എന്തുകൊണ്ട് ശശി തരൂർ അനഭിമതനാകുന്നു?

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നിഷ്പക്ഷമാകണമെന്നും തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും നെഹ്‌റു കുടുംബത്തിന് ഒരു സ്ഥാനാർത്ഥിയോടും അമിതമായ താൽപര്യമില്ലെന്നും സോണിയയും രാഹുലും പറയുന്നുണ്ടെങ്കിലും തങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്ന കാര്യം വളരെ കൃത്യമായി തന്നെ ഇവർ പാർട്ടി നേതാക്കളിലേക്കെത്തിക്കുന്നുണ്ട്. 

 

കോൺഗ്രസിനെ നയിക്കാൻ കാൽ നൂറ്റാണ്ടിന് ശേഷം നെഹ്‌റു കുടുംബത്തിന്റെ പുറത്ത് നിന്ന് അധ്യക്ഷനുണ്ടാകുമെന്ന് ഉറപ്പായതോടെ ചേരിതിരിഞ്ഞുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയും ശശി തരൂരും തമ്മിലുള്ള മത്സരം പാർട്ടിയിൽ രണ്ടു ധാരകൾക്ക് വഴി തുറന്നിരിക്കുകയാണ്. 
പാർട്ടിയിലെ മുതിർന്ന നേതാക്കളും നെഹ്‌റു കുടുംബത്തിന്റെ ഭക്തരുമെല്ലാം ഒരു ചേരിയിൽ നിലകൊള്ളുമ്പോൾ മറുവശത്ത് യുവാക്കളും പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ അസംതൃപ്തരായ നേതാക്കളുമാണ് തരൂരിന് പിന്തുണ നൽകുന്നത്. പാർട്ടിക്ക് നല്ല ശക്തിയുള്ള കേരളത്തിൽ പോലും ഈ ചേരിതിരിവ് പ്രകടമാണ്. ശശി തരൂരിന്റെ ജയം ബാലികേറാമലയായാണ്  വിലയിരുത്തപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പോലും കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 
വിജയത്തിനപ്പുറം ശശി തരൂരിന്റെ നിലപാടുകൾക്ക്  കോൺഗ്രസുകാർക്കിടയിൽ വലിയ തോതിലുള്ള സ്വീകാര്യത കൈവരുന്നുവെന്നതാണ് ഇവരെ അലട്ടുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പ് ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഒഴിവാക്കാനായി പാർട്ടി ദേശീയ നേതൃത്വം കർശനമായ നിബന്ധനകളും താക്കീതും നൽകിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്തോറും പരസ്യമായ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 
തെരഞ്ഞെടുപ്പ്  ആരോഗ്യകരമായിരിക്കണമെന്ന് പാർട്ടി നേതൃത്വം കർശന നിലപാടെടുത്തിട്ടും എന്തുകൊണ്ടാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളും മിക്ക സംസ്ഥാന അധ്യക്ഷൻമാരും തരൂരിനെ നഖശിഖാന്തം എതിർക്കുകയും ഭയപ്പെടുകയും ചെയ്യുന്നതെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. തരൂർ അധ്യക്ഷ പദവിയിലേക്കെത്തിയാൽ കോൺഗ്രസ് നേതൃത്വത്തിലെ സമവാക്യങ്ങളാകെ മാറിമറിയുമെന്നും പാർട്ടിയിലെ നിലവിലെ അമരക്കാരിൽ പലരും സ്ഥാനമാനങ്ങളൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന ഭയവും ഈ നേതാക്കൾക്കുണ്ട്. മാത്രമല്ല, കോൺഗ്രസിന്റെ പ്രവർത്തന രീതിയിലും നിലപാടുകളിലും വലിയ ഉടച്ചുവാർക്കലുണ്ടാകുമെന്നും ഇവർക്കറിയാം. നെഹ്‌റു കുടുംബത്തിന്റെ പിൻബലത്തിൽ മാത്രം ആനപ്പുറത്തിരിക്കുന്നവർക്ക്  താഴെയിറങ്ങേണ്ടി വരും. സോണിയയുടെയും രാഹുലിന്റെയും വാക്കുകൾക്ക് പോലും ശശി തരൂർ വിലകൽപിക്കണമെന്നില്ല. ഇത് നെഹ്‌റു കുടുംബത്തെപ്പോലും വലിയ രീതിയിൽ ഭയപ്പെടുത്തുന്നുണ്ട്.  
