Sorry, you need to enable JavaScript to visit this website.

തീർക്കാനുണ്ട് രണ്ട് കണക്കുകൾ

ഗ്രൂപ്പ് എച്ച്

പ്രവചനം പ്രയാസമായ ഗ്രൂപ്പാണ് എച്ച്. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ വിടവാങ്ങൽ ലോകകപ്പായിരിക്കും ഇത്. ഒരു പതിറ്റാണ്ടിലേറെയായി ലോകത്തിലെ മികച്ച താരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ക്രിസ്റ്റിയാനോക്ക് പോർചുഗൽ എങ്ങനെയാണ് വിടവാങ്ങൽ നൽകുന്നത് എന്ന് ഫുട്‌ബോൾ ലോകം ഉറ്റുനോക്കും. ഉറുഗ്വായ് പ്രഥമ ലോകകപ്പിലെ ചാമ്പ്യന്മാരാണ്. പിന്നീട് രണ്ട് ലോകകപ്പുകളിൽ അവർ വിട്ടുനിന്നു. 1950 ൽ നാലാം ലോകകപ്പിനെത്തിയപ്പോഴും അവർ കിരീടം കൊണ്ടുപോയി. പിന്നീടവർ കിരീടത്തിന് തൊട്ടരികിലെത്തുന്നത് 2010 ലാണ്. 2010 ൽ ഉറുഗ്വായ് സെമിയിലെത്തിയത് ഘാനയുടെ വഴി തടഞ്ഞുകൊണ്ടാണ്. ക്വാർട്ടർ ഫൈനലിന്റെ എക്‌സ്ട്രാ ടൈമിലെ അവസാന സെക്കന്റുകളിൽ ഘാനയുടെ അസമോവ ജ്യാനിന്റെ ഷോട്ട് ഗോളിയെ കീഴടക്കി വലയിലേക്ക് നീങ്ങവേ ലൂയിസ് സോറസ് കൈകൊണ്ട് തടുത്തു. ഗോൾ തടഞ്ഞെങ്കിലും സോറസ് ചുവപ്പ് കാർഡ് കണ്ടു. ഘാനക്ക് കിട്ടിയ പെനാൽട്ടി ജ്യാൻ ഉയർത്തിയടിച്ചു. ഷൂട്ടൗട്ടിൽ ഉറുഗ്വായ് ജയിച്ചു. സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാവാൻ കിട്ടിയ അവസരം കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട ഘാന കളിക്കാർക്ക് കണ്ണീരടക്കാനായില്ല. ആ കണ്ണീരിന് കണക്കു ചോദിക്കാനുള്ള അവസരമാണ് ഘാനക്ക് കൈവന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരിക്കും ഇത്, ഡിസംബർ രണ്ടിന് അൽജനൂബ് സ്റ്റേഡിയത്തിൽ. 
പോർചുഗലിനുമുണ്ട് ഉറുഗ്വായോട് കണക്കുതീർക്കാൻ. കഴിഞ്ഞ ലോകകപ്പിൽ പ്രി ക്വാർട്ടറിൽ തങ്ങൾക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത് ഉറുഗ്വായ് ആയിരുന്നു. 
തെക്കൻ കൊറിയ കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. പക്ഷേ ത്രസിപ്പിച്ച പോരാട്ടത്തിൽ ജർമനിയെ തോൽപിക്കാൻ അവർക്കായി. നിലവിലെ ചാമ്പ്യന്മാർ നോക്കൗട്ടിലെത്തില്ലെന്ന് അവർ ഉറപ്പു വരുത്തി. ഇത്തവണ അവർ ആർക്കായിരിക്കും വഴി മുടക്കുക? ഒറ്റനോട്ടത്തിൽ പോർചുഗലും ഉറുഗ്വായും പ്രി ക്വാർട്ടറിലെത്തുമെന്നാണ് കരുതേണ്ടത്. പക്ഷേ കളിക്കളത്തിൽ അത് അത്ര എളുപ്പമായിരിക്കില്ല. 

