തെഹ്റാന്- ഇറാനില്‍ സുരക്ഷാ സേന പതിനാറുകാരിയുടെ മൃതദേഹം രഹസ്യമായി മറവു ചെയ്തതായി ബി.ബി.സി പേര്‍ഷ്യന്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കസ്റ്റഡിയില്‍ 22 കാരി ഇറാനിയന്‍ കുര്‍ദ് വനിത മഹ്സ അമീനി മരിച്ചതിനെ തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത നിക ശകറാമിയുടെ മൃതദേഹം പോലീസുകാര്‍ മോഷ്ടിച്ച് കൊണ്ടുപോയി മറവു ചെയ്തുവെന്നാണ് ആരോപണം.
സുരക്ഷാ സൈനികര്‍ തന്നെ പിന്തുടരുന്നുണ്ടെന്നാണ് അവസാനമായി നിക സുഹൃത്തിന് അയച്ച സന്ദേശം. പിന്നീട് തലസ്ഥാനത്തെ തടവുകേന്ദ്രങ്ങളിലൊന്നില് നികയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടെത്തി. മോര്‍ച്ചറിയില്‍ മൃതദേഹം കാണാനെത്തിയപ്പോള്‍ ഏതാനും നിമിഷം മുഖം മാത്രമാണ് കാണിച്ചതെന്ന് നികയുടെ ബന്ധു അതാഷ് ശകറാമി പറഞ്ഞു.
മൃതദേഹം പടിഞ്ഞാറന്‍ ഇറാനിലെ പിതാവിന്റെ ജന്മനാടായ ഖൊറമാബാദിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച മറവുചെയ്യാനാണ് കുടുംബം തീരുമാനിച്ചതെങ്കിലും ഇറാന് സൈനികര്‍ മൃതദേഹം തട്ടിക്കൊണ്ടുപോയി 40 കി.മീ അകലെയുള്ള ഗ്രാമത്തില്‍ ഖബറടക്കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.