ന്യൂദല്‍ഹി- ഈ മാസം 16 മുതല്‍ യു.പിയിലെ പ്രയാഗ്‌രാജില്‍ ആരംഭിക്കുന്ന ആര്‍.എസ്.എസിന്റെ നാലു ദിവസത്തെ യോഗത്തില്‍ രാജ്യത്തെ ജനസംഖ്യാ നിയന്ത്രണവും ജാതി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ആര്‍.എസ്.എസിന്റെ 45 മേഖലാ ഘടകങ്ങളില്‍ നിന്നുള്ള മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് ഓള്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുകയെന്ന് ആര്‍എസ്എസ് പബ്ലിസിറ്റി ഇന്‍ ചാര്‍ജ് സുനില്‍ അംബേക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും പങ്കെടുക്കുന്ന യോഗത്തില്‍ രാജ്യത്തെ സുപ്രധാനമായ സമകാലിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യും. ഭാഗവതിന്റെ വിജയദശമി പ്രസംഗത്തിലെ പ്രധാന വിഷയങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്യും-അദ്ദേഹം പറഞ്ഞു.
എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും ഒരേപോലെ ബാധകമായ, സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയം ഇന്ത്യ രൂപപ്പെടുത്തണമെന്ന് ഭാഗവത് തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 'വര്‍ണ്ണ', 'ജാതി' എന്നീ ആശയങ്ങള്‍ വിസ്മരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
ജനസംഖ്യാ നിയന്ത്രണവും സാമൂഹിക സൗഹാര്‍ദവും സംബന്ധിച്ച രണ്ട് വിഷയങ്ങളും സംഘിന്റെ നാല് ദിവസത്തെ യോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന 'അഖില്‍ ഭാരതീയ പ്രതിനിധി സഭ' യോഗത്തില്‍ രൂപീകരിച്ച വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയുടെ പുരോഗതി യോഗം അവലോകനം ചെയ്യുമെന്ന് അംബേക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവും യോഗം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.






