അശോക് ഗെഹ്ലോട്ടിന്റെ ഇരട്ടപ്പദവി മോഹത്തിന് മങ്ങലേൽപിച്ച് മല്ലികാർജുന ഖാർഗെയെ രംഗത്തിറക്കി. ശശി തരൂർ സങ്കൽപ വിമാനമേറി പറക്കുന്നു. രാജ്യത്തെ വലിയൊരു ജനാധിപത്യ പാർട്ടി നയിക്കാൻ നട്ടെല്ലുള്ള ഒരു നേതാവിനെ കിട്ടാതെ ഇരുട്ടിൽ തപ്പുന്ന കാഴ്ച അതിദയനീയം എന്നേ വിശേഷിപ്പിക്കാൻ പറ്റൂ.
ഖാർഗെ - തരൂർ പോരാട്ടത്തിന്റെ മറവിൽ കോൺഗ്രസിനകത്തെ ഗ്രൂപ്പിസവും ഒപ്പം അധികാരത്തിനായുള്ള കിടമൽസരവും കൊഴുക്കുകയാണ്. അച്ചടക്കം ആ പാർട്ടിയുടെ അയലത്തൊന്നും എത്തിയിട്ടില്ല. ശശി തരൂരിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പോലും പിന്തുണക്കാത്ത അവസ്ഥ സംജാതമായതിനു പിന്നിൽ അസൂയയുടെ അംശം കൂടിയുണ്ടെന്നു തോന്നുന്നു. ചരിത്രഗതിക്ക് വിപരീതമായി കേൺഗ്രസിനകത്തെ രണ്ടു ആശയഗതികൾ പരസ്പരം ഏറ്റുമുട്ടുന്നതിനു പകരം വ്യക്തിഗതമായ താൽപര്യങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ മാൽസര്യമെന്ന്് ഏത്് രാഷ്്ട്രീയ വിദ്യാർഥിക്കും മനസ്സിലാകും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ തകർച്ചയെത്തുടർന്നാണ് മകൻ രാഹുലിൽ നിന്ന് സോണിയ ഗാന്ധി അധ്യക്ഷ പദം ഏറ്റെടുക്കുന്നത്. കേസുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമെല്ലാം രോഗബാധിതയായ സോണിയ ഗാന്ധിയെ വല്ലാതെ അവശയാക്കിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാൽ അധ്യക്ഷ പദത്തിൽ തുടരാനാകില്ലെന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു; പ്രസിഡന്റാകാൻ താനില്ലെന്ന് രാഹുലും. സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മാർഗം കൂടി പറഞ്ഞുതരണമെന്ന് രാഹുലിനോട് അഭ്യർഥിച്ചിരിക്കുകയാണ് നേതാക്കൾ.
അധികാര മോഹവും കിടമൽസരങ്ങളും കാരണം 2019 ലെ തിരിച്ചടിയേക്കാൾ ദയനീയമാകും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംഭവിക്കുകയെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു കാലത്ത് നാനൂറിലേറെ ലോക്സഭ സീറ്റിൽ ജയിച്ചിരുന്ന കോൺഗ്രസിന് 2019 ൽ 53 സീറ്റിലാണ് ജയിക്കാനായത്. ബി.ജെ.പിക്ക് എതിരെയുള്ള മതനിരപേക്ഷ സഖ്യത്തെ നയിക്കാൻ ആ പാർട്ടിക്കാകില്ലെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. മാത്രവുമല്ല, യു.പിയിലും ബിഹാറിലും മതനിരപേക്ഷ സഖ്യത്തിൽ വിള്ളൽ വീഴ്ത്താനാണ് കോൺഗ്രസ് ശ്രമിച്ചത്.
