ജനകോടികളുടെ വിശ്വസ്തൻ 

അറ്റ്‌ലസ് രാമചന്ദ്രൻ എന്നത് വെറുമൊരു ബിസിനസുകാരനല്ല. വാണിജ്യ സാമ്രാജ്യം വളർന്ന ഘട്ടത്തിൽ കലാസാഹിത്യ മേഖലകളിലെ അഭിരുചി ഉപേക്ഷിക്കാൻ അദ്ദേഹം തയാറായില്ല. മലയാളം ന്യൂസ് പത്രം ആരംഭ വർഷങ്ങളിൽ വായനക്കാരുടെ കത്തിനും കഥക്കും കവിതക്കും സ്വർണ നാണയങ്ങളും ആയിരക്കണക്കിന് റിയാലുകളും സമ്മാനം നൽകിയത് പോലെ രാമചന്ദ്രനും ചെയ്തിരുന്നു.

 

ജീവിതത്തിൽ ഇതേ വരെ നേരിൽ കണ്ടിട്ടില്ലാത്ത സംരംഭകനാണ് കഴിഞ്ഞ ദിവസം വിട വാങ്ങിയ അറ്റ്‌ലസ് രാമചന്ദ്രൻ. എന്നാൽ ഇരുപത് വർഷത്തിലേറെയായി ഈ വ്യാപാരിയെ മനസ്സിലാക്കാൻ ശ്രമിച്ചു വരികയായിരുന്നു. കന്യക മാഗസിനിൽ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അച്ചടിച്ചു വന്ന ഫീച്ചറിൽ നിന്നാണ് കുവൈത്തിലെ ബാങ്കറായാണ് അദ്ദേഹം പ്രവാസം തുടങ്ങിയതെന്നറിഞ്ഞത്. സ്വർണ ബിസിനസിൽ തുടക്കം കുറിച്ചതുമെല്ലാം അതിലുണ്ടായിരുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന പരസ്യം സ്വന്തമായി പറയുന്നതിനെ കുറിച്ച് ടി.വി അഭിമുഖത്തിൽ വിവരിക്കുന്നത് കേട്ടു. ഏതെങ്കിലും ആർടിസ്റ്റിനെ കൊണ്ട് ചെയ്യിപ്പിക്കുന്നത് പോലെയല്ല. സ്വന്തം ശബ്ദത്തിൽ ഇതു പറയുമ്പോൾ ഗൾഫിലെ വീടുകളിൽ കുടുംബ സദസ്സുകളിലും ഡൈനിംഗ് ടേബിളുകളിലുമെല്ലാം പ്രതികരണം സൃഷ്ടിക്കുന്നു. ഇതോടെ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റിയും ഉയരുകയായി. ആഭരണ കടകളിലെത്തുന്ന കുടുംബങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് താനിത് തിരിച്ചറിഞ്ഞിരുന്നുവെന്ന് രാമചന്ദ്രൻ വിശദമാക്കുകയും ചെയ്തു. 2000 ന്റെ തുടക്കത്തിൽ ഒരു ജ്വല്ലറിക്കാരൻ 'പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്' എന്ന ചെറു പാട്ട് അവരുടെ പരസ്യത്തിനായി നൽകി. ടെലിവിഷൻ ചാനലുകളിൽ ന്യൂസ് ബുള്ളറ്റിന് മുമ്പായിരുന്നു ഇത് സംപ്രേഷണം ചെയ്തിരുന്നത്. ഏറെ വൈകിയില്ല, കല്യാണപ്പെണ്ണിനെ സുന്ദരിയാക്കിയത് അറ്റ്‌ലസ് ജ്വല്ലറിയെന്ന മറുപടി പാട്ടെത്തി. ഈ പരസ്യം ആദ്യത്തേതിന് തൊട്ടു പിറകിൽ വരണമെന്ന് നിർബന്ധം അറ്റ്‌ലസ് ഉടമക്കുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെയായിരിക്കണം ഒരു ബിസിനസ് സംരംഭകൻ. പിൽക്കാലത്ത് അറബിക്കഥ സിനിമ വന്നപ്പോൾ അതിലെ ബാച്ച്‌ലർ റൂമിെല ടോയ്‌ലറ്റിന് മുമ്പിലെ ക്യൂവിൽ നിൽക്കുന്ന കോട്ടിട്ട നമ്പ്യാരെ കണ്ടപ്പോൾ ചിരിയടക്കാനായില്ല. പ്രവാസി റൂം മേറ്റ്‌സ് ഒരുമിച്ച് നൃത്തം ചെയ്യുന്ന തിരികെ ഞാൻ വരുമെന്ന വാർത്ത കേട്ട്... എന്നു തുടങ്ങുന്ന പാട്ടാണെങ്കിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അറുപത് പിന്നിട്ട ഒരാളാണ് പയ്യന്മാർക്കൊപ്പം ഡാൻസ് ചെയ്യുന്നതെന്ന് അനുഭവപ്പെടുന്നതേയില്ല. ഇതാണ് ഒരു മനുഷ്യൻ പ്രസരിപ്പിക്കുന്ന പോസിറ്റിവ് എനർജി. 