ശരിക്ക് പറഞ്ഞാൽ വലതുപക്ഷത്തെ നെഞ്ചോടു ചേർക്കുന്ന ഇടതുപക്ഷ സ്വഭാവക്കാരനാണ് ശശി തരൂർ. മുതലാളിത്തത്തെയും സോഷ്യലിസത്തെയും ഒരേ പാതയിലൂടെ നയിക്കാനാകുമോയെന്ന് ചിന്തിക്കുന്നയാൾ. ഇത്തരം ചിന്ത അധികാരത്തിന്റെയും മുതലാളിത്തത്തിന്റെയും  വക്താക്കളായ കോൺഗ്രസ് നേതാക്കൾക്ക് ദഹിക്കണമെന്നില്ല. അധികാരം നിലനിർത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്നവർക്ക് മുന്നിൽ ശശി തരൂർ ഒരു നല്ല മാതൃകയേയല്ല. അതുകൊണ്ടാണ് പാർട്ടിയിലെ വൃദ്ധ നേതൃത്വം മാറണമെന്ന് ആവശ്യപ്പെടുന്ന മധ്യവയസ്‌കരായ നേതാക്കൾ പോലും എൺപതുകാരനായ മല്ലികാർജുന ഖാർഗെയിൽ യൗവനം കാണുന്നത്. പാർട്ടിയെ അടിമുടി പരിഷ്‌കരിക്കാനായി വിമത ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് 23 നേതാക്കൾ പോലും ഖാർഗെക്ക് പിന്നിൽ അണിനിരന്നതിന്റെ കാരണവും ഇതു തന്നെയാണ്. 
പാർട്ടിയുടെ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങാത്ത നേതാവെന്നതാണ് തരൂരിനെതിരെയുള്ള ഖാർഗെ പക്ഷത്തിന്റെ പ്രധാന ആരോപണം. ഇത് തന്നെയാണ് തരൂരിനെ തെരഞ്ഞെടുപ്പിൽ വ്യത്യസ്തനാക്കുന്നതും. പരമ്പരാഗത ശീലങ്ങൾക്ക് പകരം കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് പാർട്ടി നേതൃത്വം കാതോർക്കണമെന്നതാണ് തരൂരിന്റെ പക്ഷം. പാർട്ടിയിൽ നിലവിലുള്ള സാമ്പ്രദായിക രീതികൾ ഉടച്ചു വാർത്ത് കോൺഗ്രസിനെ പരിഷ്‌കരിക്കാനാണ് തരൂർ ശ്രമിക്കുന്നത്. എന്നാൽ ഖാർഗെയാകട്ടെ, സാമ്പ്രദായിക രീതികളെ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ആളാണ്. ഇരുവരുടെയും ചിന്തയിലുള്ള വ്യത്യാസമാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നത്. പ്രചാരണ രംഗത്തും ഇത് പ്രകടമാണ്. ചടുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് തരൂരിന്റെ പ്രത്യേകത. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പാർട്ടി വോട്ടർമാരെ കണ്ട് താൻ എന്തിന് വേണ്ടി മത്സരിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താൻ തരൂരിന് കഴിയുന്നുണ്ട്. എന്നാൽ നെഹ്‌റു കുടുംബത്തിന്റെ സ്വാധീനത്തെയും പാർട്ടി സംവിധാനങ്ങളെയും  ഉപയോഗപ്പെടുത്തി സംസ്ഥാന നേതൃത്വങ്ങളെ പാട്ടിലാക്കാനാണ് ഖാർഗെയുടെ ശ്രമം. അതിലൂടെ തന്നെ തനിക്ക് അനായാസ വിജയം ഉറപ്പിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. പ്രചാരണ രംഗത്ത് തരൂരിന് മുയലിന്റെ വേഗവും ഖാർഗെക്ക് ആമയുടെ സാവധാന ബുദ്ധിയുമാണെന്ന് പാർട്ടി നേതാക്കൾ തന്നെ പറയാൻ തുടങ്ങിയിരിക്കുന്നു.
