നിയമസഭയുടെ നിയമ നിർമാണ അധികാരത്തെ പോലും എക്സിക്യൂട്ടീവിലുളള സ്വാധീനമുപയോഗിച്ച് നിഷ്പ്രഭമാക്കുവാൻ കഴിയുന്ന തരത്തിൽ ബഹുരാഷ്ട്ര കുത്തകകൾ കരുത്താർജിക്കുന്നു എന്നതാണ് വസ്തുത. അതേസമയം ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സംസ്ഥാന ഗവൺമെന്റിന് നിയമം നിർമിച്ച് ഗവർണറുടെ അംഗീകാരത്തോടെ നടപ്പിലാക്കാൻ കഴിയുമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും വലിയ കുത്തകകളിൽ ഒന്നായ കൊക്കകോളയെ പാലക്കാട് ജില്ലയിലെ, വളരെ പിന്നോക്കമെന്നു പറയാവുന്ന, പ്രധാനമായും ദളിതരും ആദിവാസികളും ജീവിക്കുന്ന പ്ലാച്ചിമട എന്ന ഗ്രാമം മുട്ടുകുത്തിച്ച ഐതിഹാസിക പോരാട്ടം ഇന്ന് ലോകപ്രസിദ്ധമാണ്. പക്ഷേ കമ്പനി പൂട്ടിക്കാൻ കഴിഞ്ഞു എങ്കിലും ഇപ്പോഴും ആ ചരിത്ര പോരാട്ടം പൂർണമായും വിജയിച്ചു എന്നു പറയാനാകില്ല. രണ്ടു പതിറ്റാണ്ടു കാലം പെരുമാട്ടി പഞ്ചായത്തിലെ കർഷകരും ആദിവാസി സമുദായാംഗങ്ങളും പൊതുജനങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുത്ത, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് പ്ലാച്ചിമട ഗ്രാമം ഇപ്പോഴും പോരാട്ടം തുടരുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്ലാച്ചിമടയിൽ മേധ പട്കറുടെ സാന്നിധ്യത്തിൽ ചേർന്ന സമര ഐക്യദാർഢ്യ സമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു. നിയമസഭ 11 വർഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ ഇപ്പോഴും നിയമമായി മാറാത്തത് നിയമസഭയുടെ നിയമ നിർമാണ അവകാശത്തിൽ കേന്ദ്ര ഗവ. നടത്തിയ കൈയേറ്റമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും നിയമ നിർമാണാവകാശം ഉയർത്തിപ്പിടിച്ച് നിയമസഭയുടെ അന്തസ്സ് സംരക്ഷിക്കാൻ കേരളത്തിലെ നിയമസഭ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഒരു ഗ്രാമത്തെ മലിനമാക്കിയ, കുടിവെള്ളവും വായുവും കൃഷിയും നശിപ്പിച്ച ബഹുരാഷ്ട്ര ഭീമനിൽ നിന്നു നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ സമരം പൂർണമായി വിജയിച്ചു എന്നു പറയാനാകൂ. കേരള സർക്കാരാകട്ടെ കുറ്റകരമായ മൗനം തുടരുകയാണ്.
2002 ഏപ്രിൽ 22 ന് ആദിവാസി നേതാവ് സി.കെ. ജാനുവാണ് പ്ലാച്ചിമടയിലെ ഐതിഹാസിക സമരം ഉദ്ഘാടനം ചെയ്തത്. ലോക സമര ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഈ സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച് ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ച ഒരു ആഗോള കുത്തക കമ്പനിക്കെതിരെ ഒരു പറ്റം പാവപ്പെട്ട മനുഷ്യരുടെ അവകാശപ്പോരാട്ടമായിരുന്നു. സമരത്തിന്റെ സന്ദേശം ലോകമാകെ പരന്നു. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, പുനെ, കാലെധാരെ തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ കോളക്കെതിരായ സമരങ്ങൾക്ക് പ്ലാച്ചിമട സമരം പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടുകയും ചെയ്തു.