ക്രിസ്റ്റ്യാനോയുടെ വിടവാങ്ങൽ

ടീം: പോർചുഗൽ
ഫിഫ റാങ്കിംഗ്: 9
ലോകകപ്പിൽ: എട്ടാം തവണ
മികച്ച പ്രകടനം: മൂന്നാം സ്ഥാനം (1966)
മികച്ച കളിക്കാരൻ: ക്രിസ്റ്റിയാനൊ റൊണാൾഡൊ
കോച്ച്: ഫെർണാണ്ടൊ സാന്റോസ്
സാധ്യത: ക്വാർട്ടർ ഫൈനൽ

പോർചുഗൽ ഒരുപാട് ചോദ്യ ചിഹ്നങ്ങളുമായാണ് ലോകകപ്പിന് വരുന്നത്. യൂറോപ്പിലെ മുൻനിര ടീമുകളിലൊന്നായിട്ടും യൂറോപ്യൻ യോഗ്യത റൗണ്ടിൽ നിന്ന് നേരിട്ട് ഫൈനൽ റൗണ്ടിലെത്താൻ സാധിക്കാതിരുന്ന ടീമാണ് പോർചുഗൽ. അവസാനം വരെ മുന്നിലായിരുന്ന അവർ അവസാന റൗണ്ടിൽ സെർബിയയോട് തോറ്റു. പ്ലേഓഫിൽ ഇറ്റലിയും പോർചുഗലും ഒരേ ഗ്രൂപ്പിൽ വന്നു. ലോകകപ്പ് ബെർത്തിനായി ഈ ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് സാധ്യതയുയർന്നു. ഭാഗ്യത്തിന് ഇറ്റലിയെ നോർത്ത് മാസിഡോണിയ അട്ടിമറിച്ചു തുർക്കിയെയും നോർത്ത് മാസിഡോണിയയെയും തോൽപിച്ച് പോർചുഗൽ യോഗ്യത നേടി. 
കോച്ച് ഫെർണാണ്ടൊ സോറസിന്റെ തന്ത്രങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഒന്നാന്തരം ആക്രമണ നിരയുണ്ടായിട്ടും ഇറങ്ങിനിൽക്കുകയും എതിർ മുന്നേറ്റങ്ങൾ നിർവീര്യമാക്കുകയുമാണ് സാന്റോസിന്റെ തന്ത്രം. പ്രഥമ യൂറോപ്യൻ നാഷൻസ് ലീഗ് ചാമ്പ്യന്മാരാവാൻ പോർചുഗലിന് സാധിച്ചെങ്കിലും കഴിഞ്ഞ യൂറോ കപ്പിൽ ഒരു കളിയാണ് അവർ ജയിച്ചത്. ക്ലബ്ബ് ഫുട്‌ബോളിൽ വാഴുന്ന നിരവധി കളിക്കാരുണ്ട് പോർചുഗീസ് നിരയിൽ. ബെർണാഡൊ സിൽവ, ജോ മാരിയൊ, ബ്രൂണൊ ഫെർണാണ്ടസ്, റൂബൻ ഡിയാസ്, ജോ കാൻസെലൊ തുടങ്ങിയവർ. കരിയറിന്റെ അവസാനത്തോടടുത്ത പെപ്പെ, ജോസെ ഫോണ്ടെ, റൂയി പാട്രിഷ്യൊ, ജോ മോടിഞ്ഞൊ എന്നിവരും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നതിൽ കോച്ചിന് എപ്പോഴും പിഴക്കുന്നു.
ക്രിസ്റ്റിയാനൊ റൊണാൾഡോക്ക് ലോകകപ്പ് കിക്കോഫാവുമ്പോഴേക്കും മുപ്പത്തെട്ടാവും. ഇനിയൊരു ലോകകപ്പിൽ ക്രിസ്റ്റ്യാനൊ കളിക്കണമെന്നില്ല. പഴയതു പോലെ ഗ്രൗണ്ടിൽ ഓടിനടക്കാനാവുന്നില്ലെങ്കിലും ഇപ്പോഴും ലോക ഫുട്‌ബോളിലെ അപകടകാരികളിലൊരാളായ സ്‌ട്രൈക്കറാണ്. പക്ഷേ ക്ലബ് ലോകകപ്പിൽ റൊണാൾഡോയുടെ കരിയർ അപ്രതീക്ഷിതമായി വഴിമുട്ടിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ റിസർവ് ബെഞ്ചിലാണ് ഇപ്പോൾ. 
