ഇപ്പോൾ തരൂരല്ല ഖാർഗെയാണ് ശരി


രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് വഴി നീളെ ലഭിക്കുന്ന സ്വീകാര്യതയും തീപ്പാറുന്ന നിലപാടുകളുള്ള ഒരു  ദളിത് - പിന്നോക്ക  നേതാവ് (ഖാർഗെ) കോൺഗ്രസിന്റെ തലപ്പത്തെത്തുന്നതും ആ പാർട്ടിയെ ഉറ്റുനോക്കുന്നവർക്ക്  വലിയ പ്രതീക്ഷ നൽകുന്നുണ്ട്. രാഹുൽ ഗാന്ധിയെ ഒരു നോക്ക് കാണാൻ വഴിയായ വഴി മുഴുവൻ കാവൽ നിൽക്കുന്ന ജനതയെ അങ്ങോട്ടേക്ക് ആരും പറഞ്ഞു വിടുന്നതല്ല.  

 

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ  പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്- ചിലയാളുകളും മാധ്യമങ്ങളും തന്നെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ താനെന്തോ വലിയ തെറ്റോ, പാർട്ടി വിരുദ്ധതയോ കാണിച്ചുവെന്ന തോന്നലുണ്ടാവും എന്നതാണത്. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണക്കുന്നവരുടെ തിക്കും തിരക്കും കാണുമ്പോൾ തരൂരിന് അങ്ങനെ തോന്നുന്നുണ്ടാകുമോ എന്നറിയില്ല. ഏതായാലും ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന കോൺഗ്രസിനെ ഇഷ്ടപ്പെടുന്നവർക്ക് അങ്ങനെ തോന്നുന്നുണ്ട്. അതിരുവിട്ട ഈ തരൂർ കീർത്തനം   ഏറെ അരോചകമയാണ് അനുഭവപ്പെടുന്നത്. തരൂർ തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴെല്ലാം സി.പി.എമ്മും ഇടതുപക്ഷവും അദ്ദേഹത്തെ ഏത് വിധത്തിലാണ് കൈകാര്യം ചെയ്തതെന്ന് എല്ലാവരുടെയും ഓർമയിലുണ്ടാകും.  തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെടുത്തി അന്ന് നടന്ന പ്രചാരണത്തിന്റെ മുൻനിരയിൽ സി.പി.എം ചാനലായിരുന്നു. തരൂരിനെ ഒരു കൊലയാളിയാക്കിയേ അടങ്ങൂ എന്ന് അവരെല്ലാം അന്ന് ഒത്തുപിടിച്ചു. ഇതിനെല്ലാം പുറമെ എത്രമാത്രം അവർ തരൂരിനെ വെറുത്തിരുന്നുവെന്നതിന് തെരഞ്ഞെടുപ്പ് കാലത്തെ പാർട്ടിക്കാരുടെയും ഇടത് അനുഭാവികളുടെയും നേരിട്ടുള്ള വർത്തമാനങ്ങളും  തെളിവായി ഓർമയിലെത്തുന്നു. ആ ചങ്ങാതി ഈ തവണ പൊട്ടില്ലെ എന്ന് വിളിച്ചു ചോദിച്ചവരുണ്ട്. വിദൂര സാധ്യത പോലുമില്ലെന്ന് അവരെ നിരാശപ്പെടുത്തിയിരുന്നു.  ഇപ്പോഴിതാ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ജോൺ ബ്രിട്ടാസ് എം.പി തരൂരിനായി പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. ബ്രിട്ടാസിന്റെ വാക്കുകൾ ഇങ്ങനെ  
''ശശിതരൂർ കോൺഗ്രസ് അധ്യക്ഷനായി കാണണമെന്നാണ് എന്റെ ആഗ്രഹം. രണ്ട്  സ്ഥാനാർഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്. കോൺഗ്രസിന് ആശയപരമായും സംഘടനാപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്‌കാരം അവസാനിപ്പിക്കണം, സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരവും ആ തീരുമാനത്തിന്റെ ഉത്തരവാദിത്തവും നൽകണം എന്നിങ്ങനെ കുറെ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്.  മല്ലികാർജുൻ ഖാർഗെ തൽസ്ഥിതി തുടരുന്നതിന്റെയും താൻ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോടാണ് എനിക്ക് യോജിപ്പ്... ''. ബ്രിട്ടാസ് മാത്രമല്ല എല്ലാ ഇടതു പ്രൊഫൈലുകളും തരൂരിനായി ഒറ്റക്കെട്ടാണ്. തരൂരില്ലെങ്കിൽ കോൺഗ്രസില്ല എന്ന മട്ടിലായിട്ടുണ്ട് ഇപ്പോൾ പ്രചാരണത്തിന്റെ ഗതി.  തരൂർ പക്ഷം ചേർന്ന് ബി.ജെ.