ലണ്ടന്‍ - യൂറോപ്യന്‍ പര്യടനം തുടരുന്ന മുഖ്യമന്ത്രിയും സംഘവും ബ്രിട്ടനിലെത്തി. ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മന്ത്രി പി. രാജീവും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം ഇന്നു രാവിലെ ലണ്ടനില്‍ എത്തിയത്. ഇന്നും നാളെയും തിങ്കളാഴ്ചയുമാണു ബ്രിട്ടനിലെ പ്രധാന പരിപാടികള്‍.
ഇന്നുച്ച കഴിഞ്ഞു ലണ്ടനിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിലും മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കും. നാളെ രാവിലെ മുതല്‍ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജയിംസ് കോര്‍ട്ട് ഹോട്ടലിലാണു ലോക കേരള സഭ യൂറോപ്പ് യു.കെ മേഖലാ സമ്മേളനം. രാവിലെ 9.30ന് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണു സമ്മേളനം സമാപിക്കുക.
സമ്മേളനത്തില്‍ ലോകകേരള സഭ പ്രസീഡിയം അംഗമായിരുന്ന ടി. ഹരിദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആഗോള പ്രാഗല്‍ഭ്യ പുരസ്‌കാരദാനം മുഖ്യമന്ത്രി നിര്‍വഹിക്കും. നാളെ വൈകിട്ട് ലണ്ടന്‍ മിഡില്‍സെക്‌സിലെ ഹെല്‍റ്റം ടൂഡോ പാര്‍ക്കില്‍ നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കേളീരവം എന്ന സാംസ്‌കാരിക പരിപാടികളോടെയാണ് പ്രവാസി സംഗമത്തിന് തുടക്കം. വൈകിട്ട് 5.30 ന് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു രാത്രി എഴു മുതല്‍ ഒമ്പതുവരെ കേളീരവം സാംസ്‌കാരിക പരിപാടികള്‍ തുടരും.