ജയമോ തോൽവിയോ അല്ല ശശി തരൂരിന്റെ വിഷയം. തന്റെ നിലപാടുകൾ പാർട്ടി നേതാക്കളിലും പ്രവർത്തകരിലും എത്തിക്കാനുള്ള ഏറ്റവും മികച്ച മാർഗമായാണ് തരൂർ അധ്യക്ഷ തെരഞ്ഞെടുപ്പിനെ കാണുന്നത്. നിലവിലുള്ള പ്രവർത്തന രീതി ഇനിയും തുടർന്നാൽ കോൺഗ്രസ് അധികം വൈകാതെ നാമാവശേഷമായിപ്പോകുമെന്ന് അദ്ദേഹം പാർട്ടിക്ക് താക്കീത് നൽകുന്നു. അതിലൂടെ അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ആശയപ്പോരാട്ടമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇതിനെ വളരെ പോസിറ്റിവായി കാണുന്നവർ മാത്രമാണ് അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്നത്. 
തരൂരിന്റെ ഓരോ വാക്കുകളും കോൺഗ്രസിലെ പാരമ്പര്യവാദികളായ നേതാക്കളുടെ നെഞ്ചത്താണ് പതിക്കുന്നത്. അതുകൊണ്ട് തന്നെ ശശി തരൂർ പരാജയപ്പെടേണ്ടത് രാഷ്ട്രീയ ദൗത്യമായിത്തന്നെ അവർ ഏറ്റെടുത്തിരിക്കുകയാണ്. നെഹ്‌റു കുടുംബത്തോടുള്ള വിശ്വാസ്യത ഊട്ടിയുറപ്പിക്കാനുള്ള മാർഗമായി മാത്രമാണ് ഖാർഗെ പക്ഷക്കാർ പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിനെ കാണുന്നത്. അതിലപ്പുറമുള്ള കാര്യത്തെക്കുറിച്ചൊന്നും തന്നെ അവർ ചിന്തിക്കുന്നേയില്ല. 
നെഹ്‌റു കുടുംബത്തിൽ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയില്ലെന്ന് വന്നപ്പോൾ തന്നെ പുരോഗമനവാദികളായ ജി 23 നേതാക്കൾക്ക് അവരുടെ ആശയങ്ങൾ പരസ്യമായി മുന്നോട്ട് വെക്കാനുള്ള വഴി തുറന്നിരുന്നു. എന്നാൽ പാർട്ടിയിലെ അധികാര സ്ഥാനങ്ങൾ വീണ്ടും കൈപ്പിടിയിലെത്തിക്കാനുള്ള അവസരമായി മാത്രമാണ് അവർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. തരൂരിന് വിജയപ്രതീക്ഷ വളരെ കുറവാണെന്ന സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട് പാർട്ടി നേതൃത്വത്തിന് കീഴ്‌പ്പെട്ട് പുതിയ അധ്യക്ഷന് കീഴിൽ തങ്ങളുടെ അധികാര കേന്ദ്രങ്ങൾ ഭദ്രമാക്കുകയെന്നത് മാത്രമാണ് അവർ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. 
അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നിഷ്പക്ഷമാകണമെന്നും തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും നെഹ്‌റു കുടുംബത്തിന് ഒരു സ്ഥാനാർത്ഥിയോടും അമിതമായ താൽപര്യമില്ലെന്നും സോണിയയും രാഹുലും പറയുന്നുണ്ടെങ്കിലും തങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്ന കാര്യം വളരെ കൃത്യമായി തന്നെ ഇവർ പാർട്ടി നേതാക്കളിലേക്കെത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഖാർഗെക്ക് പരസ്യ പിന്തുണയുമായി സീനിയർ നേതാക്കളും പാർട്ടി സംസ്ഥാന പ്രസിഡന്റുമാരുമെല്ലാം രംഗത്തിറങ്ങുന്നത്. എന്നാൽ ഇത്തരം കോക്കസ് പ്രവർത്തനങ്ങളെയെല്ലാം അവഗണിച്ച് പാർട്ടിക്കുള്ളിൽ ആശയ സംവാദത്തിനുള്ള വാതിലുകൾ തുറന്നിടുകയാണ് ശശി തരൂർ ചെയ്യുന്നത്.

 

Latest News