മാറ്റങ്ങളുടെ അഭാവത്തിൽ കോൺഗ്രസ് ഒരു രാഷ്ട്രീയ ആവാസ വ്യവസ്ഥയുടെ അപമാനകരമായ കോണിലേക്ക് ഒതുക്കപ്പെട്ടു. ഗാന്ധിമാർ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാതെ മാറിനിൽക്കാൻ തീരുമാനിച്ചത്, പാർട്ടി വൈകിയെങ്കിലും രാജവംശ സ്വഭാവം ഉപേക്ഷിച്ച് ജനാധിപത്യപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നതിന്റെ ശുഭസൂചനയായിരുന്നു. എന്നാൽ കംഫർട്ട് സോണിലുള്ള നേതാക്കൾ ഒരിക്കലും അത് അനുവദിക്കില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
മനോഹരമായ തിരക്കഥകൾ രചിക്കാനും അത് വിദഗ്ധമായി അണിയിച്ചൊരുക്കാനുമുളള കഴിവ് ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് ഉള്ളതുപോലെ മറ്റാർക്കുമില്ല. മികച്ച, ക്രിയാത്മകമായ തിരക്കഥ രചനാവൈദഗ്ധ്യമാണ് പല പ്രതിസന്ധികളിൽനിന്നും അവരെ രക്ഷിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് വിജയം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. എന്നാൽ കണ്ടുകൊണ്ടിരിക്കാൻ ഇത്രയും രസമുള്ള വിനോദം മറ്റൊന്നുമുണ്ടാകില്ല. നിലവിലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രൂപകൽപന ചെയ്ത പുതിയ നാടകത്തെ ഇങ്ങനെയല്ലാതെ വിശദീകരിക്കാനും കഴിയില്ല.
കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അനുകൂലിച്ച ഗെഹ്ലോട്ട് പക്ഷേ ഒരു അത്യാഗ്രഹിയെപ്പോലെ ഒരു വെടിക്ക് രണ്ട് പക്ഷികളെ കൊല്ലാൻ ആഗ്രഹിച്ചു. കൗശലക്കാരനായ ഈ രാഷ്ട്രീയക്കാരന് രണ്ട് സ്ഥാനങ്ങളും വേണം. സച്ചിൻ പൈലറ്റിന്റെ പ്രഭാവത്തെ അദ്ദേഹം ഭയപ്പെടുന്നു, രാജസ്ഥാൻ മരുഭൂമിയിലെ തന്റെ പൈതൃകത്തെ സച്ചിന്റെ കരിഷ്മ ഇല്ലാതാക്കുമെന്നും അദ്ദേഹം കരുതുന്നു. പക്ഷേ ചവയ്ക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലാണ് അദ്ദേഹം കടിച്ചത്. രാഷ്ട്രീയ നിഷ്കളങ്കതയുടെ ക്രൂരമായ പ്രകടനത്തിലൂടെ രാജസ്ഥാനിൽ സ്വന്തം പാർട്ടിയിൽ ആഭ്യന്തര കലാപത്തിന് പ്രേരിപ്പിച്ചതിന് സോണിയ ഗാന്ധി അദ്ദേഹത്തെ അപ്രതീക്ഷിതമായി വലിച്ചെറിഞ്ഞു, ഗെഹ്ലോട്ടിന്റെ വിടവാങ്ങൽ ഒരു പ്രഹേളിക സൃഷ്ടിച്ചു. അപ്പോൾ, ആരാണ് കൂടുതൽ അനുസരണയുള്ള സ്ഥാനാർഥി? ശശി തരൂർ ഉന്നത പദവിയിലേക്കുള്ള തന്റെ മോഹം പരസ്യമായി പറഞ്ഞതോടെ, നിലവിലെ സ്റ്റാറ്റസ്കോ നിലനിർത്താൻ താൽപര്യപ്പെടുന്ന ചിലരിലേക്ക് പട്ടിക ചുരുങ്ങി- മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, ദിഗ്വിജയ് സിംഗ് തുടങ്ങിയവർ. ദിഗ്വിജയ് സിംഗിന്റെ മെലോഡ്രമാറ്റിക് അതിഥി വേഷം ഉണ്ടായിരുന്നിട്ടും കോൺഗ്രസിന്റെ 'അനൗദ്യോഗിക' സ്ഥാനാർഥിയായി ഉയർന്നത് ഖാർഗെയാണ്.