കാര്യമായ മത്സര പരിശീലനമില്ലാതെ താരത്തിന് ലോകകപ്പ് കളിക്കേണ്ടി വന്നേക്കും. കഴിഞ്ഞ ഏഴ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിൽ മാത്രമാണ് ക്രിസ്റ്റ്യാനൊ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നത്. രാജ്യത്തിനും ക്ലബ്ബിനുമായി അടിച്ചത് ഈ സീസണിൽ ഒരു ഗോൾ മാത്രം, അതും ശരീഫ് ടിരാസ്‌പോൾ എന്ന മോൾദോവ ക്ലബ്ബിനെതിരെ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് ഡാർബിയിൽ റിസർവ് ബെഞ്ചിൽ പോലും ക്രിസ്റ്റിയാനോക്ക് സ്ഥാനം ലഭിച്ചില്ല. 
യൂറോപ്പ ലീഗിൽ അപ്രശസ്ത ക്ലബ്ബുകൾക്കെതിരെയാണ് ക്രിസ്റ്റ്യാനോക്ക് യുനൈറ്റഡ് അവസരം നൽകുന്നത്. ഏതു മാനസിക, ശാരീരികാവസ്ഥയിലായിരിക്കും നവംബറിൽ മുപ്പത്തേഴുകാരൻ ലോകകപ്പ് ക്യാമ്പിലെത്തുകയെന്ന ആശങ്കയിലാണ് പോർചുഗൽ കോച്ച് ഫെർണാണ്ടൊ സാന്റോസ്. പല കളിക്കാരും അമിത മത്സരങ്ങളുടെ തളർച്ചയിലെത്തുമ്പോൾ ക്രിസ്റ്റിയാനോക്ക് ഊർജസ്വലതയോടെ കളിക്കാമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ സ്‌പെയിനിനെതിരായ പോർചുഗലിന്റെ നാഷൻസ് ലീഗ് മത്സരത്തിൽ ക്രിസ്റ്റിയാനൊ മൂന്ന് മികച്ച അവസരങ്ങൾ തുലച്ചു. പോർചുഗലിന് ഫൈനൽ റൗണ്ട് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 
പോർചുഗൽ രണ്ടാം റൗണ്ടിലെത്തുകയാണെങ്കിൽ മിക്കവാറും സെർബിയയുമായോ സ്വിറ്റ്‌സർലന്റുമായോ ആണ് ഏറ്റുമുട്ടേണ്ടി വരിക. സെർബിയ യോഗ്യത റൗണ്ടിൽ അവരുടെ വഴി മുടക്കിയ ടീമാണ്. ക്വാർട്ടറിലെത്തുകയാണെങ്കിൽ മിക്കവാറും ബെൽജിയവുമായാണ് ഏറ്റുമുട്ടേണ്ടി വരിക. അവിടെ പോർചുഗലിന്റെ വഴി മുടങ്ങാനാണ് സാധ്യത.  
1966 ലാണ് പോർചുഗൽ ആദ്യമായി ലോകകപ്പ് കളിച്ചത്. യുസേബിയോയുടെ ഗോളടി മികവിൽ അവർ സെമിയിലെത്തി. പിന്നീട് 16 വർഷം കാത്തിരിക്കേണ്ടി വന്നു. മൂന്നാമത്തെ അവസരം കിട്ടുന്നത് മറ്റൊരു 16 വർഷം കഴിഞ്ഞാണ്, 2002 ൽ. തൊണ്ണൂറുകളിൽ രണ്ടു തവണ അണ്ടർ-20 ലോകകപ്പ് ചാമ്പ്യന്മാരായ സുവർണ തലമുറ പോർചുഗലിന്റെ അമരത്ത് വന്നു. അതിനു ശേഷം എല്ലാ ലോകകപ്പിലും അവരുടെ സാന്നിധ്യമുണ്ട്. പക്ഷേ ഒരിക്കൽ മാത്രമേ പ്രി ക്വാർട്ടർ കടന്നിട്ടുള്ളൂ -2006 ൽ സെമിഫൈനലിലെത്തി. 2002 ലും 2014 ലും ഗ്രൂപ്പ് ഘട്ടം കടന്നില്ല. 