പി വക്താക്കൾ മുതൽ എല്ലാവരും വാദിക്കുമ്പോൾ അവർ പറയാതെ പറയുന്നത് മല്ലികാർജുന ഖാർഗെ അത്രക്കങ്ങ്  കൊള്ളാത്ത സ്ഥാനാർഥിയാണെന്നാണ്. അര നൂറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ പോരാടി നിൽക്കുന്ന നേതാവാണ് ഖാർഗെ എന്നത് എല്ലാവരും തമസ്‌കരിക്കുന്നു. ഖാർഗെക്ക് എൺപതായെന്നു പറയുന്നവർ തരൂരിന് പ്രായം അറുപത്തിയാറ് കഴിഞ്ഞെന്ന് പറയുന്നില്ല. അല്ലെങ്കിൽ തന്നെ താൻ ചെറുപ്പമാണെന്ന് ഖാർഗെ പറഞ്ഞു നടക്കുന്നതായി ഇതുവരെ ആരും  കേട്ടിട്ടില്ല.  ദളിത് - അടിസ്ഥാന ജനവിഭാഗത്തിൽ നിന്നുള്ള നേതാവാണദ്ദേഹം. അത്തരം നേതാക്കളുടെ അനുഭവങ്ങൾ മേൽതട്ടിൽ നിന്ന് വന്നവർക്ക് ഒരിക്കലുമുണ്ടാകില്ല.  
അടിമുടി അംബേദ്കറിസ്റ്റായ ഖാർഗെക്ക് ഈ പറഞ്ഞ ആശയ ധാരക്ക് പുറത്തുള്ള ആർ.എസ്.സിനോടുള്ളത്  അടിസ്ഥാനപരമായ എതിർപ്പാണ്.
ഒരു ദുർബല നിമിഷത്തിലെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയോ അദ്ദേഹത്തിന്റെ പ്രവർത്തങ്ങളെയോ  ഒരു വാക്കു കൊണ്ടോ നോക്കുകൊണ്ടോ ഖാർഗെ പ്രശംസിച്ചതായി കാണാൻ കഴിയില്ല. ഇതിത്ര വലിയ കാര്യമാണോ എന്ന് തോന്നാം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആ നിലപാട് എടുത്തു പറയേണ്ടത് തന്നെയാണ്. തരൂരോ എന്ന് ചോദിക്കാം. തരൂർ അതിരൂക്ഷമായി എതിർക്കുകയും അനുകൂലിക്കുകയും ചെയ്യും. നയ തന്ത്ര നിലപാട് എന്ന് അതിന് വ്യാഖ്യാനം ചമയ്ക്കാം. ഖാർഗെക്ക് നയതന്ത്ര ഭാഷ അറിയില്ല. എതിരാളിയെ തുണ്ടം തുണ്ടമാക്കാനുള്ള ഭാഷ കൈവശമുണ്ടെന്ന് എത്രയോ ഘട്ടങ്ങളിൽ പാർലമെന്റിൽ ബോധ്യപ്പെട്ടു. കൊടുങ്കാറ്റ് അടിച്ചു വീശുന്നതു പോലെയാണ് ആ വാക്‌ധോരണി. എതിരാളിയെ അവരുടെ മടയിൽ കയറി ചെന്ന് പിടിക്കാനുള്ള വാക്ശക്തിയുള്ള നേതാവാണ് ഖാർഗെ.    
ഇംഗ്ലീഷ് കൂടാതെ  സ്വന്തം മാതൃഭാഷയിലും മറ്റു ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ജനങ്ങളുമായി  നിരന്തരം സംവദിക്കുകയായിരുന്നു. 
 കോൺഗ്രസിന്റെ നായകനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തന്നെ വലിയ ചരിത്ര സംഭവമാണ്. അത്തരമൊരു നീക്കത്തെ പ്രശംസാപൂർവം കാണുന്നതിന് പകരം തരൂർ ജയിച്ചില്ലെങ്കിൽ കോൺഗ്രസില്ല എന്ന്  പ്രചരിപ്പിക്കുന്നവർ തരൂരിന്റെയും കോൺഗ്രസിന്റെയും മിത്രങ്ങളല്ല. രാഹുലും നെഹ്‌റു കുടുംബവും ഇല്ലാത്ത കോൺഗ്രസ് വേണമെന്ന് പറയുന്നവരുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഇന്ത്യയാണ് എന്നുറപ്പാണ്. കോൺഗ്രസ് നേതാക്കളെല്ലാം ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവർ ഒറ്റക്കെട്ടായി ഖാർഗെക്കൊപ്പം നിൽക്കുന്നത്.  രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് വഴി നീളെ ലഭിക്കുന്ന സ്വീകാര്യതയും തീപ്പാറുന്ന നിലപാടുകളുള്ള ഒരു  ദളിത് - പിന്നോക്ക  നേതാവ് (ഖാർഗെ) കോൺഗ്രസിന്റെ തലപ്പത്തെത്തുന്നതും ആ പാർട്ടിയെ ഉറ്റുനോക്കുന്നവർക്ക്  വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
രാഹുൽ ഗാന്ധിയെ ഒരു നോക്ക് കാണാൻ വഴിയായ വഴി മുഴുവൻ കാവൽ നിൽക്കുന്ന ജനതയെ അങ്ങോട്ടേക്ക് ആരും പറഞ്ഞു വിടുന്നതല്ല.  ഇതൊക്കെ ഓരോ വ്യക്തികൾക്ക്  ലഭിക്കുന്ന പ്രത്യേക സൗഭാഗ്യമാണ്. മോത്തിലാൽ നെഹ്‌റുവിന്റെ കുടുംബത്തിന്റെ ഈ സൗഭാഗ്യത്തോടുള്ള അസൂയയൊക്കെ കൊള്ളാം- ആ പറഞ്ഞ സംഗതിക്ക് മരുന്നില്ലല്ലോ. പക്ഷേ അസൂയ മൂത്ത് ഭ്രാന്തായിപ്പോകരുത്.       

Latest News