അറ്റ്‌ലസ് രാമചന്ദ്രൻ എന്നത് വെറുമൊരു ബിസിനസുകാരനല്ല. വാണിജ്യ സാമ്രാജ്യം വളർന്ന ഘട്ടത്തിൽ കലാ സാഹിത്യ മേഖലകളിലെ അഭിരുചി ഉപേക്ഷിക്കാൻ അദ്ദേഹം തയാറായില്ല. മലയാളം ന്യൂസ് പത്രം ആരംഭ വർഷങ്ങളിൽ വായനക്കാരുടെ കത്തിനും കഥക്കും കവിതക്കും സ്വർണ നാണയങ്ങളും ആയിരക്കണക്കിന് റിയാലുകളും സമ്മാനം നൽകിയത് പോലെ രാമചന്ദ്രനും ചെയ്തിരുന്നു. അറ്റ്‌ലസ് ഗൾഫ് സാഹിത്യ മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നുവെന്ന് വാർത്ത വായിച്ചപ്പോൾ ആദ്യമൊക്കെ കരുതി നാട്ടിലെ ചില തുള്ളി നീലം ബിസിനസുകാർ ചെയ്യുന്നത് പോലെയുള്ള വല്ല ഉഡായിപ്പുമായിരിക്കുമെന്ന്. പണ്ടൊരു തുള്ളി നീലക്കാരൻ കൂപ്പൺ പൂരിപ്പിക്കുന്ന മത്സരം നടത്തി ഫുൾ പേജ് പരസ്യത്തിൽ അമ്പത് രൂപ സമ്മാനിതരായവരുടെ പേര് വിവരങ്ങൾ പബ്ലിഷ് ചെയ്യുമ്പോൾ ഓരോ പ്രദേശത്തും കൂടുതൽ അധിവസിക്കുന്നത് ഇന്നയിന്ന സമുദായക്കാരാണെന്ന് ഉറപ്പ് വരുത്താറുണ്ടായിരുന്നു. ഉദാ-തൃശൂരിലെ കുന്ദംകുളമാണ് വിന്നറുടെ സ്ഥലമെങ്കിൽ ബോളിവുഡ് സിനിമയിൽ സ്ഥിരം നായകനും നായികയും രാഹുലും പൂജയുമാകുന്നത് പോലെ വറീതായിരിക്കും വിന്നർ. എന്നാൽ അറ്റ്‌ലസിന്റേത് അങ്ങനെയൊന്നുമായിരുന്നില്ലെന്ന് നിരീക്ഷിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. ഈ പത്രത്തിന്റെ സർഗവീഥിയിൽ എഴുതിത്തെളിഞ്ഞ് പിൽക്കാലത്ത് മലയാള സാഹിത്യ നഭോമണ്ഡലത്തിൽ താരങ്ങളായി വിരാജിക്കുന്ന ചിലർക്കൊക്കെ കഥയിലും കവിതയിലും അറ്റ്‌ലസ് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നുവെന്നതാണ് ചരിത്രം. 


അറ്റ്‌ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന പരസ്യ വാചകം മലയാളികൾക്ക മറക്കാനാകില്ല. വിൽസ് സിഗരറ്റിന്റെ മെയിഡ് ഫോർ ഈച്ച് അദർ പോലെയോ, ലൈഫ്‌ബോയ് എവിടെയുണ്ടോ അവിടെയാണാരോഗ്യം പോലെയോ, ടിക് 20 മൂട്ടകളെ കൊല്ലുന്നുവെന്ന പഴയകാല പരസ്യവാചകം പോലെയോ മനുഷ്യരെ സ്വാധീനിച്ച ലളിതമായ പരസ്യ വാചകം. ദുബായിൽ എവിടെ ജനകോടി എന്നൊന്നും ചിന്തിച്ച് തല പുണ്ണാക്കാനൊന്നും ആദ്യമായി ഈ പരസ്യം കേൾക്കുമ്പോൾ ആർക്കും തോന്നില്ല. ആ ശബ്ദത്തിനൊപ്പം എം.എം. രാമചന്ദ്രൻ എന്ന അറ്റ്‌ലസ് ഗ്രൂപ്പിന്റെ ചെയർമാന്റെ മുഖം കൂടി ഒപ്പം മനസ്സിലേക്കെത്തും. അതാണ് അറ്റ്‌ലസ് രാമചന്ദ്രൻ എന്ന മനുഷ്യ സ്‌നേഹി ബാക്കിവെച്ചുപോയത്.


