ഹൈ മാഷെ, ഗുഡ് ആഫ്റ്റർ നൂൺ, നിങ്ങൾ വായിച്ച ഏറ്റവും മികച്ച പുസ്തകമേതാണെന്ന് പറയാമോ?
കഴിഞ്ഞ ദിവസം അവിചാരിതമായി ഫേസ്ബുക്ക് മെസഞ്ചർ ഇൻബോക്‌സിൽ അപരിചിതനായ ഒരാളുടെ പൊടുന്നനെയുള്ള സന്ദേശം ഇങ്ങനെയായിരുന്നു. പരസ്പരം ഏറെ പരിചയമുള്ള ഒരാളെ പോലെയാണല്ലോ അദ്ദേഹം എഴുതിയിരിക്കുന്നത് എന്നെനിക്ക് തോന്നി. എന്നാൽ ഫേസ്ബുക്കിൽ എന്നോട് ആദ്യമായാണ് അദ്ദേഹം ഇടപെടുന്നത്. ലൈക്കടിക്കാനും കമന്റ് എഴുതാനുമൊന്നും അദ്ദേഹത്തെ അധികം കണ്ടതായി ഓർക്കുന്നുമില്ല. അല്ലെങ്കിലും നമ്മുടെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവർ അങ്ങനെ എപ്പോഴും പ്രതികരിക്കുന്നവരും ഇടപെടുന്നവരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ താരതമ്യേന കുറവായിരിക്കുല്ലോ? ഏതായാലും അദ്ദേഹത്തിന്റെ ആ ചോദ്യത്തിൽ നിന്നും ഒരു വ്യക്തത കിട്ടാത്തതുകൊണ്ട് ഏതാനും ചില ഉപചോദ്യങ്ങൾ
ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഏത് തരത്തിലുള്ള പുസ്തകമാണ്, സാഹിത്യമാണോ ചരിത്രമാണോ അതോ മതപരമാണോ, മലയാളത്തിലോ അതോ ഇംഗ്ലീഷിൽ ഉള്ളതാണോ, അതോ മറ്റേതെങ്കിലും ഭാഷയിലുള്ളതോ എന്നൊക്കെ പതിയെ പതിയെ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ആഗ്രഹം എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.
കൂടുതൽ വ്യക്തമായി അദ്ദേഹത്തിന്റെ ആവശ്യത്തെ അവതരിപ്പിക്കാൻ ചെറു ചോദ്യങ്ങളിലൂടെ സഹായിച്ചപ്പോൾ അയാളുടെ ആഗ്രഹം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്ന്, വായിച്ചിരിക്കേണ്ട ഏതാനും ചില പുസ്തകങ്ങളെക്കുറിച്ചും ഗ്രന്ഥകർത്താക്കളെക്കുറിച്ചും
എന്റെ അഭിപ്രായങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. അത് വായിച്ച അദ്ദേഹം ഏറെ സന്തോഷവാനാവുകയും പൂമരച്ചോട്ടിൽ എന്ന കോളം സ്ഥിരമായി വായിക്കാറുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഒന്ന് രണ്ട് ചെറിയ വാചകങ്ങളിലൂടെ എന്നെ സംബന്ധിച്ചിടത്തോളം ഏതാനും ചില വലിയ കാര്യങ്ങൾ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു.
ഈ കോളം വായിക്കുന്നതിനാലാവണം ചിരപരിചിതനായ ഒരാളോടെന്ന പോലെ അദ്ദേഹം അങ്ങനെ ഒരു ചോദ്യവുമായി കടന്നെത്തിയത്.
പുതിയ കാലത്ത് മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അതിപ്രസരത്തിലൂടെ യഥാർത്ഥ വായന മരിച്ചുപോകുന്നു എന്ന് പലരും ആവലാതിപ്പെടുന്നത് കാണാം.
എന്നാൽ നല്ല വായനക്കാർ എല്ലാ കാലത്തും സജീവമായി നിലനിൽക്കുന്നുണ്ട്.
അവർ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും മാഗസിനുകളും കണ്ടെത്തി വായിച്ചുകൊണ്ടേയിരിക്കുന്നു.
വായിക്കാൻ താൽപര്യമില്ലാത്തതിനാലല്ല മറിച്ച്, താൽപര്യം ജനിപ്പിക്കുന്ന
നല്ല എഴുത്തുകളും പുസ്തകങ്ങളും ലഭ്യമാവാത്തതാണ് പലരും വായനയുടെ ലഹരി തിരിച്ചറിയാത്തതിന് കാരണമെന്ന് കാണാം. തന്റെ ചെറുപ്പകാലത്ത് കാതങ്ങളോളം നടന്ന്, ചങ്ങമ്പുഴയുടെ രമണൻ എന്ന കൃതി സംഘടിപ്പിച്ച് വായിച്ച് പകർത്തിയെഴുതിയെടുത്ത്പിറ്റേന്ന് ഉടമസ്ഥനെ തിരിച്ച് ഏൽപിക്കാൻ പെട്ട ആവേശകരമായ സാഹസത്തെ കുറിച്ച് എം.ടി. വാസുദേവൻ നായർ എഴുതിയിട്ടുണ്ട്.
പുസ്തകങ്ങൾ ഇന്നത്തെ പോലെ അനായാസേന ലഭ്യമാവാതിരുന്ന ആ കാലത്തും തീവ്രമായ വായനാലഹരി തലക്ക് പിടിച്ചവരുടെ അത്തരം ഒരുപാട് കഥകൾ പുതിയ തലമുറയെ ഏറെ അമ്പരപ്പിക്കുമെന്നതിൽ സംശയമില്ല.
