Sorry, you need to enable JavaScript to visit this website.

കന്നിയങ്കം ഹിറ്റ്

അഭിനയം കുഞ്ഞികൃഷ്ണന് പുത്തരിയല്ല. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി അരങ്ങിലായിരുന്നു ഈ ഗുരുനാഥന്റെ ജീവിതം. നിരവധി വേദികളിൽ ഒട്ടേറെ ജീവിതങ്ങൾക്ക് ഭാവം പകർന്ന അദ്ദേഹം കാസർകോട്ടെ മനീഷ തിയേറ്റേഴ്‌സിന്റെ തെരുവു നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ജഡ്ജിയെ ആർക്കും മറക്കാനാവില്ല. ഭാവം കൊണ്ടും നോട്ടം കൊണ്ടും നാട്ടുഭാഷ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചിരിക്കുകയാണ് കാസർകോട് തൃക്കരിപ്പൂരിനടുത്ത തടിയൻ കൊവ്വലിലെ പുതിയ പുരയിൽ പി.പി. കുഞ്ഞികൃഷ്ണൻ എന്ന നടൻ. ആദ്യമായാണ് ഇദ്ദേഹം ക്യാമറക്കു മുന്നിലെത്തുന്നത്. എന്നാൽ അതിന്റെ സഭാകമ്പമോ അമിതാവേശമോ ഈ നടനെ തൊട്ടുതീണ്ടിയിട്ടില്ല. ഹൊസ്ദുർഗ് കോടതിയിലെ മജിസ്‌ട്രേറ്റിന്റെ വേഷം ഇദ്ദേഹത്തിന്റെ കൈയിൽ ഭദ്രമായിരുന്നു. ഉദിനൂർ സെൻട്രൽ സ്‌കൂളിലെ റിട്ടയേഡ് ഹിന്ദി അധ്യാപകനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ പടന്ന പഞ്ചായത്തിലെ ഒൻപതാം വാർഡ് മെമ്പർ കൂടിയാണ്. 
അഭിനയം പക്ഷേ കുഞ്ഞികൃഷ്ണന് പുത്തരിയല്ല. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി അരങ്ങിലായിരുന്നു ഈ ഗുരുനാഥന്റെ ജീവിതം. നിരവധി വേദികളിൽ ഒട്ടേറെ ജീവിതങ്ങൾക്ക് ഭാവം പകർന്ന അദ്ദേഹം കാസർകോട്ടെ മനീഷ തിയേറ്റേഴ്‌സിന്റെ തെരുവു നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. ക്ലബ്ബിന്റെ വാർഷികോത്സവങ്ങളിലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബോധവത്കരണ ജാഥകളിലും സാക്ഷരത മിഷന്റെ അക്ഷര കലാജാഥയിലുമെല്ലാം സ്ഥിരസാന്നിധ്യം. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഇദ്ദേഹം സന്തോഷം മറച്ചുവക്കാതെ തന്റെ സിനിമ പ്രവേശത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു.

സിനിമയിലെത്തിയത്?
അധ്യാപനത്തോടൊപ്പം അഭിനയവും ഇഷ്ടപ്പെട്ടിരുന്ന എന്നെ സിനിമയിലെത്തിച്ചത് നാട്ടുകാരും സുഹൃത്തുക്കളുമായ അരുൺ കുമാറും ഉണ്ണിരാജയുമാണ്. സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ട് അപേക്ഷ അയക്കാൻ ഉണ്ണി പറഞ്ഞെങ്കിലും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. സിനിമ എനിക്ക് എത്തിപ്പിടിക്കാനാവാത്ത ഒരു മേഖലയാണെന്ന ചിന്തയായിരുന്നു. പതിനെട്ടു വയസ്സു മുതൽ അരങ്ങിലായിരുന്നു എന്റെ ജീവിതം. ഞാൻ സെക്രട്ടറിയായ മനീഷാ തിയേറ്റേഴ്‌സിന്റെ തെരുവു നാടകങ്ങളിലും എ.കെ.ജി കലാവേദിയുടെ നാടകങ്ങളിലും സ്‌കൂൾ വാർഷിക നാടകങ്ങളിലും മാണിയാട്ട് കോറസ് കലാസമിതിയുടെ എൻ.എൻ. പിള്ള നാടക മത്സരങ്ങളിലുമെല്ലാം വേഷമിട്ടിട്ടുണ്ട്. അപ്പോഴെല്ലാം സിനിമ മനസ്സിലുണ്ടായിരുന്നെങ്കിലും പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ കണ്ട് മാഷേ ഒന്നു ശ്രമിച്ചുനോക്ക് എന്ന് പറഞ്ഞ് ഉണ്ണി പ്രോൽസാഹിപ്പിച്ചെങ്കിലും സിനിമ തനിക്കു വഴങ്ങില്ലെന്ന ചിന്തയിൽ ആ ശ്രമം ഉപേക്ഷിച്ചു. ഒടുവിൽ ഉണ്ണി തന്നെയാണ് എന്റെ ഫോട്ടോ വാങ്ങി അയച്ചത്. എന്റെ നിരവധി നാടകങ്ങൾ കണ്ടിട്ടുള്ള ഉണ്ണിക്ക് എന്നിലെ അഭിനേതാവിനെ അടുത്തറിയാമായിരുന്നു. ഫോട്ടോ കണ്ട് കാസ്റ്റിംഗ് ഡയറക്ടറായ രാജേഷ് മാധവൻ വിളിച്ചു. മൂന്നു ഘട്ടങ്ങളിലായുള്ള ഒഡീഷനിലും മുപ്പതു തവണ റിഹേഴ്‌സലും തുടർന്ന് പത്തു ദിവസത്തെ പ്രീഷൂട്ടിനും ശേഷമാണ് സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. അമ്പത്തിയെട്ടാം വയസ്സിൽ ആദ്യമായി സിനിമയിലെത്തുകയായിരുന്നു.

