ദമാം- ഖത്തീഫില്‍ സ്കൂള്‍ വാനില്‍ ഉറങ്ങിക്കിടന്ന സൗദി വിദ്യാര്‍ഥി ശ്വാസംമുട്ടി മരിച്ചു. ഖത്തീഫ് അല്‍ശുവൈക ഡിസ്ട്രിക്ടിലെ കിന്റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന അഞ്ചു വയസുകാരന് ഹസന് ഹാശിം അലവി അല്‍ശുഅ്ല ആണ് മരിച്ചത്. സ്കൂളിനു മുന്നില്‍ വിദ്യാര്‍ഥി വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്താതിരുന്നതാണ് ബാലന്റെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 6.30 ന് വനിതാ സൂപ്പര്‍വൈസര്‍ക്ക് ഒപ്പമാണ് ഡ്രൈവര്‍ വാനുമായി എത്തി തന്റെ മകനെ വീട്ടിനു മുന്നില്‍ നിന്ന് സ്കൂളിലേക്ക് കൊണ്ടുപോകാറെന്ന് ഹസന്റെ പിതാവ് ഹാശിം അലവി അല്‍ശുഅ്ല പറഞ്ഞു. ഇന്നലെ രാവിലെ സൂപ്പര്‍വൈസര്‍ ഇല്ലാതെ ഡ്രൈവര്‍ ഒറ്റക്കാണ് വാനുമായി എത്തിയത്. സൂപ്പര്‍വൈസറെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് രോഗംബാധിച്ചതായി ഡ്രൈവര്‍ പറഞ്ഞു.
തന്റെ മകന് കയറിയപ്പോള്‍ വാനില്‍ മറ്റു മൂന്നു കുട്ടികള്‍ കൂടിയുണ്ടായിരുന്നു. ഹല്ല മഹീശ് ഗ്രാമത്തില്‍ നിന്ന് ഒമ്പതു വിദ്യാര്‍ഥികളെ കൂടി വാനില്‍ കയറ്റാനുണ്ടായിരുന്നു. ഉച്ചക്ക് 11.15 ഓടെ ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ട് മകന് വാനില്‍ നിശ്ചലനായി കിടക്കുന്നതായി അറിയിച്ചു. മകനെ ആരെങ്കിലും മര്‍ദിച്ചോയെന്ന അന്വേഷണത്തിന് ഇല്ലെന്നും സീറ്റുകള്‍ക്കിടയില്‍ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും ഡ്രൈവര്‍ മറുപടി നല്കി. ഉടന്‍ തന്നെ മകനെ ആശുപത്രിയിലെത്തിക്കാന്‍ ഡ്രൈവറോട് താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഡ്രൈവര്‍ സ്കൂളിനടുത്ത ഹെല്‍ത്ത് സെന്ററില്‍ മകനെ എത്തിച്ചു. തുടര്‍ന്ന് താന്‍ ആവശ്യപ്പെട്ടതു പ്രകാരം തന്റെ ബന്ധുക്കളില്‍ ഒരാള്‍ മകനെ കൂടുതല്‍ സൗകര്യമുള്ള പോളിക്ലിനിക്കിലുമെത്തിച്ചു. എന്നാല്‍ ബസില്‍ വെച്ചു തന്നെ മകന് മരണപ്പെട്ടതായി പരിശോധനകളില്‍ വ്യക്തമായി. അഞ്ചു പെണ്മക്കള് അടക്കം എട്ടു മക്കളുള്ള തന്റെ ഏറ്റവും ഇളയ മകനാണ് ഹസന് എന്നും ഹാശിം അലവി അല്‍ശുഅ്ല പറഞ്ഞു.






