പീഡന ആരോപണം; ബിഗ് ബോസ് ഷോയില്‍ സാജിദ് ഖാനെ ഒഴിവാക്കിയേക്കും

ന്യൂദല്‍ഹി- ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍. സാജിദ് ഖാനെതിരായ മീടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. മീടു മൂവ്‌മെന്റില്‍ 10 പെണ്‍കുട്ടികളാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. സാജിദ് ഖാന്റെ വികൃതമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് ബിഗ് ബോസില്‍ അവസരം നല്‍കിയിരിക്കുന്നത് തെറ്റാണ്. അതിനാല്‍ സാജിദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചതായി ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാല്‍ ട്വീറ്റ് ചെയ്തു.
സാജിദ് ഖാന്‍ ഏറെക്കാലം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പരാതിക്കാര്‍ പറയുന്നു. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ കാണുന്ന െ്രെപം ടൈം ഷോയില്‍ അത്തരമൊരു വ്യക്തിയെ ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് കത്തില്‍ പറയുന്നു. സാജിദ് ഖാന് സ്വയം തെറ്റുകള്‍ക്ക് മേല്‍ വെള്ളപൂശാനും പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും റീലോഞ്ച് ചെയ്യാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്ന് മലിവാല്‍ കത്തില്‍ പറഞ്ഞു. റിയാലിറ്റി ഷോയില്‍ സാജിദ് ഖാനെ ഉള്‍പ്പെടുത്തിയത് വിനോദ മേഖലയിലെ സ്വാധീനമുള്ള പുരുഷന്‍മാര്‍ക്ക് എന്ത് കാര്യങ്ങളില്‍ നിന്നും രക്ഷപ്പെടാനാകുമെന്ന് വെളിപ്പെടുത്തുന്നുവെന്നും സ്വാതി മലിവാല്‍ പറഞ്ഞു.

 

Latest News