ഏറെ നാളായി വാർധക്യ സഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. 
1942 ജൂലൈ 31 ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ബാങ്കിങ് മേഖലയിലേക്കെത്തി. കനറാ ബാങ്കിലും എസ്.ബി.ടിയിലും ജോലി ചെയ്തു. പിന്നീട് നാട്ടിലെ ജോലി രാജിവെച്ച് കുവൈത്തിലേക്ക്. അവിടെയും ബാങ്ക് ജോലി. വർഷങ്ങൾക്ക് ശേഷം ബിസിനസ് രംഗത്തേക്ക്. അറ്റ്‌ലസ് ജൂവലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ ഒട്ടേറെ സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു.
ഇന്ത്യൻ സിനിമ ഒരിക്കലും മറക്കാത്ത മഹത്തായ സിനിമകൾ മലയാളത്തിലൂടെ സംഭാവന ചെയ്ത കലാസ്‌നേഹി കൂടിയാണ് അദ്ദേഹം. 


1988 ൽ ഭരതൻ സംവിധാനം ചെയ്ത 'വൈശാലി' നിർമിച്ചുകൊണ്ടായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. അതോടെ അദ്ദേഹം സിനിമക്കാർക്കിടയിൽ  'വൈശാലി രാമചന്ദ്രൻ' ആയി. 1991 ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ 'വാസ്തുഹാര,' 1991 ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ധനം', 1994 ൽ ഹരികുമാർ -എം.ടി ടീമിന്റെ 'സുകൃതം' എന്ന മമ്മൂട്ടി ചിത്രം എന്നിവയും അദ്ദേഹം പിന്നീട് നിർമിച്ചു. പി. അനിലിന്റെ 'അനന്തവൃത്താന്തം', പത്മരാജന്റെ 'ഇന്നലെ', ഭരതന്റെ 'വെങ്കലം', വേണുവിന്റെ 'ചകോരം' എന്നീ സിനിമകൾ വിതരണം ചെയ്തതും അറ്റ്‌ലസ് രാമചന്ദ്രന്റെ ചന്ദ്രകാന്ത ഫിലിംസ് ആയിരുന്നു. പിന്നീട് 'യൂത്ത് ഫെസ്റ്റിവൽ' ആനന്ദഭൈരവി, അറബിക്കഥ, സുഭദ്രം, മലബാർ വെഡ്ഡിംഗ്, 2 ഹരിഹർ നഗർ, തത്വമസി, ബ്രഹ്മാസ്ത്രം, ബോംബെ മിഠായി, ബാല്യകാല സഖി, ദൈവത്തിന്റെ കൈയൊപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2010 ൽ 'ഹോളിഡേയ്‌സ്' എന്ന ചിത്രം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.


ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയർമാനായിരുന്നു അദ്ദേഹം. 2015 ൽ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിന്റെയും മറ്റു പ്രവാസി സംഘടനകളുടെയും ഇടപെടലോടെയാണ് ജയിൽ മോചിതനായത്. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്. ആയിരത്തിലേറെ ദിവസങ്ങൾ തടവറയിൽ കഴിച്ചു കൂട്ടിയ അദ്ദേഹത്തിന് താനുണ്ടാക്കിയ കോടികളുടെ സ്ഥാപനം തകരുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. കോവിഡെല്ലാം മാറി തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ വിട പറഞ്ഞത്.


ഗൾഫിലെ ജ്വല്ലറികളും ആശുപത്രികളും നടത്തി വരുന്നതിനിടെ നാട്ടിൽ റിയൽ എസ്റ്റേറ്റ്, സ്വർണ വ്യാപാര രംഗത്തും ഒരു കൈ നോക്കിയിരുന്നു. വൻകിട പദ്ധതിയായിരുന്നു ഇത്. ധനസമഹാരണത്തിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ ആശ്രയിച്ചതും വിനയായെന്നും ശ്രുതിയുണ്ട്. കോഴിക്കോട്ടും കൊച്ചിയിലും ജ്വല്ലറി തുടങ്ങുമ്പോൾ ഒരു കമ്പനിയുണ്ടാക്കി രജിസ്റ്റർ ചെയ്തിരുന്നു. ഊഹക്കച്ചവടത്തിൽ കുതിച്ചുയർന്ന ഗ്രൂപ്പ് ക്ഷണ നേരം കൊണ്ട് ചീട്ടു കൊട്ടാരമാവുകയും ചെയ്തു. മലയാളിയെ അങ്ങനെയങ്ങ് മുന്നേറാൻ മാർവാഡിയുണ്ടോ സമ്മതിക്കുന്നു? മുംബൈയിൽ കുതിച്ചുയരുന്നതിനിടെ കാലിടറി വീണ ഈസ്റ്റ് വെസ്റ്റിന്റെ തക്കിയുദ്ദീൻ വാഹിദിനെയും ബ്രിട്ടാനിയ രാജൻ പിള്ളയെയും നമ്മൾ മറക്കുന്നതെങ്ങനെ? 
 

Latest News