പ്രമുഖർ കോൺഗ്രസ് വിടുന്നു, വിടുന്നവർ ബി.ജെ.പിയിൽ ചെന്ന് പദവികൾ നേടുന്നു. അവശേഷിക്കുന്നവർ ഒരു പ്രതീക്ഷയുമില്ലാതെ അസ്വസ്ഥരായി കോൺഗ്രസിൽ തുടരുന്നു. ബി.ജെ.പിയിൽനിന്ന് ഒരു വിളി വന്നാൽ ആരും പോകുമെന്ന സ്ഥിതി. അടുത്ത കാലത്ത് കോൺഗ്രസ് വിട്ടവരിൽ പ്രമുഖനാണ് കപിൽ സിബൽ. വിമത നേതാക്കളുടെ കൂട്ടായ്മയായ ജി 23 ലെ പ്രമുഖനായിരുന്ന സിബൽ സമാജ്വാദി പിന്തുണയോടെ രാജ്യസഭയിൽ എത്തി. ഹരിയാനയിൽ നിന്നുള്ള പ്രവർത്തക സമിതി അംഗം കുൽദീപ് ബിഷ്ണോയി ബിജെപിയിൽ ചേർന്നു. നിരന്തരമായ തിരിച്ചടികളിൽ ഏറ്റവും പുതിയതാണ് കശ്മീരിൽനിന്നുള്ള ഗുലാം നബി ആസാദിന്റെയും ഹിമാചലിൽനിന്നുള്ള ആനന്ദ് ശർമയുടെയും സ്ഥാനമൊഴിയൽ. ജമ്മു കശ്മീരിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ്്് പ്രചാരണ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന് ഗുലാം നബി രാജിവെച്ചതിനു പിന്നാലെയാണ് ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിർന്ന നേതാവായ ആനന്ദ് ശർമ രാജിവെച്ചത്. കുറച്ചുകാലമായി കോൺഗ്രസ് സംഘടനയിൽ സമൂലമായ പരിഷ്കരണം ആവശ്യപ്പെടുകയാണ് ജി 23 കൂട്ടായ്മയിലെ നേതാക്കൾ. ഇവരുടെ നിരന്തരമായ ആവശ്യങ്ങളോട് സോണിയയും രാഹുലും എ.ഐ.സി.സിയിലെ അവരുടെ കൂട്ടാളികളും പുറംതിരിഞ്ഞു നിൽക്കുന്നതിന്റെ പരിണതി കൂടിയാണ് സിബൽ, ആസാദ്, ശർമ എന്നിവരുടെ പുതിയ നീക്കങ്ങൾ. ഈ നേതാക്കളൊന്നും ചില്ലറക്കാരല്ല. പാർട്ടിയിൽ നിന്ന്്് കിട്ടാവുന്ന സ്ഥാനങ്ങളത്രയും നേടിയെടുത്തവരാണ് ആനന്ദ് ശർമയും ഗുലാംനബി ആസാദും. രാജിവെക്കുന്നവർ പുതിയ പാർട്ടിയുണ്ടാക്കുകയോ ബി.ജെ.പിയെ പോലുള്ള പ്രതിലോമപരമായ പാർട്ടിയിലേക്ക്്്് ചാടുകയും ചെയ്യുന്ന കാഴ്ച വിചിത്രമാണ്. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണിത്്. സത്യസന്ധതയുടെയും ആത്മാർഥതയുടെയും രാഷ്ട്രീയ മര്യാദകളത്രയും കോൺഗ്രസ് പാർട്ടിക്ക്്് നഷ്ടമായിരിക്കുന്നു.
അവസാന റൗണ്ടിൽ അശോക് ഗെഹ്ലോട്ടിന്റെ ഇരട്ടപ്പദവി മോഹത്തിന് മങ്ങലേൽപിച്ച്്് മല്ലികാർജുന ഖാർഗെയെ രംഗത്തിറക്കി. ശശി തരൂർ സങ്കൽപ വിമാനമേറി പറക്കുന്നു. രാജ്യത്തെ വലിയൊരു ജനാധിപത്യ പാർട്ടി നയിക്കാൻ നട്ടെല്ലുള്ള ഒരു നേതാവിനെ കിട്ടാതെ ഇരുട്ടിൽ തപ്പുന്ന കാഴ്ച അതിദയനീയം എന്നേ വിശേഷിപ്പിക്കാൻ പറ്റൂ.