വയസ്സൻ പട

ടീം: ഉറുഗ്വായ്
ഫിഫ റാങ്കിംഗ്: 13
ലോകകപ്പിൽ: പതിനാലാം തവണ
മികച്ച പ്രകടനം: ചാമ്പ്യന്മാർ (1930, 1950)
മികച്ച കളിക്കാരൻ: ഡിയേഗൊ ഗോദീൻ
കോച്ച്: ഡിയേഗൊ അലോൺസൊ
സാധ്യത: പ്രി ക്വാർട്ടർ

15 വർഷമായി ഓസ്‌കർ തബാരേസിന്റെ കോച്ചിംഗിലാണ് ഉറുഗ്വായ് കളിക്കുന്നത്. തബാരേസിന്റെ കീഴിൽ ഈ കൊച്ചു രാജ്യം പലപ്പോഴും പ്രതീക്ഷകൾ കവച്ചുവെച്ചു. ഉറുഗ്വായുടെ യൂത്ത്, കോച്ചിംഗ് സംവിധാനം അദ്ദേഹം പൊളിച്ചെഴുതി. കോപ അമേരിക്ക കിരീടം നേടി. 2010 ലെ ലോകകപ്പിൽ സെമി ഫൈനലിലെത്തി. എല്ലാ നല്ലതിനും ഒരു അന്ത്യമുണ്ടാവണമല്ലോ? കഴിഞ്ഞ വർഷം ആ കുതിപ്പ് നിലച്ചു. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ഉറുഗ്വായ് തപ്പിത്തടഞ്ഞു. ഒടുവിൽ പ്രയാസകരമായ തീരുമാനമെടുക്കാൻ ഉറുഗ്വായ് നിർബന്ധിതരായി. തബാരേസിനെ മാറ്റി ഡിയേഗൊ അലോൺസോയെ കോച്ചായി നിയമിച്ചു. അതിനു ശേഷം നാലു മത്സരങ്ങളും ജയിച്ചാണ് ഉറുഗ്വായ് ലോകകപ്പിന് ബെർത്തുറപ്പിച്ചത്. ബ്രസീലിനും അർജന്റീനക്കും പിന്നിൽ അവർ മൂന്നാമതെത്തി. തുടർച്ചയായ നാലാമത്തെ ലോകകപ്പാണ് കളിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലൂയിസ് സോറസും എഡിൻസൻ കവാനിയുമാണ് ഉറുഗ്വായുടെ ആക്രമണം നയിക്കുന്നത്. രണ്ടു പേരുടെയും സുവർണ കാലം കഴിഞ്ഞു. യൂറോപ്യൻ ക്ലബ്ബുകൾ കൈവിട്ടതോടെ അത്ര തീവ്രമല്ലാത്ത ഉറുഗ്വായ് ആഭ്യന്തര ലീഗിലാണ് ഇപ്പോൾ രണ്ടു പേരും കളിക്കുന്നത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിൽ ചേർന്ന ഡാർവിൻ നൂനസിനെ പോലെ ചില യുവ കളിക്കാർ ടീമിലുണ്ട്. ഇരുപത്തിമൂന്നുകാരന് ഇത് കന്നി ലോകകപ്പാണ്. റോഡ്രിഗൊ ബെന്റാഷൂറും ഫെഡെ വാൽവെർദെയും മധ്യനിരക്ക് കരുത്തു പകരുന്നു. പിൻനിരക്ക് ചുക്കാൻ പിടിക്കുന്നത് പഴയ പടക്കുതിര ദിയേഗൊ ഗോദീനാണ്. റൊണാൾഡ് അരോയോ, ഫകുണ്ടൊ പെലിസ്ട്രി, ഡിയേഗൊ റോസി തുടങ്ങിയവരാണ് പുതിയ തലമുറയെ പ്രതിനിധീകരിക്കുന്നത്. 
