ജമ്മു- കതുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലൊളിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റു ബിജെപി നേതാക്കളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണത്തെ പിന്തുണച്ച ബി.ജെ.പി ഉപമുഖ്യമന്ത്രി നിർമൽ സിങിനെ മാറ്റി. ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന മന്ത്രിസഭാ അഴിച്ചു പണിയിൽ കതുവ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിയ മാറ്റത്തിനാണ് ബിജെപി ഒരുങ്ങുന്നത്. ജമ്മുവിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് നേരത്തെ ഉപമുഖ്യമന്ത്രി നിർമൽ സിങ് ഒഴികെയുള്ള എല്ലാ മന്ത്രിമാരോടും രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു. കതുവ ബലാൽസംഗ കൊലക്കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിന്റെ പേരിൽ രണ്ടു മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടി വന്നിരുന്നു. തുടർന്നാണ് മന്ത്രിസഭയിലെ ബാക്കി ഏഴു പാർട്ടി മന്ത്രിമാരോടും ബിജെപി രാജിവെക്കാൻ ആവശ്യപ്പെട്ടത്.
കതുവ കേസിൽ ബിജെപി നേതാക്കളെല്ലാം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന പോലീസ് െ്രെകം ബ്രാഞ്ച് അന്വേഷിക്കുമെന്ന ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടിനെ ഉപമുഖ്യമന്ത്രിയായ നിർമൽ സിങും പിന്തുണച്ചിരുന്നു. പിഡിപി-ബിജെപി സഖ്യസർക്കാരിൽ മുഫ്തിയുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ബിജെപി നേതാവായാണ് നിർമൽ സിങ് അറിയപ്പെടുന്നത്. ഇരു പാർട്ടികൾക്കുമിടയിലെ ഭിന്നതകൾ പരിഹരിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്ന നേതാവാണ് നിർമൽ സിങ്. ഞായറാഴ്ച വൈകുന്നേരമാണ് ഉപമുഖ്യമന്ത്രി പദവിയിൽ നിന്നും രാജിവയ്ക്കുന്നതായി നിർമൽ സിങ് പ്രഖ്യാപിച്ചത്.
കതുവ സംഭവത്തെ തുടർന്ന് ബിജെപി പൂർണമായും പിഡിപിക്ക് വഴങ്ങുന്നുവെന്ന ആക്ഷേപം ബിജെപി അണികൾക്കിടയിലും ആർ എസ് ശസിലും ശക്തമായതിനെ തുടർന്നാണ് മന്ത്രിസഭയിൽ അഴിച്ചുപണി നടത്താൻ പാർട്ടി തീരുമാനിച്ചത്. നിർമൽ സിങിനു പകരം ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത് സ്പീക്കർ കവിന്ദർ ഗുപ്തയെ ആണ്. നിയമസഭയിലെ പുതിയ അംഗങ്ങളിൽ ഒരാളായ ഗുപത് ശക്തനായ ആർ എസ് എസ്, ബിജെപി നേതാവാണ്. മൂന്ന് തവണ ജമ്മു മേയറും ആയിരുന്നു.
പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, ജമ്മു കശ്മീർ ചുമതലയുള്ള ജനറൽ സെക്രട്ടറി റാം മാധവ്, നിർമൽ സിങ്, സംസ്ഥാന ചുമതലയുള്ള അവിനാശ് റായ് ഖന്ന എംപി, സത് ശർമ എന്നിവർ പങ്കെടുത്ത ദൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഗുപ്തയെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനമെടുത്തത്.
പുതുതായി ആറു ബി.ജെ.പി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇവരിൽ അഞ്ചു പേർക്ക് ക്യാബിനറ്റ് പദവിയും ഒരാൾ സഹമന്ത്രിയുമായിരിക്കും. സ്പീക്കർ കവിന്ദർ ഗുപ്തയെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് സത് ശർമ, ഡി കെ മന്യാൽ എന്നിവരായിരിക്കും മന്ത്രിസഭയിലെ ബിജെപി പുതുമുഖങ്ങൾ. സഹമന്ത്രിയായിരുന്ന സുനിൽ ശർമയ്ക്ക ക്യാബിനറ്റ് പദവി നൽകി ഉയർത്തും. കതുവ എംഎൽഎ രാജീവ് ജസ്രോട്ടിയയും ക്യാബിനറ്റ് പദവിയോടെ പുതിയ മന്ത്രിയാകും. മുന്നണി സർക്കാരിന് നേതൃത്വം നൽകുന്ന പിഡിപിക്ക് 13 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. പുതുതായി രണ്ടു പേരെ കൂടി ഉൾപ്പെടുത്തും.