രണ്ട് പതിറ്റാണ്ടിലേറെയായി സംഘടനാപരമായ നിശ്ചലാവസ്ഥയിൽ തുടരുന്നതിന് കോൺഗ്രസ് ഏറെ പഴികേട്ടതാണ്. ഒരു പതിറ്റാണ്ട് കാലത്തെ മൻമോഹൻ സിംഗിന്റെ ഭരണ കാലയളവ് സംഘടനയെ ശക്തിപ്പെടുത്തുകയല്ല, ദുർബലമാക്കുകയാണ് ചെയ്തത്. മറ്റു വഴിയൊന്നുമില്ലാതെ ജനം കോൺഗ്രസിനെത്തന്നെ വീണ്ടും അധികാരത്തിലേറ്റിയിരുന്നെങ്കിൽ ഇതൊക്കെ ഇങ്ങനെയങ്ങ് പോയേനേ. എന്നാൽ നരേന്ദ്ര മോഡിയും അമിത് ഷായും കോൺഗ്രസിന്റെ ചുമലിൽ കയറ്റിവെച്ചത് ദുർവഹ ഭാരമായിരുന്നു.
കാലതാമസം നേരിട്ടെങ്കിലും സംഘടന പരിവർത്തനത്തിന് ഇത് ഒരു മികച്ച വേദിയായിരുന്നു. മാറ്റങ്ങളുടെ അഭാവത്തിൽ പാർട്ടി രാഷ്ട്രീയ ആവാസ വ്യവസ്ഥയുടെ അപമാനകരമായ ഒരു കോണിലേക്ക് ഒതുക്കപ്പെട്ടു. ഗാന്ധിമാർ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാതെ മാറിനിൽക്കാൻ തീരുമാനിച്ചത് പാർട്ടി വൈകിയെങ്കിലും തങ്ങളുടെ രാജവംശ സ്വഭാവം ഉപേക്ഷിച്ച് ജനാധിപത്യപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നതിന്റെ ശുഭസൂചനയായിരുന്നു. തീർച്ചയായും, ചരട് സ്ഥാനാർഥിയിൽ ഒരു നിർജീവ പാവയുണ്ടാകുമോ എന്ന ഭയം എല്ലായ്പ്പോഴും ഉണ്ടായിരുന്നു. ഖാർഗെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായിരിക്കാം. പക്ഷേ അദ്ദേഹം നിരന്തരം അസ്വസ്ഥനും മാറ്റങ്ങൾക്കായി കാതോർത്തിരിക്കുന്നവരുമായ
യുവഭാരതത്തിന്റെ പോരാട്ട വീര്യവും പ്രചോദനാത്മകതയും ദീർഘവീക്ഷണവും പ്രതിഫലിപ്പിക്കുന്ന നേതാവല്ല.
3500 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഇതിനകം ഈ വസ്തുത കണ്ടെത്തിയെന്ന് അനുമാനിക്കാം. ജോഡോ യാത്ര അഭിനന്ദിക്കപ്പെടേണ്ട ഒരു പരിപാടിയാണ്. അതുകൊണ്ടാണ് ഖാർഗെയുടെ തെരഞ്ഞെടുപ്പ് അമ്പരപ്പിക്കുന്നത്. ഇത് കൂടുതൽ ശക്തമായ ഒരു ചോദ്യത്തിന് വഴിയൊരുക്കുന്നു. എന്തുകൊണ്ട് ശശി തരൂരിന് സമവായ സ്ഥാനാർഥിയാകാൻ കഴിഞ്ഞില്ല? അതുകൊണ്ടാണ് കളങ്കമില്ലാത്ത നിശ്ചയദാർഢ്യത്തോടെ കോൺഗ്രസ് എപ്പോഴും ബി.ജെ.പി മുറ്റത്തേക്ക് നടക്കുന്നത്. 'റിമോട്ട് കൺട്രോൾ' മാനേജ്മെന്റിനെക്കുറിച്ച ബി.ജെ.പി ആരോപണത്തിന്റെ വിശ്വാസ്യത ഇത് വർധിപ്പിക്കുന്നു. വർഷങ്ങളോളം വൈകിയ മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയെയും ഇത് അശ്ലീലമാക്കുന്നു.