സിനിമയിലെ മജിസ്‌ട്രേറ്റ് സംസാര വിഷയമാണല്ലോ?
അതിന്റെ ക്രെഡിറ്റ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർക്കാണ്. കാരണം ഈ പ്രായത്തിൽ ഇത്തരമൊരു വേഷം നൽകാനും അത് ഹിറ്റാകാനും അവസരമൊരുക്കിയത് അവരാണ്. അതുകൊണ്ടു തന്നെ ഇതു വലിയ ഭാഗ്യമായാണ് കാണുന്നത്. അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഇത്രയും പ്രാധാന്യമുള്ള വേഷമായിരിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. മജിസ്‌ട്രേട്ടിന്റെ വേഷം എനിക്കായി കരുതിയതായിരുന്നില്ല. യാദൃഛികമായി എന്നിൽ വന്നുചേർന്നതാണ്. സംവിധായകനിൽനിന്നും ഒപ്പമുള്ളവരിൽനിന്നും ലഭിച്ച നിർദേശങ്ങളും പിന്തുണയുമാണ് ഈ വേഷം ഭംഗിയാക്കാൻ സഹായിച്ചത്. സിനിമ പുറത്തിറങ്ങിയതോടെ ആരാധകരുടെ നിരന്തരം ഫോൺ കോളുകളാണ് എത്തുന്നത്. സ്പീക്കർ ഷംസീർ, സാഹിത്യകാരൻ ബെന്യാമിൻ, എം.എൽ.എ ശൈലജ ടീച്ചർ, നടന്മാരായ ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നിവരെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. മാത്രമല്ല, പ്രിയദർശനെയും ലാൽ ജോസിനെയും പോലുള്ള പ്രശസ്ത സംവിധായകർ പോലും വിളിക്കുകയും അഭിനന്ദിക്കുകയും അടുത്ത ചിത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. നാട്ടിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന പരിപാടി.

അരങ്ങിൽ ന്യായാധിപന്റെ വേഷം കെട്ടിയിട്ടുണ്ടോ?
നാടകത്തിൽ ജഡ്ജിയായി വേഷമിട്ടിട്ടില്ല. മാത്രമല്ല, യഥാർഥ ജീവിതത്തിൽ പ്രതിയായോ വാദിയായോ സാക്ഷിയായോ ഇന്നുവരെ കോടതിമുറിയിൽ കയറിയിട്ടുമില്ല. കോടതിമുറി പോലും കണ്ടിട്ടില്ല. ഒരു പഞ്ചായത്ത് അംഗം എന്ന നിലയിൽ നാട്ടുകാരുടെ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ജഡ്ജിയുടെ വേഷം ഭംഗിയാക്കാൻ സാധിച്ചത്. 
അഭിനയ മുഹൂർത്തങ്ങളിൽ പലപ്പോഴും മനസ്സിൽ ചിരി വന്നിട്ടുണ്ട്. അപ്പോഴെല്ലാം നിയന്ത്രിച്ചു നിർത്തുകയായിരുന്നു. കാരണം ഒരു ന്യായാധിപൻ ഒരിക്കലും ചിരിക്കാൻ പാടില്ല. പ്രതിക്കൂട്ടിൽ നിർത്തി മന്ത്രി പ്രേമനെ ശകാരിക്കുന്ന രംഗത്ത് സത്യത്തിൽ കൂടിനിന്നവർക്കൊപ്പം എനിക്കും ചിരിപൊട്ടി. സാങ്കേതിക പ്രവർത്തകർ പോലും പൊട്ടിച്ചിരിക്കുകയായിരുന്നു. ഒടുവിൽ ചിരി ഉള്ളിലടക്കിയാണ് മന്ത്രിയോട് കയർത്തു