ചന്തയിൽ വിൽക്കാനുള്ള ചില ഉരുപ്പടികൾ, തിരികെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ എന്നിവ ചെറിയ ചുമടായി ഏന്തി അഞ്ചാറ് മൈലുകൾ താണ്ടി കൽപറ്റ അങ്ങാടിയിലേക്കും തിരിച്ചും നടന്ന് പുതിയ മാഗസിനുകൾ വാങ്ങി വീട്ടിലെത്തുമ്പോഴേക്കും വായിച്ചു തീർക്കുന്നതിന്റെ രസകരമായ അനുഭവം കൽപറ്റ നാരായണൻ മാസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
വായന തലയ്ക്ക് പിടിച്ച് എഴുത്തുകാരനാവണമെന്നുള്ള ആവേശത്തോടെ മലയാള സാഹിത്യം പഠിക്കാൻ ബ്രണ്ണൻ കോളേജിലെത്തി പ്രശസ്ത നിരൂപകനും മലയാളം അധ്യാപകനുമായ എം.എൻ. വിജയൻ സാറിന്റെ അടുത്ത് അനുഗ്രഹം തേടി ചെന്ന പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് പഠനത്തിൽ പുതിയ ദിശാബോധം നൽകി അദ്ദേഹത്തെ വൈദ്യശാസ്ത്ര രംഗത്തേക്ക് തിരിച്ചുവിട്ട് കരിയർ ഗൈഡൻസ് നൽകിയ കഥ ഡോ. പുനത്തിൽ ആത്മകഥയിൽഎഴുതിയത് പലരും വായിച്ചിട്ടുണ്ടാവും.
പുസ്തക വായനയിലൂടെ നാം ഒറ്റ ജീവിതത്തിന് പകരം നിരവധി ജീവിതങ്ങൾ ജീവിക്കുന്നുവെന്ന് പറയാറുണ്ട്. യാത്രകൾലോകത്തിന്റെ വൈവിധ്യങ്ങളിലേക്ക് തുറന്നിടുന്ന വാതിലുകളാണെങ്കിൽ പുസ്തകങ്ങൾ വൈവിധ്യമാർന്ന മനുഷ്യ മനസ്സുകളിലേക്ക് ആനയിക്കുന്ന രാജപാതകളാണ്.
ജീവിത ഭാരത്തെ സ്വയം ലഘൂകരിക്കാനും കൂടുതൽ ആസ്വാദ്യജനകമായി ജീവിക്കാനും വായന പ്രാപ്തമാകുന്നത് പോലെ മറ്റൊരു ലഹരിയും പ്രാപ്തമാകുകയില്ലെന്ന് അറിഞ്ഞവർക്കറിയാം.
വിദ്യാർത്ഥികളിലെ വായനാശീലം വളർത്താൻ അധ്യാപന കലയുടെ മർമ മറിയുന്നവരുടെ പാടവം ഒന്ന് വേറെ തന്നെ. അത്തരം അധ്യാപകരുടെ മുന്നിലൂടെ കടന്നുപോവാൻ ഒരിക്കലെങ്കിലും അവസരം കിട്ടിയവർ ഭാഗ്യവാൻമാർ തന്നെ. മക്കൾക്ക് അവരുടെ അഭിരുചിക്കിണങ്ങിയനല്ല പുസ്തകങ്ങൾ ഇളംപ്രായത്തിലേ ലഭ്യമാക്കി, വായനയുടെ ഹരം അനുഭവിപ്പിക്കുന്ന മാതാപിതാക്കൾ മക്കളെ സംബന്ധിച്ചിടത്തോളംഒരു സൗഭാഗ്യം തന്നെയാണ്.
എല്ലാവരും ഒരേ രീതിയിലുള്ള വായനക്കാരാവണമെന്നില്ല. പതിയെ വായിക്കുന്നവരും അതിവേഗത്തിൽ വായിക്കുന്നവരും നമുക്കിടയിലുണ്ട്.
വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കാനും വിമർശനാത്മകമായി വിശകലനം ചെയ്ത് പഠിക്കാനും കുട്ടികൾക്ക് അവസരമൊരുക്കണം. മൂല്യബോധം വളർത്തുന്ന ചരിത്ര കഥകളും പ്രചോദനാത്മകമായ ജീവചരിത്രങ്ങളും കൗമാര പ്രായത്തിൽ അവരെ പരിചയപ്പെടുത്തണം.
കലാലയത്തിൽ പഠിക്കേണ്ട വിരസവും സരസവുമായ പുസ്തകങ്ങൾ വായിച്ചു പഠിച്ച് പരീക്ഷ എഴുതേണ്ട രീതി അവർക്ക് നേരത്തേ തന്നെ പരിശീലിപ്പിക്കേണ്ടതുണ്ട്.
ഇത് കൂടാതെ ലോക ക്ലാസിക്കുകളും മലയാളത്തിലെ മികച്ച കഥകൾ, കവിതകൾ, നോവലുകൾ, സഞ്ചാര സാഹിത്യങ്ങൾ, ശാസ്ത ചരിത്ര പഠനങ്ങൾ തുടങ്ങിയവ മക്കളുടെ അഭിരുചി കണ്ടെത്തി കുട്ടികൾക്ക് ലഭ്യമാക്കാനും ഉത്തരവാദിത്തമുള്ള രക്ഷിതാക്കൾ മറക്കരുത്.
മാസത്തിലൊരിക്കലെങ്കിലും സമീപ പ്രദേശത്തെ വായനശാലയിലോ സ്‌കൂൾ ലൈബ്രറികളിലോ നമ്മുടെ മക്കൾ ചെന്നെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും നന്നായിരിക്കും.