നമുക്ക് കുറച്ചുകൂടി മൂർച്ചയുള്ളവരാകാം. തരൂരും ഖാർഗെയും തമ്മിലുള്ള ഏറ്റുമുട്ടലിൽ സത്യത്തിൽ മത്സരമില്ല. തരൂർ ബക്കിംഗ്ഹാം കൊട്ടാരത്തെയും വൻകിടക്കാരെയും ആകർഷിക്കാൻ കഴിയുന്ന, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനും മാത്രമല്ല. യുവാക്കളെയും നഗര മധ്യവർഗത്തെയും ഇന്ത്യൻ കോർപറേറ്റിനെയും ഒരുപോലെ ആകർഷിക്കാൻ കഴിയുന്ന നേതാവ് കൂടിയാണ്. കോൺഗ്രസിനെ എത്രയോ കാലമായി കൈവിട്ട മൂന്ന് നിർണായക മണ്ഡലങ്ങളാണിത്. കൂടാതെ, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഇന്ത്യയെന്ന ആശയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ധാരണ ബി.ജെ.പിയുടെ ഭൂരിപക്ഷ ജനപക്ഷ വാദത്തെയും ഹിംസാത്മക ദേശീയതയെയും നേരിടാനും സഹായിക്കും. അർഹമായ ആദരവോടെ പറയാം, ഈ രീതിയിൽ നോക്കുമ്പോൾ ഖാർഗെ വളരെയധികം പിന്നിലാണ്. അതുകൊണ്ടാണ് കോൺഗ്രസ് അവരുടെ ഗാന്ധി കുടുംബ ഭക്തിയിൽ ലജ്ജിക്കാതെ പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, ശശി തരൂർ എന്നിവരടങ്ങിയ ഒരു അധികാര ത്രയത്തിലേക്ക് പാർട്ടിയെ വികേന്ദ്രീകരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നത്.
2024 ലെ പൊതുതെരഞ്ഞെടുപ്പിലും അതിന് മുമ്പുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ സഹായിക്കുന്ന ഒരു കോൺഗ്രസ് അധ്യക്ഷനെ കോൺഗ്രസിന് ആവശ്യമുണ്ട്. അതിന് ആവശ്യമില്ലാത്തത് നിസ്സാരമായ ഈഗോകളും ദർബാരി വിധേയത്വവും ആണ്. അടിയന്തര ആഭ്യന്തര പരിഷ്കാരങ്ങളും രാഷ്ട്രീയ നേതൃത്വത്തിലെ മാറ്റവും ആവശ്യപ്പെട്ട ജി-23 ലെ നിരവധി അംഗങ്ങൾ 'ഔദ്യോഗിക സ്ഥാനാർഥി'യോട് സൗമ്യമായി പൊരുത്തപ്പെട്ടു എന്നത് കോൺഗ്രസ് നേരിടുന്ന ഭീമാകാരമായ പ്രശ്നങ്ങളുടെ ലക്ഷണമാണ്. പാർട്ടിക്കുള്ളിലെ നേതാക്കൾ വർഷങ്ങളായി കംഫർട്ട് സോണിനുള്ളിൽ ജീവിക്കാൻ ശീലിച്ചവരാണ്. റിസ്ക് എടുക്കൽ ഒരു രാഷ്ട്രീയ തന്ത്രം എന്ന നിലയിൽ അപ്രത്യക്ഷമായി. എന്നാൽ കോൺഗ്രസ് മനസ്സിലാക്കേണ്ട കാര്യം, പുനർനിർമാണം ഒരിക്കലും തവണകളായി നടക്കില്ലെന്നതാണ്, പുനരുത്ഥാനം ഗംഭീരമായിരിക്കണം. ഒരു സ്വേഛാധിപത്യ ഭരണകൂടത്താൽ നിർദയമായി നയിക്കപ്പെടുന്ന ഒരു മഹത്തായ രാജ്യത്തിന്റെ അപകടത്തിലായ ഭാവി മാത്രമാകണം അവരുടെ മുന്നിലുണ്ടാകേണ്ടത്.
നെൽസൺ മണ്ടേലയെയും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെയും പ്രചോദിപ്പിച്ച പാർട്ടി ഇത് മനസ്സിലാക്കുമോ? 2022 ഒക്ടോബർ 19 ന് അറിയാം.