കമ്പനി വരുത്തിവെച്ച പാരിസ്ഥിതിക നാശങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയർന്നതിനെ തുടർന്ന് 2009 ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. വിദഗ്ധ സമിതി വിശദമായ പഠനത്തിന് ശേഷമാണ് നിയമ നിർമാണത്തിന് ശുപാർശ നൽകിയത്. പാരിസ്ഥിതികമായ നശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാർഷിക ഉൽപാദനത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, തുടർന്നുണ്ടായ സാമൂഹ്യ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സമിതി വസ്തുനിഷ്ഠമായി വിലയിരുത്തി. കൊക്കകോള കമ്പനിയുടെ പ്രവർത്തനം മൂലം ഭൂഗർഭ ജലവിതാനത്തിൽ വലിയ കുറവുണ്ടായി, നിലവിലെ നിയമ വ്യവസ്ഥകൾ ലംഘിച്ച് കമ്പനി പ്രവർത്തിച്ചു, ജലസ്രോതസ്സുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി, കാർഷിക ഉൽപാദനം ഗണ്യമായി കുറച്ചു, ക്ഷീരകർഷകർക്കും കോഴി വളർത്തുന്നവർക്കും ഭീമമായ നഷ്ടമുണ്ടായി, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികൾക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി, കുടിവെളളത്തിനായി സ്ത്രീകൾ കിലോമീറ്ററോളം നടക്കേണ്ട തരത്തിൽ ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമസഭ 2011 ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ല് പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചു. കൊക്കകോള കമ്പനിയുടെ പ്രവർത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യ നഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികൾക്ക് കമ്പനിയിൽ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാൻ നിർദേശിക്കുന്നതാണ് ബിൽ. എന്നാൽ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാരിന് തിരിച്ചയക്കുകയായിരുന്നു.
2011 ജൂലൈയിൽ കൊക്കകോളയുടെ വാദങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ബിൽ സംസ്ഥാന സർക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ഇതിനുള്ള മറുപടിയും നൽകിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഒടുവിൽ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടു കൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചു. മാത്രമല്ല, പകരം കോളക്ക് 5.26 കോടി നികുതിയിളവ് നൽകുകയും ചെയ്തു. പിന്നീട് സംസ്ഥാന സർക്കാർ ഇക്കാര്യം വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തില്ല. രാഷ്ട്രപതി തിരിച്ചയച്ചതോടെ ബില്ലിൽ ഭേദഗതി വരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്.
ഒക്ടോബർ നാലിന് ചേർന്ന സമര ഐക്യദാർഢ്യ സമ്മേളനത്തിൽ താഴെ പറയുന്ന ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്കെതിരെ വാട്ടർ ആക്ടിന്റെ 43, 47 വകുപ്പുകൾ പ്രകാരം കേസെടുക്കുക, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുക, കൊക്കകോളയുടെ പ്ലാച്ചിമടയിലെ ആസ്തികൾ കണ്ടുകെട്ടുക, ട്രൈബ്യൂണൽ സമ്പൂർണ നഷ്ടപരിഹാരം നൽകുന്നത് വരെ സർക്കാർ താൽക്കാലിക നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് പ്രധാനം.
നിയമസഭയുടെ നിയമനിർമാണ അധികാരത്തെ പോലും എക്സിക്യൂട്ടീവിലുളള സ്വാധീനമുപയോഗിച്ച് നിഷ്പ്രഭമാക്കുവാൻ കഴിയുന്ന തരത്തിൽ ബഹുരാഷ്ട്ര കുത്തകകൾ കരുത്താർജിക്കുന്നു എന്നതാണ് വസ്തുത. അതേസമയം ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സംസ്ഥാന ഗവൺമെന്റിന് നിയമം നിർമിച്ച് ഗവർണറുടെ അംഗീകാരത്തോടെ നടപ്പിലാക്കാൻ കഴിയുമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.






