Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് സിനിമയുമായി വൂഡി അലൻ

വളർത്തു മകളുടെ ആവർത്തിച്ചുള്ള ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് ഹോളിവുഡിന് അനഭിമതനായ ഓസ്‌കർ ജേതാവായ വിഖ്യാത ചലച്ചിത്രകാരൻ വൂഡി അലൻ ഫ്രഞ്ച് സിനിമയിലേക്ക്. വാസ്പ് 22 എന്ന പേരിലുള്ള ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം പാരീസിൽ തുടങ്ങി. ഇത് 86 കാരന്റെ അമ്പതാമത്തെ ചിത്രമാണ്.
മാച്ച് പോയന്റ് പോലുള്ള ബ്ലാക് കോമഡി ചിത്രമാണ് വാസ്പ് 22 എന്ന് വൂഡി അലൻ പ്രസ്താവനയിൽ പറഞ്ഞു. വലേറി ലെമെർസിയർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഫ്രഞ്ച് താരങ്ങളായ ലൂ ഡി ലാഗെ, മെൽവിൽ പോപോഡ്, നീൽസ് ഷ്‌നീഡർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
വളർത്തുമകൾ ഡൈലാൻ ഫാരോ ഉയർത്തിയെ പീഡന ആരോപണത്തെ തുടർന്ന് ഹോളിവുഡിലെ ഉടഞ്ഞ വിഗ്രഹമായി മാറിയിരിക്കുകയാണ് മാൻഹട്ടനും ആനി ഹാളും പോലുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്ത വൂഡി അലൻ. താൻ കുട്ടിയായിരിക്കുമ്പോൾ വൂഡി അലൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഡൈലാൻ ഫാരോയുടെ ആരോപണം. 
1990 കളിലായിരുന്നു ആദ്യമായി ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച വൂഡി അലൻ, തന്റെ മുൻ പങ്കാളി മിയ ഫാരോയാണ് വളർത്തു മകളെക്കൊണ്ട് ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നതെന്ന് പറഞ്ഞിരുന്നു. ആരോപണത്തെ തുടർന്ന് രണ്ട് തവണ പോലീസ് അന്വേഷണമുണ്ടായെങ്കിലും രണ്ടിലും തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 
എന്നാൽ മീടൂ വെളിപ്പെടുത്തലുകൾ വ്യാപകമായ സമയത്ത് ഡൈൻ ഫാരോ വീണ്ടും ആരോപണമുന്നയിച്ചതോടെ വൂഡി അലനോട് ഹോളിവുഡ് അകലം പാലിച്ചു. ആമസോണുമായുണ്ടായിരുന്ന കരാർ അദ്ദേഹത്തിന് നഷ്ടമായി. 
അദ്ദേഹത്തിന്റെ ഇതിനു മുമ്പുള്ള ചിത്രമായ റിഫ്കിൻ ബോക്‌സോഫീസിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Latest News