹായകമായി.ജനാധിപത്യത്തിനും സോഷ്യലിസത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നിലകൊണ്ട നേതാവ് എന്ന നിലയിലാണ് കാലം അദ്ദേഹത്തെ ഓർക്കുക.