സംസാരിക്കുന്നത്.സംവിധായകന്റെയും ചാക്കോച്ചന്റെയും സഹകരണം?
പുതുമുഖമായതിന്റെ യാതൊരു ബുദ്ധിമുട്ടും ലൊക്കേഷനിൽ അനുഭവപ്പെട്ടിരുന്നില്ല. സംവിധായകൻ രതീഷ് ബാലകൃഷ്ണനെ നേരത്തെ പരിചയമുണ്ടായിരുന്നു. കൂടാതെ ചിത്രത്തിൽ അഭിനയിച്ച അഡ്വ. ഷുക്കൂറും ഗംഗാധരനും ശുഭ ടീച്ചറും കുഞ്ഞികൃഷ്ണ പണിക്കരും പ്രകാശനും കൃഷ്ണനുമെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഞങ്ങൾ സഹകരിച്ചിരുന്നത്. 
സംവിധായകനിൽനിന്നും മറ്റു അഭിനേതാക്കളിൽനിന്നും ലഭിച്ച നിർദേശങ്ങളാണ് ഈ കഥാപാത്രത്തെ ഭംഗിയാക്കാൻ സഹായിച്ചത്. സംവിധായകൻ ഒരിക്കലും സമ്മർദത്തിലാക്കിയിട്ടില്ല. കഥയും സന്ദർഭവും വിവരിച്ചുതന്നിട്ട് ഇഷ്ടമുള്ളതു പോലെ ചെയ്യാൻ പറയും. 
ദിവസവും രാവിലെ എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തതിനു ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. സഹസംവിധായകരും ക്യാമറമാൻമാരുമെല്ലാം നല്ല സഹകരണമാണ് നൽകിയത്.
വലിയ നടനായതിനാൽ ചാക്കോച്ചനോട് അകലം പാലിച്ചായിരുന്നു നിന്നത്. എന്നാൽ അദ്ദേഹം ഇങ്ങോട്ടു വന്ന് ഇടപെടുകയായിരുന്നു. തുടക്കക്കാരായ ഞങ്ങളെ ഏറെ കംഫർട്ടബിളാക്കിയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. ഒരുമിച്ചുള്ള സീനിൽ പോലും ഡയലോഗ് തെറ്റിപ്പോയാൽ ഇങ്ങനെ പറഞ്ഞുനോക്ക് മാഷെ, ഇങ്ങനെ ചെയ്തുനോക്ക് എന്നെല്ലാം പറഞ്ഞ് അദ്ദേഹം കൂടെ നിന്നിരുന്നു. ഇത്രയും വലിയ നടനാണെന്നുള്ള ഭാവമില്ലാതെയുള്ള അദ്ദേഹത്തിന്റെ സഹകരണം ഞങ്ങളെ അദ്ഭുതപ്പെടുത്തി. കാസർകോട് ജില്ലയുടെ തെക്കൻ മേഖലയിലെ ഭാഷയാണ് സിനിമയിൽ സംസാരിക്കുന്നത്. എന്റെ നാട് അവിടെയായതിനാൽ ഭാഷയും ബുദ്ധിമുട്ടായില്ല.

നാട്ടുകാരുടെ പ്രതികരണം?
ചിത്രത്തിന്റെ ട്രയലും ടീസറുമെല്ലാം വന്നപ്പോഴാണ് നാട്ടുകാർ പോലും സിനിമയിൽ അഭിനയിച്ച വിവരമറിയുന്നത്. ഷൂട്ടിംഗ് അടുത്ത പ്രദേശത്തായതിനാൽ ദിവസവും പോയിവരികയായിരുന്നു. അവിടെയുള്ള ബന്ധുക്കൾ പോലും അഭിനയിച്ച കാര്യം അറിഞ്ഞിരുന്നില്ല.

പുതിയ ചിത്രങ്ങൾ?
പ്രിയദർശൻ, സുധീഷ് ഗോപിനാഥ് എന്നിവരുടെ ചിത്രങ്ങളിലേക്കാണ് ക്ഷണമെത്തിയിരിക്കുന്നത്. കൂടാതെ നിരവധി നവാഗത സംവിധായകരും വിളിക്കുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല. കുറച്ച് സെലക്ടീവായി അഭിനയിക്കാം എന്നാണ് കരുതുന്നത്. പഞ്ചായത്ത് അംഗമെന്ന നിലയിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. അതിനിടയിൽ അഭിനയം എത്രത്തോളം സാധ്യമാകുമെന്നും പറയാനാവില്ല.

കുടുംബം?
തടിയൻകൊവ്വൽ സ്‌കൂളിലെ അധ്യാപികയായ സരസ്വതിയാണ് ഭാര്യ. മൂത്ത മകൻ സാരംഗ് മർച്ചന്റ് നേവിയിലാണ്. രണ്ടാമത്തെ മകൻ ആസാദ് ചെന്നൈയിൽ മറൈൻ എൻജിനീയറിംഗ് വിദ്യാർഥി. കലാപ്രവർത്തനങ്ങളിൽ തൽപരരായ ഇവരുടെ പിന്തുണയാണ് എന്റെ കരുത്ത്.

Latest News