ഉറുഗ്വായ് രണ്ടാം റൗണ്ടിലെത്തുകയാണെങ്കിൽ തന്നെ മിക്കവാറും ബ്രസീലുമായി ഏറ്റുമുട്ടേണ്ടി വരും. അവിടെ അവരുടെ കഥ കഴിയാനാണ് സാധ്യത. ബ്രസീലിനെ ഒഴിവാക്കണമെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവണം. അതിനാൽ ഉറുഗ്വായ്-പോർചുഗൽ മത്സരം നിർണായകമായിരിക്കും. 
പ്രവചനങ്ങൾ തിരുത്തിയ ചരിത്രമുണ്ട് വെറും 35 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചുരാജ്യത്തിന്. ഉറുഗ്വായിലെ പത്തിൽ എട്ട് കുട്ടികളും വ്യവസ്ഥാപിതമായ രീതിയിൽ ഫുട്‌ബോൾ കളിക്കുന്നു എന്നാണ് കണക്ക്. ലോക ഫുടബോളിലെ ഇരുപതോളം പ്രധാന ട്രോഫികൾ ഉറുഗ്വായ് നേടി. 1950 ലെ ബ്രസീലിൽ നടന്ന ലോകകപ്പിൽ ചാമ്പ്യന്മാരായത് ഉറുഗ്വായാണ്. 2018 ൽ സൗദി അറേബ്യയും ഈജിപ്തും ആതിഥേയരായ റഷ്യയുമുൾപ്പെട്ട ഗ്രൂപ്പിൽ ഉറുഗ്വായ് മൂന്നു മത്സരങ്ങളും ജയിച്ചു. പ്രി ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർചുഗലിനെ 2-1 ന് തോൽപിച്ചു. ക്വാർട്ടറിൽ ഫ്രാൻസിനോടാണ് തോറ്റത്. 
ഗ്രൂപ്പ് എച്ചിലെ മൂന്നു ടീമുകളെയും ഉറുഗ്വായ് ലോകകപ്പിൽ നേരിട്ടിട്ടുണ്ട്, തോൽപിച്ചിട്ടുമുണ്ട്. 2010 ലെ ലോകകപ്പിലാണ് തെക്കൻ കൊറിയയെ ഉറുഗ്വായ് തോൽപിച്ചത്. സോറസ് എന്ന യുവതാരം രണ്ടു ഗോളടിച്ചു. വയസ്സൻ പടയാണെങ്കിലും ഉറുഗ്വായെ എഴുതിത്തള്ളാനാവില്ല. 

ആര് ഗോളടിക്കും?

ടീം: തെക്കൻ കൊറിയ
ഫിഫ റാങ്കിംഗ്: 28
ലോകകപ്പിൽ: പതിനൊന്നാം തവണ
മികച്ച പ്രകടനം: സെമിഫൈനൽ (2002)
മികച്ച കളിക്കാരൻ: സോൻ ഹ്യൂംഗ് മിൻ
കോച്ച്: പോളൊ ബെന്റൊ
സാധ്യത: ആദ്യ റൗണ്ട്

ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച ഏഷ്യൻ ടീമാണ് തെക്കൻ കൊറിയ. അവരുടെ തുടർച്ചയായ പത്താമത്തെ ലോകകപ്പാണ് ഇത്. രണ്ടു തവണയേ ലോകകപ്പിൽ കൊറിയ ഗ്രൂപ്പ് ഘട്ടം പിന്നിട്ടിട്ടുള്ളൂ. 2002 ൽ സ്വന്തം മണ്ണിൽ ലോകകപ്പ് നടന്നപ്പോൾ സെമിഫൈനലിലെത്തി. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ചത് ഹരമുള്ള ഓർമയാണ്.
പോർചുഗലിന്റെ മുൻ കോച്ച് പൗളൊ ബെന്റോയുടെ കീഴിൽ ഏഷ്യയിലെ അവസാന യോഗ്യത റൗണ്ടിൽ വലിയ പ്രയാസമില്ലാതെ മുന്നേറാൻ തെക്കൻ കൊറിയക്കു സാധിച്ചു. പത്ത് കളികളിൽ ഏഴെണ്ണം ജയിക്കുകയും രണ്ടെണ്ണം സമനിലയാക്കുകയും ചെയ്തു. ടോട്ടനത്തിന്റെ സോൻ ഹ്യുംഗ് മിന്നാണ് ടീമിലെ സൂപ്പർ താരമെങ്കിലും പ്രതിരോധത്തിൽ കെട്ടിപ്പടുത്തതാണ് കൊറിയൻ വിജയങ്ങൾ. 10 ഗ്രൂപ്പ് മത്സരങ്ങളിൽ അവർ വഴങ്ങിയത് മൂന്നു ഗോൾ മാത്രം. 
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ സോൻ ഗോൾവരൾച്ച നേരിട്ടത് കൊറിയയെയും ആശങ്കപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിലെ ടോപ്‌സ്‌കോറർക്കുള്ള സുവർണ ബൂട്ട് നേടിയ കൊറിയക്കാരൻ ഈ സീസണിൽ ആദ്യ എട്ടു കളികളിൽ ഒരു ഗോൾ പോലുമടിച്ചില്ല. എന്നാൽ ഒടുവിൽ ലെസ്റ്ററിനെതിരെ പകരക്കാരനായിറങ്ങി ഹാട്രിക്കോടെ ആ വരൾച്ച അവസാനിപ്പിച്ചു. അതിൽ രണ്ടെണ്ണം എണ്ണം പറഞ്ഞ ലോംഗ്‌റെയ്ഞ്ചറുകളായിരുന്നു. സോനിനൊപ്പം ആക്രമണം നയിക്കേണ്ട ഹ്വാംഗ് ഹീ ചാനും പ്രതിസന്ധിയിലാണ്. പ്രീമിയർ ലീഗിൽ തന്നെ വുൾവർഹാംപ്റ്റൻ ഹ്വാംഗിനെ റിസർവ് ബെഞ്ചിലിരുത്തുകയാണ്. മറ്റൊരു സ്‌െ്രെടക്കർ ഹ്വാംഗ് ഉയ് ജോയും ഗോൾവരൾച്ച നേരിടുകയാണ്. ഫ്രാൻസിൽ ബോർദോയിലും ഗ്രീസിൽ ഒളിംപ്യാകോസിലും കളിച്ചിട്ടും ഗോളടിക്കാനായിട്ടില്ല.

കുടിയേറ്റക്കാർ, വാലറ്റക്കാർ

ടീം: ഘാന
ഫിഫ റാങ്കിംഗ്: 60
ലോകകപ്പിൽ: നാലാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ (2010)
മികച്ച കളിക്കാരൻ: ആന്ദ്രെ ആയൂ
കോച്ച്: ഓട്ടൊ അഡൊ
സാധ്യത: ആദ്യ റൗണ്ട്

ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളിൽ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീം ഘാനയാണ്. മറ്റു ടീമുകളിൽ നിന്ന് ചേക്കേറിയ നിരവധി കളിക്കാരുമായാണ് അവർ ലോകകപ്പിൽ ബൂട്ട് കെട്ടുക. തപ്പിത്തടഞ്ഞാണ് ഘാന ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ ആഫ്രിക്കൻ നാഷൻസ് കപ്പിൽ അരങ്ങേറ്റക്കാരായ കൊമോറോസിനോടു പോലും മുട്ടുമടക്കി. മൊറോക്കോയോടും തോറ്റ അവർ ഗാബോണിനെതിരെ നേടിയ ഒരു പോയന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി. ലോകകപ്പിന് യോഗ്യത നേടിയത് തലനാരിഴക്കാണ്. ആഫ്രിക്കൻ യോഗ്യത റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ വിവാദ പെനാൽട്ടിയിൽ തോൽപിച്ചാണ് പ്ലേഓഫ് സ്ഥാനം നേടിയത്. പ്ലേഓഫിൽ നൈജീരിയക്കെതിരായ രണ്ടു കളികളും സമനിലയായി. ഒടുവിൽ എവേ ഗോളിന്റെ ബലത്തിൽ യോഗ്യത നേടി. എന്നാൽ ഓട്ടോ അഡൊ കോച്ചായി വന്ന ശേഷം ടീമിന് ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. താൽക്കാലിക കോച്ചായി നിയമിതനായ അദ്ദേഹത്തെ പിന്നീട് സ്ഥിരപ്പെടുത്തുകയായിരുന്നു. 
കഴിവ് തെളിയിച്ച നിരവധി ഘാന വംശജരായ കളിക്കാരെ ടീമിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് അഡൊ. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റന് കളിക്കുന്ന താരിഖ് ലാംപ്റ്റി, സ്പാനിഷ് ലീഗിൽ കളിക്കുന്ന ഇനാകി വില്യംസ് എന്നിവർ കഴിഞ്ഞ സന്നാഹ മത്സരങ്ങളിൽ ഘാനക്കു വേണ്ടി അരങ്ങേറി. ലൈബീരിയൻ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് ഘാനയിലേക്ക് കുടിയേറുകയും അവിടെ നിന്ന് സ്‌പെയിനിലെത്തുകയും ചെയ്ത കുടുംബത്തിലാണ് ഇനാകി വില്യംസ് ജനിച്ചത്. ഇനാകിയുടെ അനുജൻ നികൊ വില്യംസ് ഈ ലോകകപ്പിൽ സ്‌പെയിൻ നിരയിലുണ്ടാവും. രണ്ടു പേരും അത്‌ലറ്റിക്കൊ ബിൽബാവോയുടെ ഫോർവേഡുകളാണ്. 
ഇനാകി ഒരു സന്നാഹ മത്സരത്തിൽ സ്‌പെയിനിനു കളിച്ചിട്ടുണ്ട്. ലാംപ്റ്റി അണ്ടർ-21 ഇംഗ്ലണ്ട് കളിക്കാരനായിരുന്നു. ജർമനിക്കു വേണ്ടി അണ്ടർ-21 തലത്തിൽ കളിച്ച ഹാംബർഗ് കളിക്കാരായ സ്റ്റീഫൻ അംബ്രോസിയസ്, റാൻസ്ഫഡ് യിബോ, ജർമനിയിൽ തന്നെ കളിക്കുന്ന പാട്രിക് ഫീഫർ തുടങ്ങിയവർ ലോകകപ്പിൽ ഘാനയുടെ കുപ്പായമിടും. ഇംഗ്ലണ്ട് മുൻ താരം കാലം ഹഡ്‌സൻ ഒഡോയിയും അവരുടെ പാത സ്വീകരിച്ചേക്കും. അയാക്‌സിന്റെ മുഹമ്മദ് ഖുദുസ്, ക്രിസ്റ്റൽ പാലസിന്റെ ജോർദാൻ ആയു, റോമയുടെ ഫെലിക്‌സ് അഫേന ഗ്യാൻ എന്നിവരും ഘാന നിരയിലുണ്ടാവും. കഴിഞ്ഞ ലോകകപ്പിന് ഘാനക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. 

Latest News