Sorry, you need to enable JavaScript to visit this website.

അമ്മ എന്നും വിളിക്കാറുണ്ടായിരുന്നു; നരബലിക്ക് ഇരയായ പത്മത്തിന്റെ മകൻ

പ്രതി ഭഗവല്‍ സിംഗ്

കൊച്ചി- സാമ്പത്തിക നേട്ടം കൈവരിക്കാൻ രണ്ടു സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ. പതിവായി ഫോൺ ചെയ്യുന്ന അമ്മ പത്മത്തിന്റെ വിളി കഴിഞ്ഞ മാസം 26-നാണ് മുടങ്ങിയതെന്നും അതോടെ പോലീസിൽ പരാതി നൽകിയെന്നും മകൻ സെൽവരാജ് വ്യക്തമാക്കി. അമ്മയുടെ ഫോൺ വിളി നിലച്ചതോടെ പിറ്റേന്ന് തമിഴ്‌നാട്ടിൽനിന്നു കേരളത്തിലെത്തിയെന്നും പോലീസിൽ പരാതി നൽകിയെന്നും സെൽവരാജ് പറഞ്ഞു. കോൾ ലിസ്റ്റുകളും സി.സി.ടി.വികളും പരിശോധിക്കാമെന്നു പോലീസ് ഉറപ്പ് നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണു പത്മം താമസിച്ചിരുന്നത്. ലോട്ടറിക്കച്ചവടമായിരുന്നു അമ്മയുടെ തൊഴിലെന്നു സെൽവൻ വ്യക്തമാക്കി.

ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി ഉൾപ്പെടെ മൂന്നു പേർ പിടിയിലായി. രണ്ടു സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. തിരുവല്ല സ്വദേശി ഭഗവൽ സിങ്, ഭാര്യ ലീല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്. 


നരബലി മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്, ശക്തമായ നടപടി-മുഖ്യമന്ത്രി

തിരുവനന്തപുരം- പത്തനംതിട്ടയിലെ ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചുമൂടി എന്ന വിവരമാണ് പുറത്തുവന്നത്. രോഗാതുരമായ മനസ്സാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയൂവെന്നും പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളെയും ആഭിചാരക്രിയകളെയും കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമ്പത്തിനുവേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിനു ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതുശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News